ഓര്‍ഡര്‍ ചെയ്തത് ഐ ഫോണ്‍ 13; ലഭിച്ചത് കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ
Friday, October 7, 2022 9:45 AM IST
നമ്മുടെ നാട്ടില്‍ ലോട്ടറിയടിക്കുക എന്നൊരു പ്രയോഗമുണ്ടല്ലൊ. കാത്തിരുന്നതിനേക്കാള്‍ മികച്ചയൊന്ന് അപ്രതീക്ഷിതമായി ലഭിക്കുന്നതിനാണല്ലൊ അങ്ങനെ പറയുക. അത്തരത്തിലൊരു ഭാഗ്യത്തിന്‍റെ കാര്യമാണ് ട്വിറ്റര്‍ ഉപയോക്താവ് അശ്വിന്‍ ഹെഗ്ഡെ പങ്കുവച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകളില്‍ ഇത് ഓഫറുകളുടെ കാലമാണല്ലൊ. ഡിസ്കൗണ്ടുകളിലൂടെയും മറ്റും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബ്രാന്‍ഡുകള്‍ തമ്മില്‍ കടുത്ത മത്സരവുമുണ്ടല്ലൊ.

അതിനാല്‍തന്നെ ഉപഭോക്താക്കള്‍ പേരുകേട്ട ഉത്പന്നങ്ങള്‍ ഇത്തരം സൈറ്റുകളിലൂടെ ഈ സമയം തിരയുക പതിവാണ്.

ഇതിനിടെ പലപ്പോഴും ഓര്‍ഡര്‍ ചെയ്ത ഉത്പന്നത്തിന് പകരം മറ്റൊന്ന് ലഭിച്ച സംഭവങ്ങള്‍ വാര്‍ത്തയാകാറുണ്ടല്ലൊ. മിക്കപ്പോഴും വില കുറഞ്ഞ വസ്തുക്കള്‍ ലഭിച്ചെന്ന പരാതിയാണ് കാണാറ്.

എന്നാല്‍ അശ്വിന്‍റെ ട്വിറ്റര്‍ ഫോളോവേഴ്സില്‍ ഒരാള്‍ ഫ്ലിപ് കാര്‍ട്ടില്‍ നിന്ന് ഐഫോണ്‍13 ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് ഐഫോണ്‍14 ആണത്രെ. താന്‍ ഓര്‍ഡര്‍ ചെയ്ത ഫോണിന്‍റെ നവീകരിച്ച പതിപ്പ് ലഭിച്ചതിന്‍റെ ഞെട്ടലിലാണ് ഈ ഉപഭോക്താവ്.

ഓര്‍ഡറിന്‍റെ സ്ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. നിരവധി പേര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

ചിലര്‍ ആപ്പിളിനെ കളിയാക്കിയും ചിലര്‍ ഉപയോക്താവിന്‍റെ ഭാഗ്യത്തെ പുകഴ്ത്തിയും കമന്‍റുകള്‍ ഇട്ടു. എന്നാല്‍ ഉപഭോക്താവ് ഫോണ്‍ തിരികെ നല്‍കി സത്യസന്ധത പാലിക്കണമെന്നാണ് വേറെ ചിലര്‍ അഭിപ്രായപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.