സീമ റാവു: ഇന്ത്യൻ സൈന്യത്തിലെ പെൺപുലി
അതിർത്തി കാക്കുന്ന സൈനികരെക്കുറിച്ച് ജീവിച്ചിരിക്കുമ്പോൾ ആരുംതന്നെ ഓർക്കാറില്ല. ധീരനായി പോരാടി രാജ്യത്തിനുവേണ്ടി മരിക്കുമ്പോൾ ദേശസ്നേഹത്തോടെ അവരെ സ്മരിക്കാറുണ്ട്. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കുന്ന അത്തരം ധീരസൈനികരുടെ ജീവിതം പലർക്കും മുന്നോട്ടുള്ള ജീവിതത്തിനു പ്രചോദനമാകാറുണ്ടെങ്കിലും കാലക്രമേണ അവർ വിസ്മൃതിയിലേക്കാണ്ടുപോകും.
രാജ്യം കാക്കുന്ന കമാൻഡോകൾക്ക് പരിശീലനം നല്കുന്ന ഒരു വനിതയുണ്ട്, സീമ റാവു. രാജ്യത്തെ ഒരേയൊരു വനിതാ കമാൻഡോ ട്രെയിനറാണ് അവർ. സ്ത്രീ അബലയാണെന്നു പറഞ്ഞ് അവരുടെ കഴിവുകളും ആഗ്രഹങ്ങളും അടിച്ചമർത്തുന്നവരുടെ സമൂഹത്തിൽ സ്ത്രീകൾക്ക് മാതൃകയാണിവൾ. കമാൻഡോ ട്രെയിനർ മാത്രമല്ല ആഗ്രഹിച്ചതൊക്കെ വെട്ടിപ്പിടിച്ച സീമയുടെ പേരിൽ അംഗീകാരങ്ങളുടെ പെരുമഴയാണുള്ളത്.

ജീത് കുനെ ദോ എന്ന ആയോധന കലയിൽ മാസ്റ്ററായ ലോകത്തിൽ അപൂർവം ചിലരിലൊരാളാണ് സീമ. 1967ൽ ബ്രൂസ് ലീ വികസിപ്പിച്ചെടുത്ത ആയോധന കലാരൂപമാണിത്. ഈ കല പഠിപ്പിക്കാനുള്ള ഔദ്യോഗിക അംഗീകാരവും സീമയ്ക്കുണ്ട്.

വൈദ്യശാസ്ത്ര ബിരുദത്തിനൊപ്പം ക്രൈസിസ് മാനേജ്മെന്റിൽ എംബിഎയും നേടിയിട്ടുണ്ട്. എഴുത്തുകാരി എന്ന നിലയിലും സീമ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളുടെ സഹഗ്രന്ഥകാരികൂടിയാണ്. ആയോധനകലകളുടെ പരിശീലനത്തെക്കുറിച്ചും ലോകത്തെ ഭീകരതകളെക്കുറിച്ചുമൊക്കെയാണ് സീമയുടെ പുസ്തകങ്ങൾ. ഇത്തരത്തിലുള്ളവയിൽ ഇന്ത്യയിൽനിന്നുള്ള ആദ്യ പുസ്തകവുമാണിത്. എഫ്ബിഐ, ഇന്റർപോൾ, യുഎൻ എന്നിവയുടെ ഗ്രന്ഥശാലയിൽ പ്രമുഖ സ്‌ഥാനവും സീമയുടെ പുസ്തകങ്ങൾക്കുണ്ട്.

ലോക സമാധാന കോൺഗ്രസിന്റെ ലോക സമാധാന പുരസ്കാരം, രാജ്യത്തിനു നല്കിയ സേവനത്തിന് മലേഷ്യൻ സർക്കാരിന്റെ പുരസ്കാരം, അമേരിക്കൻ പ്രസിഡന്റിന്റെ വോളന്റിയർ സർവീസ് അവാർഡ്, ഇന്ത്യൻ സർക്കാരിന്റെ നിരവധി അംഗീകാരങ്ങൾ എന്നിവ സീമയ്ക്കു ലഭിച്ചിട്ടുണ്ട്.

ഇതുകൂടാതെ ഇന്ത്യൻ ആയോധനകലകളെ ആസ്പദമാക്കി ഇറങ്ങിയ ഹാഥാപായ് എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഒരു പോരാളിയുടെ വേഷമായിരുന്നു ചിത്രത്തിൽ സീമയ്ക്ക് ലഭിച്ചത്. ജീത് കുനെ ദോ എന്ന ആയോധനകലയെ ആസ്പദമാക്കിയുള്ള ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു ഹാഥാപായ്. സാമ്പത്തികപരമായി പിന്നോക്കാവസ്‌ഥയിലാണെങ്കിലും ആയോധകലകൾ പരിശീലിപ്പിക്കുന്നതിന് യാതൊരുവിധത്തിലുമുള്ള ഫീസ് സീമയും ഭർത്താവും ഈടാക്കുന്നില്ല. അധ്യാപനത്തിന്റെ ഭാഗമായി നിരവധി യാത്രകൾ ചെയ്യേണ്ടിവരുന്നുണ്ട്. അത്തരമൊരു യാത്രയിൽ സ്വന്തം പിതാവിന്റെ സംസ്കാരച്ചടങ്ങുകളിൽപ്പോലും പങ്കെടുക്കാൻ സീമയ്ക്കു കഴിഞ്ഞില്ല. പ്രക്ഷോഭകരുടെ ആക്രമണത്തിൽ സാരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും തന്റെ കർത്തവ്യബോധത്തെ അടിയറവു വയ്ക്കാൻ സീമ തയാറായിരുന്നില്ല. ഒരിക്കൽ ആക്രമണത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റു, ഓർമശക്‌തി ഭാഗികമായി നശിച്ചു. എങ്കിലും സീമ തിരിച്ചുവന്നു.

എല്ലാ വെല്ലുവിളികളും തരണം ചെയ്ത് സീമ ഇന്നും മുന്നോട്ടുപോവുകയാണ്, പുരുഷമേധാവിത്തമുള്ള കമാൻഡോ ട്രെയിനിംഗ് മേഖലയിലെ ഒരു പെൺപുലിയായി...

<ശാഴ െൃര=/ഢശൃമഹ/കാമഴലെ/ടലലാമബൃമീ02.ഷുഴ മഹശഴി=ഹലളേ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.