ഖനിത്തൊഴിൽ, പട്ടിണി... മെഡലില്ലാത്ത ഉത്തരകൊറിയൻ കായികതാരങ്ങളെ കാത്തിരിക്കുന്നത് കൊടുംശിക്ഷ
Friday, August 26, 2016 2:38 AM IST
നൂറിലേറെ കായികതാരങ്ങളുമായാണ് ഇന്ത്യ റിയോയിലേക്കു പുറപ്പെട്ടത്. എന്നാൽ അവരിൽ രണ്ടു പേർക്കു മാത്രമേ മെഡൽ കണ്ടെത്താനായുള്ളൂ. വിജയശ്രീലാളിതരായി എത്തിയവരെ രാജ്യം വലിയ ആവേശപൂർവം സ്വീകരിച്ചു. അതേസമയം, പരാജിതരായി മടങ്ങിയെത്തിയവർക്ക് തങ്ങളുടെ പ്രകടനം കൂടുതൽ മികച്ചതാക്കാൻ പ്രോത്സാഹനം നല്കുകയാണ് നമ്മുടെ രാജ്യം ചെയ്തത്. ഇത് ഇന്ത്യയിലെ കഥ. എന്നാൽ എല്ലായിടത്തും ഇങ്ങനെയാണെന്നു കരുതരുത്. പ്രത്യേകിച്ചും ഉത്തരകൊറിയയിൽ. അവിടെ മെഡൽ കിട്ടാതെ തിരിച്ചുചെന്നവരെ കാത്തിരിക്കുന്നത് കഠിനശിക്ഷയാണ്. റിയോയിൽ നിരാശപ്പെടുത്തിയ കായികതാരങ്ങളെ കൽക്കരിഖനികളിൽ ജോലിക്ക് അയയ്ക്കാനാണ് ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ കൽപന.

മിനിമം 17 മെഡലെങ്കിലും കൊണ്ടേ വരാവൂ എന്നാണ് റിയോയിലേക്ക് പോകാനൊരുങ്ങിയ കായികതാരങ്ങൾക്ക് ഏകാധിപതി നല്കിയ കൽപന. അഞ്ചു സ്വർണമെഡലിൽ കുറയാതെ കൊണ്ടുവരുമെന്ന് ഒളിമ്പിക് ഒഫീഷ്യൽ യുൻ യോംഗ് ബോക് പറയുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ചതിലും വളരെ നിരാശാജനകമായ പ്രകടനമാണ് രാജ്യം കാഴ്ചവച്ചത്. രണ്ടു സ്വർണമടക്കം ഏഴു മെഡലുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ നാലായിരുന്നു സ്വർണം. വനിതകളുടെ ഭാരോദ്വഹനത്തിലും പുരുഷന്മാരുടെ ജിംനാസ്റ്റിക്സ് വോൾട്ടിലുമാണ് ഉത്തരകൊറിയയുടെ സ്വർണനേട്ടം. അതേസമയം, കിമ്മിന്റെ പ്രധാന എതിരാളികളായ ദക്ഷിണകൊറിയ ഒമ്പതു സ്വർണമടക്കം 21 മെഡലുകളുമായാണ് നാട്ടിലെത്തിയത്.

മെഡൽ ലഭിച്ചവർക്ക് രാജകീയ സ്വീകരണവും വൻ ആനുകൂല്യങ്ങളുമാണ് കിം നല്കിയത്. പുതിയ പാർപ്പിടസൗകര്യങ്ങൾ, കാർ, കൂടുതൽ റേഷൻ തുടങ്ങി നിരവധി സമ്മാനങ്ങൾ. എന്നാൽ വെറുംകൈയോടെ മടങ്ങിയവരുടെ കാര്യത്തിൽ അദ്ദേഹം നല്ല ദേഷ്യത്തിലാണ്. ഖനികളിലേക്ക് അയയ്ക്കുന്നതു കൂടാതെ അവരുടെ താമസസൗകര്യങ്ങൾ കുറയ്ക്കുക, റേഷൻ കാർഡ് റദ്ദ് ചെയ്യുക എന്നിങ്ങനെയുള്ള പ്രതികാര നടപടികളും കിം തീരുമാനിച്ചിട്ടുണ്ട്. ഉത്തരകൊറിയയിൽ സർക്കാരിന്റെ റേഷൻ കടകൾ വഴി മാത്രമേ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുകയുള്ളൂ എന്നതിനാൽ ഈ നടപടി കായികതാരങ്ങളെ പട്ടിണിക്കിടുന്നതിനു തുല്യമാണ്. കായികതാരങ്ങളുടെ ബന്ധുക്കൾക്കും ചിലപ്പോൾ കൽക്കരി ഖനിയിൽ ജോലി ചെയ്യേണ്ടിവരും.

നേരത്തെ, 2010 ഫുട്ബോൾ ലോകകപ്പിൽ പോർച്ചുഗലിനോട് ഏകപക്ഷീയമായ ഏഴു ഗോളിനു തോറ്റ ഉത്തരകൊറിയൻ ടീമംഗങ്ങളെ മുഴുവൻ കൽക്കരി ഖനികളിലേക്ക് അയച്ചിരുന്നു. ഇത്തരത്തിൽ ഖനികളിൽ ജോലി ചെയ്യുന്നവർക്ക് ഒന്നോ രണ്ടോ വർഷങ്ങൾക്കു ശേഷം മാത്രമാണ് വീട്ടുകാരെ പോലും കാണാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.