ആദ്യ നീന്തല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍, പല്ല് വന്നത് നോര്‍വേയില്‍; 23 രാജ്യങ്ങളില്‍ ഓടിക്കളിച്ച "അറ്റ്‌ലസ് കുഞ്ഞുവാവ'
വെബ് ഡെസ്ക്
Thursday, September 7, 2023 11:54 AM IST
ഗ്രീക്ക് പുരാണപ്രകാരം ഭൂമിയെ താങ്ങി നിറുത്തുന്ന ദേവന്‍റെ പേര് അറ്റ്‌ലസ് എന്നാണ് ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. എന്നാല്‍ ഭൂമിയെന്ന ഈ പറുദീസയില്‍ ജനിച്ച് ഒരു വയസ് തികയും മുന്‍പ് 23 രാജ്യങ്ങള്‍ സന്ദര്‍ശിച്ച അറ്റ്‌ലസ് എന്ന കുഞ്ഞുവാവ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ തരംഗമായിരിക്കുകയാണ്.
വളര്‍ച്ചയുടെ പ്രധാന നാളുകളില്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അപൂര്‍വം വ്യക്തികളിലൊരാളായിരിക്കും അറ്റ്‌ലസ് എന്നുറപ്പ്. ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഇത്രയധികം രാജ്യങ്ങളില്‍ സന്ദര്‍ശിച്ച മറ്റൊരാളില്ലെന്ന് നെറ്റിസണ്‍സും ചൂണ്ടിക്കാട്ടുന്നു.
അറ്റ്‌ലസ് ആദ്യം നീന്തിയത് സ്വിറ്റ്‌സര്‍ലന്‍ഡിലാണെങ്കില്‍ പല്ലു വന്നത് നോര്‍വേയില്‍ വച്ചാണ്. അങ്ങനെ തേന്‍കട്ട പോലെ മധുരമുള്ള നിമിഷങ്ങള്‍ കുഞ്ഞിന് വേണ്ടി ഒരുക്കിയ മാതാപിതാക്കള്‍ക്ക് സമൂഹ മാധ്യമത്തില്‍ അഭിനന്ദന പ്രവാഹമാണ്.
ബ്രിട്ടീഷുകാരായ ബെക്‌സ് ലൂയിസിന്‍റെയും വില്‍ മോണ്ടെഗോമറിയും മകനാണ് അറ്റ്‌ലസ്. കുഞ്ഞിന് ആറാഴ്ച പ്രായമുള്ളപ്പോള്‍ ഇവര്‍ യാത്ര നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ മാസം വരെ പ്രസവാവധി നീട്ടി ലഭിച്ചതിനാലാണ് ഇവര്‍ ഇങ്ങനെ വ്യത്യസ്തമായ ഒരു തീരുമാനത്തിലെത്തിയത്.
യാത്രയുടെ ഓരോ ഘട്ടങ്ങളിലുമുള്ള ചിത്രങ്ങളും വീഡിയോയും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നോര്‍വേയില്‍ വച്ച് അറ്റ്‌ലസിന് ആദ്യം പല്ലു മുളച്ചു. ഫ്രാന്‍സില്‍ വച്ചാണ് കട്ടിയുള്ള ആഹാരം കുഞ്ഞ് കഴിച്ചു തുടങ്ങിയത്. ഡെന്മാര്‍ക്ക്, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി തുടങ്ങി 23 രാജ്യങ്ങളിലൂടെ ഇവര്‍ സഞ്ചരിച്ചു. ഇപ്പോഴും യാത്ര പൂര്‍ത്തിയായിട്ടില്ല.
കുറഞ്ഞത് 25 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇക്കുറിയുള്ള ട്രിപ്പ് അവസാനിപ്പിക്കണമെന്നാണ് ഈ ദമ്പതികളുടെ ആഗ്രഹം. ഇത്രയധികം യാത്രകള്‍ ചെയ്‌തെങ്കിലും ഇവര്‍ വലിയ ധനികരാണെന്നും കരുതണ്ട. യാത്ര ചെയ്യുന്നതിന് ഇവരുടെ ആസ്തിയുടെ നല്ലൊരു ഭാഗവും വിറ്റിരുന്നു.
ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം വെറും നാലു ഡോളര്‍ (ഏകദേശം 332 രൂപ) മാത്രമാണ് ചെലവഴിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി. വീട് വാടകയ്ക്ക് കൊടുത്ത് വരുമാനമുറപ്പിച്ച ശേഷമാണ് യാത്ര ആരംഭിച്ചത്. ഭാവിയില്‍ ഈ യാത്രയുടെ ചിത്രങ്ങളും വീഡിയോയും വഴി അറ്റ്‌ലസ് ഈ സുവര്‍ണ ദിനങ്ങളെ പറ്റി മനസിലാക്കുമെന്ന ത്രില്ലിലാണ് ഈ ദമ്പതികള്‍.