ആനക്കുട്ടിയെ വിളിച്ചുണര്‍ത്താന്‍ പരിപാലകരോട് സഹായം ചോദിക്കുന്ന തള്ളയാന; വീഡിയോ കാണാം
Saturday, July 30, 2022 3:47 PM IST
മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഉറക്കം. സുഖനിദ്ര ആരെങ്കിലും തടസപ്പെടുത്തിയാല്‍ ആര്‍ക്കും ഇഷ്ടപ്പെടാറില്ലല്ലൊ. എന്നാല്‍ ഉറക്കത്തിന്‍റെ അളവൊന്ന് കൂടിയാല്‍ വിളിച്ചുണര്‍ത്തണ്ടെ. മിക്കവാറും അമ്മമാരാണ് ഈ പ്രക്രിയ ചെയ്യുക.

ഈ വീഡിയോയിലും തന്‍റെ കുഞ്ഞിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ഒരമ്മയാണുള്ളത്. പക്ഷെ ഇവിടെ കിടന്നുറങ്ങുന്നത് ഒരാനക്കുട്ടിയും ഉണര്‍ത്താന്‍ ശ്രമിക്കുന്നത് തള്ളയാനയുമാണെന്ന് മാത്രം.

ബ്യൂട്ടെന്‍ ഗെബീഡിയന്‍ എന്ന ട്വിറ്റര്‍ പേജില്‍ വന്നിരിക്കുന്ന വീഡിയോയില്‍ സംരക്ഷണ കേന്ദ്രത്തിലെ പുല്‍ത്തകിടിയില്‍ ഒരാനക്കുട്ടി സുഖമായി ഉറങ്ങുന്നത് കാണാം. അവിടേക്കെത്തുന്ന തള്ളയാന തന്‍റെ കുഞ്ഞിനെ ഉണര്‍ത്താന്‍ ശ്രമിക്കുകയാണ്.

എന്നാല്‍ അമ്മ ആന പരാജയപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആനക്കുട്ടി ഈ വിളിയൊന്നും ശ്രദ്ധിക്കാതെ ചെരിഞ്ഞു കിടന്ന് തന്‍റെ ഉറക്കം തുടരുകയാണ്. പരിഭ്രാന്തിയിലായ അമ്മ പിന്നീട് സഹായത്തിനായി സൂക്ഷിപ്പുകാരനെ വിളിക്കുകയാണ്.

അയാള്‍ എത്തി കുഞ്ഞിനെ ഉണര്‍ത്താന്‍ ശക്തിയായി കുലുക്കുകുയാണ്. ഒടുവില്‍ സഹിക്കെട്ട് തന്‍റെ ഉറക്കത്തില്‍ നിന്നുണരുന്ന ആനക്കുട്ടി വേഗത്തില്‍തന്നെ തള്ളയാനയുടെ അടുത്തേക്ക് ഓടുകയാണ്.

കാഴ്ചക്കാരുടെ ഹൃദയം കീഴടക്കിയ ഈ വീഡിയോ ട്വിറ്ററില്‍ മാത്രം 13 ദശലക്ഷത്തിലധികം വ്യൂസ് നേടുകയുണ്ടായി. ആളുകള്‍ നിരവധി രസകരമായ കമന്‍റുകളും ഈ വീഡിയോയ്ക്ക് നല്‍കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.