മോഷണത്തിനിടയില്‍ താക്കോല്‍ മറന്ന കള്ളന്‍; "അന്വേഷണ വീഡിയോ’ വൈറല്‍
Thursday, July 28, 2022 12:28 PM IST
ചില മോഷ്ടാക്കള്‍ അങ്ങനെയാണ് അവരുടെ ചെയ്തികള്‍ അന്വേഷണ ഉദ്യോഗസ്ഥരേയും എന്തിനേറെ മോഷണത്തിനിരയായവരെ പോലും ചിരിപ്പിച്ചു കളയും. കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഇത്തരമൊരു രസകരമായ സംഭവം അരങ്ങേറിയിരുന്നു.

രാത്രി സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയിലെ ജോണി ഡോനട്ട്സിന്‍റെ ഓഫീസില്‍ ഒരു കള്ളന്‍ കയറി കുറച്ച് പണം മോഷ്ടിച്ചു. എന്നാല്‍ അവിടെ നിന്ന് മടങ്ങിയ കള്ളന്‍ വൈകാതെ മടങ്ങി വരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

ഡോനട്ട് കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസിനുള്ളിലേക്ക് മടങ്ങിയെത്തിയ കള്ളന്‍ പിന്നീട് അവിടമാകെ തന്‍റെ വാഹനത്തിന്‍റെ താക്കോല്‍ തിരയുകയാണ്. പലവട്ടം പലയിടങ്ങളില്‍ തിരഞ്ഞിട്ടും താക്കോല്‍ കണ്ടെത്താനായില്ല.

ഇടയില്‍ ബേക്കറിയിലെ ഒരു വാഹനത്തിന്‍റെ താക്കോല്‍ കള്ളന് ലഭിക്കുന്നുണ്ടെങ്കിലും അയാള്‍ ആ വാഹനം മോഷ്ടിക്കാന്‍ തുനിഞ്ഞില്ല. ഇക്കാര്യം ദൃശ്യങ്ങള്‍ കണ്ട എല്ലാവരിലും കൗതുകമുണ്ടാക്കി. ഏറെ നേരത്തെ തിരച്ചിലിന് ശേഷം മോഷ്ടാവ് സ്ഥലം കാലിയാക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.

ഏതായാലും സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് പൊതുജനത്തിന്‍റെ സഹായത്തോടെ കള്ളനെ ഉടനടി പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. അല്പം പണം നഷ്ടമായെങ്കിലും തങ്ങളുടെ തൊഴിലാളികള്‍ക്കാര്‍ക്കും അപകടമുണ്ടാകാഞ്ഞതില്‍ ആശ്വാസമുണ്ടെന്ന് ജോണി ഡോനട്ട്സിന്‍റെ സ്ഥാപകനായ ക്രെയ്ഗ് ബ്ലം പറഞ്ഞു.

ഏതായാലും കള്ളന്‍റെ ഈ അന്വേഷണ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. കള്ളനെ കിട്ടിയൊ എന്നതിലുപരി കള്ളനാ താക്കോല്‍ കിട്ടയൊ എന്ന ആകാംക്ഷയിലാണ് നെറ്റിസണ്‍ ലോകം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.