താന്‍ റോക്കറ്റില്‍ എത്തുമെന്ന് "ബഹിരാകാശ കാമുകന്‍’; 65കാരിക്ക് നഷ്ടമായത് കാൽകോടിയോളം രൂപ
Wednesday, October 12, 2022 1:55 PM IST
ദിവസേന നിരവധി തട്ടിപ്പിന്‍റെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ടല്ലൊ. ചില കാര്യങ്ങളൊക്കെ എങ്ങനെ ആളുകള്‍ വിശ്വസിച്ചു എന്നത് നമ്മളെ അതിശയിപ്പിക്കാറുണ്ട്. എന്തുതന്നെയായാലും ആളുകള്‍ യുക്തിപരമായി ചിന്തിക്കാത്തിടത്തോളം പറ്റിക്കപ്പെടുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും.

അടുത്തിടെ ജപ്പാനില്‍ സംഭവിച്ച ഒരു പറ്റിക്കല്‍ കാര്യം മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വലിയ വാര്‍ത്ത ആയിരുന്നു. ജപ്പാനിലെ ഷിഗ പ്രവിശ്യയില്‍ താമസിക്കുന്ന 65 കാരിയായ ഒരു സ്ത്രീയ്ക്ക് നഷ്ടമായത് 24.8 ലക്ഷം രൂപയായിരുന്നു.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒരാള്‍ താനൊരു റഷ്യന്‍ ബഹിരാകാശ യാത്രികനാണെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. താന്‍ സ്പേസ് സ്റ്റേഷനിലാണ് താമസിക്കുന്നതെന്നും ഭൂമിയിലേക്ക് വരാന്‍ കൊതിയാകുകയാണെന്നും ഈ യുവാവ് ആ സ്ത്രീയോട് പറഞ്ഞു.

ബഹിരാകാശത്തെ നിരവധി ഫോട്ടോകള്‍ യുവാവിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെ സ്ത്രീ ഇയാളുടെ കഥ വിശ്വസിക്കുകയും ചെയ്തു.

നാല് മാസത്തോളം പരസ്പരം ചാറ്റുചെയ്തപ്പോള്‍ സ്ത്രീ യുവാവുമായി പ്രണയത്തിലായി. താനും അവരുമായി പ്രണയത്തിലാണെന്ന് യുവാവ് സ്ത്രീയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തനിക്ക് ഭൂമിയിലേക്ക് മടങ്ങിവരണമെന്നും അവരെ വിവാഹം കഴിക്കണമെന്നും അയാള്‍ അവരോട് പറഞ്ഞു.

തനിക്ക് ജപ്പാനിലേക്ക് എത്താനുള്ള റോക്കറ്റിനായി ലാന്‍ഡിംഗ് ഫീസ് ഏകദേശം 4.4 യെന്‍ (24.8 ലക്ഷത്തോളം) ആകുമെന്ന് യുവാവ് സ്ത്രീയെ ധരിപ്പിച്ചു.

പ്രേമത്തിന് കണ്ണും മൂക്കുമൊന്നും ഇല്ലെന്നാണല്ലൊ. ഏതായാലും ഇവര്‍ ഇയാള്‍ ആവശ്യപ്പെട്ട തുക മുഴുവന്‍ നല്‍കി. ഓഗസ്റ്റ് 19നും സെപ്റ്റംബര്‍ അഞ്ചിനും ഇടയില്‍ കാമുകന്‍ വരുന്നതും കാത്ത് ആ സ്ത്രീ ഇരുന്നെങ്കിലും അതുണ്ടായില്ല.

മാത്രമല്ല വൈകാതെ ഇയാള്‍ ഈ സ്ത്രീയോട് കൂടുതല്‍ പൈസ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ യുവതി ഇപ്പോൾ പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ്.

ഏതായാലും ഈ അപൂര്‍വ പ്രേമത്തിന്‍റെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. നിരവധിയാളുകള്‍ വ്യത്യസ്ത കോണുകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.