ഇത് സിസ്റ്റേഴ്സ് ഓഫ് സിയർവാസ് ബാൻഡ്; പാടിത്തകർത്ത് യുവജനങ്ങളെ കൈയിലെടുത്ത കന്യാസ്ത്രീസംഘം
Sunday, January 27, 2019 2:26 PM IST
പാനമയിൽ നടക്കുന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കാൻ ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ യുവജനങ്ങളെ ആവേശത്തിലാഴ്ത്തിയത് ഒരുസംഘം കന്യാസ്ത്രീകളായിരുന്നു. ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും അവർ ആസ്വാദകരെ കൈയിലെടുത്തു.

ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യുവജനസമ്മേളനത്തിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു പെറുവിൽ നിന്നുള്ള 'ദി സിസ്റ്റേഴ്‌സ് ഓഫ് സിയര്‍വാസ്' എന്ന 11 അംഗ കന്യാസ്ത്രീ ബാൻഡ്. 'സിയര്‍വാസ്' എന്ന സ്പാനിഷ് വാക്കിന്‍റെ അര്‍ഥം 'സെര്‍വന്‍റ്സ്' എന്നാണ്. 'ഈശോയ്ക്കു വേണ്ടി ജോലി ചെയ്യുന്നവര്‍' എന്ന ആശയം ഉള്‍ക്കൊണ്ടാണ് തങ്ങളുടെ ബാന്‍ഡിന് ഇവര്‍ ഇത്തരമൊരു പേരിട്ടത്.



2014ല്‍ രൂപീകരിച്ച ഈ ബാന്‍ഡിലുള്ള 11 കന്യാസ്ത്രീമാരും 20നും 40നും വയസിനിടയിലുള്ളവരാണ്. ചിലി, ജപ്പാൻ, ഇക്വഡോർ, ചൈന, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകളും ബാൻഡിലുണ്ട്. സ്പാനിഷ് സംഗീതമാണ് പ്രധാനമായും ഇവർ കൈകാര്യം ചെയ്യുന്നത്. നേരത്തെ, ഫ്രാൻ‌സിസ് മാർപാപ്പയുടെ മെക്സിക്കോ, പെറു സന്ദർശനവേളയിലും സിസ്റ്റേഴ്‌സ് ഓഫ് സിയര്‍വാസ് സംഗീതപരിപാടി നടത്തി ശ്രദ്ധനേടിയിരുന്നു. ഇവരുടെ സംഗീതപരിപാടികളുടെ വീഡിയോകൾക്ക് സോഷ്യല്‍മീഡിയയില്‍ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ലോകയുവജനദിനത്തിന്‍റെ ഭാഗമായി പാനമയിലെത്തിയ സംഘം അവിടുത്തെ വനിതാ ജയിലിലും സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു. കൂടാതെ കുട്ടികളുടെ കാൻസർ ആശുപത്രിയിലും സ്കൂളുകളിലും സന്ദർശനം നടത്തുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.