ഒരായിരം ജീവനുകള്‍ രക്ഷിച്ച ചുവന്ന ഷര്‍ട്ട്; അഭിനന്ദനമേറ്റുവാങ്ങി മുര്സലിന്
Thursday, September 28, 2023 3:51 PM IST
അങ്ങ് കാണാദൂരത്തോളം നീണ്ടുകിടക്കുന്ന പാളങ്ങളും അതിലൂടെ കൂകിപാഞ്ഞുപോകുന്ന തീവണ്ടിയും ഏറെ അദ്ഭുതമുളവാക്കുന്ന ഒന്നാണല്ലൊ. ഒരിക്കലെങ്കിലും ഈ വാഹനത്തില്‍ ഒന്നു സഞ്ചരിക്കാത്തവര്‍ നന്നേ കുറവാണ്.
അത്ര ഉല്ലാസം നല്കുന്ന ഈ യാത്ര പൊതുവേ സുരക്ഷിതമാണ്. എങ്കിലും നിരവധി ട്രെയിന്‍ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മിക്കപ്പോഴും പാളത്തിന് സംഭവിക്കുന്ന വിള്ളലൊ മറ്റ് പ്രശ്നങ്ങളൊ ആകാം ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍.
ഇപ്പോഴിതാ ഒരു പന്ത്രണ്ടുവയസുകാരന്റെ സമയോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കിയ കാര്യമാണ് സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നത്. സംഭവം അങ്ങ് പശ്ചിമ ബംഗാളിലാണ്.
മാള്‍ഡയിലുള്ള അതിഥി തൊഴിലാളിയായ മുഹമ്മദ് ഇസ്മായിലിന്റേയും ബീഡി തൊഴിലാളിയായ മര്‍ജിന ബീബിയുടെയും മകനാണ് മുര്സലിന് സെയ്ഖ്. ആറാം ക്ലാസ് വിദ്യാര്‍ഥിയായ മുര്സലിന് കഴിഞ്ഞ വ്യാഴാഴ്ച ഭാലൂക്ക റോഡ് യാര്‍ഡിന് സമീപം പോയിരുന്നു.
അപ്പോഴാണ് മഴ നിമിത്തം പാളത്തിനടിയിലെ ധാരാളം മണ്ണ് ഒലിച്ചുപോയത് കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിന്‍ കടന്നുപോയാല്‍ അപകടമുണ്ടാകുമെന്ന് ഉറപ്പുള്ള സാഹചര്യമായിരുന്നു. ഈ സമയംസീല്ദായില് നിന്ന് സില്‍ച്ചാറിലേക്കുള്ള കാഞ്ചന്‍ജംഗ എക്സ്പ്രസ് അവിടേയ്ക്ക് കടന്നുവരികയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരെ കുട്ടി കാര്യം ധരിപ്പിച്ചു. എന്നാല്‍ ട്രെയിന്‍ ഏകദേശം അടുത്തെത്തിയിരുന്നു. സമയം ഒട്ടുംതന്നെ കളയാതെ മുര്സലിന് മുന്നോട്ട് ഓടുകയും തന്റെ ചുവന്ന ഷര്‍ട്ട് ഊരി ട്രെയിന്‍ ലോക്കോ പൈലറ്റിനെ വീശിക്കാണിക്കുകയും ചെയ്തു.
അപകടം മനസിലാക്കിയ അദ്ദേഹം ട്രെയിന്‍ നിര്‍ത്തി. ഫലത്തില്‍ ട്രെയിനിൽ ഉണ്ടായിരുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവന് ഈ കുട്ടി രക്ഷിച്ചു.
എന്‍എഫ് റെയില്‍വേ അധികൃതര്‍ ഈ കുട്ടിക്ക് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും നല്കി ആദരിച്ചു. മാള്‍ഡ നോര്‍ത്ത് എംപി ഖാഗന്‍ മുര്‍മു, കതിഹാര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സുരേന്ദ്ര കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തി പ്രതിഫലം നല്‍കുകയും അവന്റെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു.
അപകടം മുന്നില്‍ കണ്ടപ്പോള്‍ പതറാതെ തനിക്ക് ലഭിച്ച അറിവ് കൃത്യമായി വിനിയോഗിച്ച് നിരവധി ജീവന് രക്ഷിച്ച മുര്‍സലിന്റെ ധീരപ്രവര്‍ത്തിയെ മാധ്യമങ്ങളും നെറ്റിസണും വാഴ്ത്തുകയാണിപ്പോള്‍...