വീഡിയോയ്ക്കായി "പുലിവാല് ’ പിടിച്ചയാള്‍; സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം
Friday, August 19, 2022 1:54 PM IST
ചില മനുഷ്യര്‍ക്ക് വിവേകം എന്നത് തീരെ ഉണ്ടാകാറില്ല. അവര്‍ ചിന്തിക്കാതെ അപ്പോള്‍ തങ്ങള്‍ക്ക് ചുറ്റും നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ ആളാകാന്‍ ഓരോന്ന് കാട്ടിക്കൂട്ടും. പിന്നീട് പ്രശ്നങ്ങളില്‍പെടുകയും ചെയ്യും.

അത്തരത്തിലൊരു സംഭവത്തിന്‍റെ വീഡിയോ ആണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീന്‍ കസ്‌വാന്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയില്‍ ഒരുകൂട്ടം ആളുകള്‍ ഒരു പുള്ളിപ്പുലിക്ക് സമീപമായി നില്‍ക്കുന്നതായി കാണാം. എന്നാല്‍ അവരിലൊരാള്‍ ഈ പുലിയുടെ വാലിലും പിന്‍ കാലിലുമായി പിടിച്ചു വച്ചിരിക്കുകയാണ്. പുള്ളിപ്പുലി അവിടുന്ന് പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ അതിനെ പോകാന്‍ സമ്മതിക്കുന്നില്ല.

ചുറ്റും നില്‍ക്കുന്നവര്‍ വീഡിയോ പിടിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും ആഘോഷിക്കുകയാണ്. ഇരുപത് നിമിഷം ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായി. ഇവരില്‍ ആരാണ് മൃഗമെന്ന ചോദ്യത്തോടെയാണ് പര്‍വീന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഈ പുലി പിന്നീട് ചത്തു എന്ന് വീഡിയോയില്‍ എഴുതിയിരിക്കുന്നതായി കാണാം. ഏതായാലും സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് വീഡിയോയ്ക്ക് നേരെയുള്ളത്. ഇതിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് മിക്കവരും കമന്‍റുകളില്‍ ആവശ്യപ്പെടുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.