തലച്ചോർ വികസിക്കും മുൻപുള്ള മനുഷ്യന്‍റെ കുഴിമാടം കണ്ടെത്തി! പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ
Friday, June 9, 2023 2:41 PM IST
തലച്ചോർ വികാസം പ്രാപിക്കുന്നതിന് മുമ്പുള്ള മനുഷ്യന്‍റെ പൂർവികരുടെ അവശിഷ്ടങ്ങൾ അടങ്ങിയ കുഴിമാടങ്ങളുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കയിലെ ഒരുസംഘം ഗവേഷകർ അവകാശപ്പെടുന്നു.

ജോഹന്നാസ്ബർഗിന് സമീപമുള്ള യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ക്രാഡിൽ ഓഫ് ഹ്യൂമൻകൈൻഡിലെ ഒരു ഗുഹാസംവിധാനത്തിലാണ് ശ്മശാനം കണ്ടെത്തിയത്.
ഇവിടെ ഏകദേശം 30 മീറ്റർ താഴ്ച്ചയിൽ ഹോമോ നലേഡി എന്നറിയപ്പെടുന്ന മരം കയറുന്ന, ശിലായുഗ ഹോമിനിഡിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണു വാദം.

ഈ ശ്മശാനത്തിൽ കുറഞ്ഞത് അഞ്ച് മൃതദേഹങ്ങൾ എങ്കിലും ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇവ ബോധപൂർവം കുഴിച്ച് സംസ്കരിച്ചതാണെന്നാണ് ശ്മശാനത്തിൽനിന്ന് ലഭിക്കുന്ന തെളിവുകൾ കാണിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

ജീവികളുടെ പരിണാമത്തെപ്പറ്റി പഠനം നടത്തുന്ന ദക്ഷിണാഫ്രിക്കയിലെ ഗവേഷകരാണ് ഇവിടെ പരിശോധന നടത്തിയത്. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ വെല്ലുവിളിക്കുന്നതാണ് ഈ കണ്ടെത്തലുകളെന്നു ഗവേഷണത്തിനു നേതൃത്വം നൽകിയ ലീ ബെർജർ പറഞ്ഞു.

തലച്ചോർ വികാസം പ്രാപിച്ചതിനുശേഷമാണ് മരിച്ചവരെ സംസ്കരിക്കുന്നതുപോലെയുള്ള സങ്കീർണമായ പ്രവർത്തനങ്ങൾ പൂർവിക മനുഷ്യൻ നടത്താൻ തുടങ്ങിയത് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന അവശിഷ്ടങ്ങൾ ചെറിയ തലച്ചോറുകളുള്ള പൂർവിക മനുഷ്യന്‍റെ അകന്ന ബന്ധു എന്ന് വിശേഷിപ്പിക്കാവുന്ന ഹോമോ നലേഡിയുടേതാണ്.

മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും മുമ്പ് കണ്ടെത്തിയ ഏറ്റവും പഴയ ശ്മശാനങ്ങൾ ഏകദേശം 1,00,000 വർഷം പഴക്കമുള്ളവയായിരുന്നു. ഇവയിൽ മനുഷ്യരിലെ ആദിമവിഭാഗമായ ഹോമോ സാപ്പിയൻസിന്‍റെ അവശിഷ്ടങ്ങളും അടങ്ങിയിരുന്നു. ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയവ കുറഞ്ഞത് 2,00,000 ബിസിയിലേതാണെന്നു കരുതപ്പെടുന്നു.

കുരങ്ങുകളിൽനിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തിന്‍റെ ഇടനാഴിയിൽ നിൽക്കുന്ന ഒരു പ്രാകൃത ഇനമായാണ് ഹോമോ നലേഡിയേ കണക്കാക്കുന്നത്. ഇവയുടെ തലച്ചോറിന് ഒരു ഓറഞ്ചിന്‍റെ അത്ര മാത്രമേ വലിപ്പമുള്ളൂ. എന്നാൽ, ഇവയ്ക്ക് ഏകദേശം അഞ്ച് അടിയോളം ഉയരമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.