വാടകയ്ക്കു താമസിക്കാൻ പണമില്ല; യുവാവ് ജീവിച്ചത് 16 വർഷം ഗുഹയിൽ..!
Friday, March 10, 2023 12:17 PM IST
പടിഞ്ഞാറൻ അമേരിക്കയിൽ യൂട്ടയിലെ മോവാബിലുള്ള സ്യൂലോ എന്നറിയപ്പെടുന്ന ഡാനിയൽ ഷെല്ലാബർഗർ എന്ന യുവാവിന്‍റെ ജീവിതം വിചിത്ര സംഭവങ്ങൾ നിറഞ്ഞതാണ്. ആരും പെട്ടെന്നു വിശ്വസിക്കുന്നതല്ല ഡാനിയലിന്‍റെ ജീവിതം.
വീടിനു വാടക കൊടുക്കാൻ നിർവാഹമില്ലാതെ വന്നപ്പോൾ അദ്ദേഹം തന്‍റെ താമസസ്ഥലം മാറ്റി. ഹോസ്റ്റലിലേക്കോ, വാടക കുറവുള്ള മറ്റൊരിടത്തേക്കോ അല്ല ഡാനിയൽ മാറിയത്. ഒരു ഗുഹയിലായിരുന്നു ഡാനിയലിന്‍റെ പിന്നീടുള്ള താമസം. 16 വർഷമാണ് മോവാബിലുള്ള ഗുഹയിൽ അയാൾ താമസിച്ചത്. ഗുഹയിൽ താമസം ആരംഭിച്ച കാലം മുതൽ പണം അദ്ദേഹം ഉപയോഗിച്ചതുമില്ല.

പുരാതനകാല മനുഷ്യരെപ്പോലെയാണ് ഡാനിയൽ ജീവിച്ചത്. വഴിയരികിൽനിന്നും മറ്റിടങ്ങളിൽനിന്നും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും മാത്രമാണ് ഡാനിയൽ കഴിച്ചിരുന്നത്. വ്യത്യസ്ത ചിന്താഗതിക്കാരനായ ഡാനിയൽ 1990ന്‍റെ മധ്യം മുതൽ ഇടയ്ക്കിടെ ഗുഹകളിൽ താമസിക്കുമായിരുന്നു. 2000തുടക്കത്തിലാണ് ഡാനിയൽ സ്ഥിരമായി ഗുഹയിലേക്കു താമസം മാറ്റുന്നത്.
പണം കൈവശമുണ്ടായിരുന്ന കാലത്തേക്കാൾ സമാധാനമായി ഒരു ചില്ലിക്കാശുപോലും കൈയിലില്ലാതിരുന്ന കാലത്ത് താൻ ഗുഹയിൽ സുഖമായി ഉറങ്ങിയെന്ന് ഡാനിയൽ പറയുന്നു. അപ്പോഴാണ് യഥാർഥ സ്വാതന്ത്ര്യം എന്താണെന്നു മനസിലാക്കിയതെന്നും ഡാനിയൽ.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട സാഹചര്യം വന്നപ്പോഴാണ് ഡാനിയൽ ഗുഹാജീവിതം മതിയാക്കുന്നതും സാധാരണ ജീവിതത്തിലേക്കു തിരികെപോരുന്നതും.
"ഒൺലി ഹ്യുമൻ' എന്ന യൂട്യൂബ് ചാനലിൽ ഡോക്യുമെന്‍ററിയായി ഡാനിയലിന്‍റെ ജീവിതം അവതരിപ്പിക്കപ്പെട്ടതോടെയാണ് ലോകം അദ്ദേഹത്തെക്കുറിച്ച് അറിയുന്നത്. ചില പ്രധാനപ്പെട്ട മാഗസിനുകൾ കവർ സ്റ്റോറിയായും അദ്ദേഹത്തിന്‍റെ ജീവിതം അടയാളപ്പെടുത്തിയിട്ടുണ്ട്.