സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രണയ ജോഡികളുടെ "എം ബീവഫ ചായ്‌വാല’
Wednesday, November 23, 2022 10:49 AM IST
പ്രണയത്തില്‍ വിജയിച്ചവരേക്കാള്‍ പരാജയപ്പെട്ടവരാണ് കൂടുതലെന്നാണ് വെയ്പ്പ്. ഒരു പ്രണയം അവസാനിക്കുമ്പോള്‍ ഒരാള്‍ എന്തായിരിക്കും ചെയ്യുക. ഇക്കാലത്ത് എന്തും ചെയ്യും എന്ന അവസ്ഥയാണ് ഉത്തരം.

എന്നാല്‍ മധ്യപ്രദേശിലെ ഒരു ചായക്കട പറഞ്ഞുതരുന്നത് മറ്റൊരു കഥയാണ്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ "എം ബീവഫ ചായ്‌വാല’ ’ എന്ന ഈ ചായക്കടയില്‍ എത്തുന്നവര്‍ക്ക് ചായ പല വിലയിലാണ് ലഭിക്കുന്നത്.

പ്രണയ ജോഡികള്‍ക്ക് ഇവിടെ ഒരു ചായയ്ക്ക് 10 രൂപയാണ് വില. എന്നാല്‍ ബ്രേക്ക്അപ്പ് ആയവര്‍ക്കും പങ്കാളികളാല്‍ വഞ്ചിക്കപ്പെട്ടവര്‍ക്കും 50 ശതമാനം ഇളവുണ്ട്. ചുരുക്കത്തില്‍ തേപ്പ് കിട്ടിയവര്‍ക്ക് അഞ്ച് രൂപയ്ക്കിവിടെ ചായ കുടിക്കാം.

അന്തര്‍ ഗുര്‍ജാര്‍ എന്നൊരു യുവാവാണ് "എം ബീവഫ ചായ്‌വാല’യ്ക്ക് പിന്നില്‍. ഖില്‍ചിപൂര്‍ നഗര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഇത്തരമൊരു കടയ്ക്കും ഓഫറിനും പിന്നില്‍ ഒരു ചതിയുടെ കഥയുണ്ടെന്നാണ് അന്തര്‍ പറയുന്നത്.

ഇദ്ദേഹം തന്‍റെ ഡിഗ്രി പഠന കാലത്ത് ഒരു പെണ്‍കുട്ടിയുമായി അഗാധമായ പ്രണയത്തിലായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് ഒരു ബന്ധുവിന്‍റെ വിവാഹ ചടങ്ങിനിടയിലായിരുന്നു അന്തര്‍ ഗുര്‍ജര്‍ ഈ പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്.

ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സുഹൃത്തുക്കളായി. പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍ രണ്ടുവര്‍ഷത്തെ പ്രണയകാലത്തിന് ശേഷം പെണ്‍കുട്ടി ഈ ബന്ധത്തില്‍ നിന്നും പിന്തിരിഞ്ഞു.

അവള്‍ക്ക് മറ്റൊരു വിവാഹാലോചന വന്നതിന് പിന്നാലെയായിരുന്നു പിന്‍മാറ്റം. അന്തറിന് ജോലിയില്ലെന്നും പ്രതിശ്രുത വരന് ജോലിയുണ്ടെന്നും പറഞ്ഞാണ് പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്മാറിയത്.

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആദ്യം ആത്മഹത്യ ചെയ്യാനുറച്ച അന്തര്‍ പിന്നീട് ഇത്തരത്തിലൊരു "പ്രതികാരം' ആരംഭിക്കുകയായിരുന്നു.

പ്രണയകാലത്ത് കാമുകി അന്തറിനോട് പറഞ്ഞിരുന്നു എന്നെങ്കിലും ബിസിനസ് ആരംഭിച്ചാല്‍ അവളുടെ പേര് ആ സംരംഭത്തിന് ഇടണമെന്ന്. അന്തര്‍ ഇക്കാര്യത്തില്‍ അത് പാലിച്ചു. കാമുകയുടെ പേരിന്‍റെ ആദ്യാക്ഷരമായ "എം' കടയ്ക്കും നല്‍കി.

ഏതായാലും "എം ബീവഫ ചായ്‌വാല’ സമൂഹ മാധ്യമങ്ങളിലും വൈറലായി. പ്രണയത്തില്‍ സത്യസന്ധത വേണമെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ സാഹചര്യങ്ങളും തീരുമാനങ്ങള്‍ക്ക് പിന്നിലെ സ്വാധീന ഘടകമാണെന്ന് വേറെ ചിലര്‍ പറഞ്ഞുവയ്ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.