പൊന്നുപോലെ വളർത്തിയ വാഴക്കുല മോഷണംപോയി; അന്വേഷിച്ച് തിരിച്ചുപിടിച്ച് അൽഫോൻസ് പുത്രന്‍റെ പിതാവ്
നട്ടു നനച്ച് വളര്‍ത്തിയ ഫലം മോഷണം പോയാല്‍ ആര്‍ക്കെങ്കിലും സഹിക്കാന്‍ കഴിയുമോ. അത്തരത്തിലൊരനുഭവമാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും പിതാവ് പുത്രന്‍ പോളിനും സംഭവിച്ചത്. വെട്ടാന്‍ പാകമായിട്ടും അല്‍പ്പംകൂടി മൂക്കട്ടെ എന്നു കരുതി കാത്തുവച്ചിരുന്ന പഴക്കുല ആരോ കട്ടോണ്ടുപോയി. മോഷണം പോയ കുലയ്ക്കു പകരം അത്തരത്തിലുള്ള എത്ര കുല വേണണെങ്കിലും സ്വന്തമാക്കാന്‍ പ്രാപ്തിയുള്ള പുത്രന്‍ പോള്‍ പക്ഷേ സ്വന്തം അധ്വാനത്തില്‍ കായ്ച്ച പഴക്കുല അങ്ങനങ്ങ് വിട്ടുകൊടുക്കാന്‍ തയാറായില്ല. നഗരത്തിലെ പഴക്കടകളില്‍ കയറിയിറങ്ങി വാഴക്കുലകൾ പരിശോധിച്ചു.

കടക്കാര്‍ പുകയത്ത് വയ്ച്ച കുലകള്‍ പോലും അടപ്പ് പൊക്കി നോക്കി. ഒടുവില്‍ ഒരു കടയില്‍ പുകയത്ത് വച്ചിരുന്ന തന്‍റെ വാഴക്കുല പുക അദ്ദേഹം തിരിച്ചറിഞ്ഞു. 900 രൂപയോളം വിലവരുന്ന പൂവന്‍കുല 450 രൂപയ്ക്കാണ് മോഷ്ടാക്കള്‍ വിറ്റത്. 30 കിലോഗ്രാമായിരുന്നു തൂക്കം. സ്വന്തം വാഴക്കുലയോടുള്ള പുത്രന്‍റെ സ്നേഹം കണ്ട് അദ്ഭുതപ്പെട്ട കടക്കാരന്‍ കാശ് വാങ്ങാതെ കുല തിരികെനല്‍കുകയും ചെയ്തു.

അല്‍ഫോന്‍സും കുടുംബാംഗങ്ങളും ചേര്‍ന്നു വീടിനു ചുറ്റുമുള്ള സ്ഥലത്തു ജൈവവാഴക്കൃഷി നടത്തുന്നുണ്ട്. വില്‍ക്കാനല്ല. സ്വന്തം ആവശ്യത്തിന്. എന്തായാലും കുലകള്‍ കൊണ്ടുപോയ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊണ്ടിമുതൽ തിരിച്ചുകിട്ടിയ സ്ഥിതിക്ക് പോലീസില്‍ പരാതി കൊടുക്കേണ്ടെന്നാണ് പുത്രന്‍റെ പക്ഷം. അല്‍ഫോന്‍സ് സിനിമാതിരക്കുകളുമായി ചെന്നൈയിലായതിനാല്‍ പിതാവ് പുത്രന്‍ ഒറ്റയ്ക്കാണ് പഴക്കുല തേടിയിറങ്ങിയതും കണ്ടെത്തിയതും.

സംവിധായകനായ മകന്‍റെ മുന്നിൽ‌ അച്ഛൻ ‍റിയൽ ഹീറോയായതോടെ അദ്ദേഹത്തെ പുകഴ്ത്തി അൽഫോൻസ് ഫേസ്ബുക്കിലെത്തുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...