നീലക്കുറിഞ്ഞി കാണാൻ മോഹം; 87 വയസുള്ള അമ്മയെ ചുമലിലേറ്റി മക്കൾ മല കയറി
Monday, October 17, 2022 11:08 AM IST
ബിജു ഇത്തിത്തറ
പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ മടിച്ച് തെരുവിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കുന്ന കഥകൾ നൊന്പരമാകുന്നതിനിടെ ഇതാ മലയോളം വളർന്ന മാതൃസ്നേഹത്തിന്‍റെ കഥ കോട്ടയം മുട്ടുചിറയിൽനിന്ന്. 87കാരിയായ അമ്മയ്ക്കു നീലക്കുറിഞ്ഞി കണ്ടാൽ കൊള്ളാമെന്ന മോഹമുണ്ടെന്നു പറഞ്ഞതോടെയാണ് മക്കൾ അമ്മയുമായി ഒരു സാഹസിക യാത്രയ്ക്കുതന്നെ തയാറെടുത്തത്.

നീലക്കുറിഞ്ഞി പൂത്ത ഇടുക്കി ശാന്തൻപാറയിലേക്ക് അമ്മയുമായി വിനോദയാത്ര പോയ കടുത്തുരുത്തി പട്ടാളമുക്കിലെ പറന്പിൽ കുടുംബാംഗങ്ങളാണ് ഇപ്പോൾ നാട്ടിലെ താരങ്ങൾ. നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നിടത്തേക്കു യാത്രാസൗകര്യം ഇല്ലാത്തതിനാൽ അമ്മയെ 300 മീറ്ററിലേറെ തോളില്‍ ചുമന്നാണ് മകന്‍ മലയുടെ മുകളിലെത്തിച്ചത്.



വെറുതെയൊരു മോഹം

പട്ടാളമുക്കില്‍ പറമ്പില്‍ വീട്ടില്‍ ഏലിക്കുട്ടി പോള്‍, മക്കളായ ജോസഫ് പോള്‍ (സത്യന്‍ - 60), തോമസ് പോള്‍ (റോജന്‍ - 54) എന്നിവരും കുടുംബവുമാണ് കഴിഞ്ഞ ദിവസം നീലക്കുറിഞ്ഞി പൂത്തതു കണ്ടു മനംനിറഞ്ഞു മടങ്ങിയത്. മുൻ സൈനികൻകൂടിയായ സത്യന്‍റെ ഭാര്യ ടെസി ജോസഫ്, റോജന്‍റെ മക്കളായ സൂര്യ പോള്‍, സാഗര്‍ പോള്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

32 വര്‍ഷമായി സ്വിറ്റ്സര്‍ലൻഡില്‍ വയോധികരെ പരിപാലിക്കുന്ന സ്ഥാപനത്തില്‍ നഴ്സാണ് റോജന്‍. അഞ്ചു വര്‍ഷത്തിനു ശേഷം രണ്ടാഴ്ച മുമ്പാണ് കുടുംബസമേതം അവധിക്കു നാട്ടിലെത്തിയത്.



കഴിഞ്ഞ ദിവസം രാത്രി അമ്മയ്ക്കൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് നീലക്കുറിഞ്ഞി പൂത്തതു കാണാന്‍ ആഗ്രഹമുണ്ടെന്ന് റോജന്‍ അമ്മയോടു പറയുന്നത്. ഇതുകേട്ടതോടെ ഏലിക്കുട്ടി മകനോടു രഹസ്യമായി ചെവിയില്‍ ചോദിച്ചു, എന്നെക്കൂടി അവിടെ കൊണ്ടുപോകാമോയെന്ന്.

കൈകൊടുത്തു പോലീസും

ഇക്കാര്യം രഹസ്യമായി വച്ച റോജന്‍ വ്യാഴാഴ്ച രാവിലെ മക്കളുമായി സത്യന്‍റെ വീട്ടിലെത്തി. ഒരിടം വരെ അമ്മച്ചിയുമായി പോകുകയാണെന്നും ചേട്ടനോടും ചേച്ചിയോടും കൂടെ പോരാനും ആവശ്യപ്പെട്ടു. അടുത്തെവിടെയോ ആണെന്ന ധാരണയില്‍ അവരും കയറി. കുറെ ദൂരം പിന്നിട്ട ശേഷമാണ് യാത്ര എങ്ങോട്ടാണെന്നു റോജൻ മറ്റുള്ളവരെ അറിയിച്ചത്. അതോടെ എല്ലാവരും ആവേശത്തിലായി.



അഞ്ചു മണിക്കൂറിലേറെ യാത്ര ചെയ്താണ് ശാന്തൻപാറയിലെത്തിയത്. വാഹനങ്ങളുടെ തിരക്കും നിയന്ത്രണവും മൂലം നീലക്കുറിഞ്ഞി കാണാതെ മടങ്ങേണ്ടിവരുമോയെന്ന് ആശങ്ക തോന്നിയെങ്കിലും പ്രായമായ അമ്മയുടെ ആഗ്രഹം പൂര്‍ത്തിയാക്കാനെത്തിയതാണെന്നു പറഞ്ഞപ്പോള്‍ പോലീസുകാര്‍തന്നെ മുൻകൈയെടുത്തു മലയിലേക്കു കയറ്റിവിട്ടു.

നടക്കാനാവാത്ത അമ്മയെ റോജന്‍ തോളില്‍ ചുമന്നാണ് മല കയറിയത്. കാഴ്ചകൾ ആവോളം നുകർന്ന് രാത്രി ഒമ്പതോടെയാണ് സംഘം വീട്ടില്‍ മടങ്ങിയെത്തിയത്. അമ്മയുടെ മോഹം പൂർത്തിയാക്കിയതിലുള്ള സംതൃപ്തിയുമായി റോജനും കുടുംബവും ഇന്നലെ സ്വിറ്റ്സര്‍ലൻഡിലേക്കു മടങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.