Back to Home
സമ്മാനച്ചെരിപ്പ്
ലിയോ ടോൾസ്റ്റോയിയുടെ ‘പപ്പാ പാനോവിന്റെ വിശേഷാൽ ക്രിസ്മസ്’ എന്ന കഥ. പുനരാഖ്യാനം ജോൺ ആന്റണി

പിള്ളേർക്ക് ഒരു ഇരിക്കപ്പൊറുതിയുമില്ലല്ലോ എന്നു കുറച്ചുമുമ്പു പാനോവ് അപ്പാപ്പൻ ഒരു ചെറുചിരിയോടെ ചിന്തിച്ചതാണ്. എല്ലാം ഇതിലേയൊക്കെ ഓടിനടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ഒന്നിനെയും കാണാനില്ല. എല്ലാം വീടുകൾക്കുള്ളിൽ കയറി പുതപ്പും ചുറ്റി കൂനിക്കൂടിയിരുന്നു വെടിപറഞ്ഞു ചിരിക്കുകയാവും. ആവും.

പിള്ളേർ അകത്തു ചിരിക്കുന്നുണ്ടെന്ന്, ഒച്ച കേൾക്കാൻവയ്യെങ്കിലും, വീടിനു പുറത്തുനിന്നാൽ അറിയാം. വീടിനകത്തെ ചിരിയുടെ പ്രകാശം ഭിത്തികൾ തടഞ്ഞുനിർത്താറില്ല. നാളെ ക്രിസ്മസാണല്ലോ, എല്ലാവർക്കും ആഹ്ലാദംതന്നെയാവും.

ഇവിടെ ഈ കൊച്ചു റഷ്യൻ ഗ്രാമത്തിൽ മഞ്ഞുകാലത്തു പകലുകൾക്കു സാധാരണ പകലുകളുടെ പകുതിയേ നീളമുള്ളൂ എന്നു പാനോവ് അപ്പാപ്പനു തോന്നാറുണ്ട്. ഉച്ചതിരിയുമ്പോഴേ സൂര്യൻ ഉറങ്ങാൻ തിരക്കുകൂട്ടും. കടകളിലും വീടുകളിലും വിളക്കു തെളിഞ്ഞുതുടങ്ങുകയും ചെയ്യും.

താൻ നിർമിച്ച ചെരിപ്പുകൾ ഗ്രാമവാസികളുടെ തണുപ്പ് അല്പമെങ്കിലും കുറയ്ക്കുന്നുണ്ടെന്നു പാനോവ് അപ്പാപ്പൻ സന്തോഷത്തോടെ ഓർത്തു. ‘‘ഞാനില്ലെങ്കിൽ കാണാമായിരുന്നു’’ എന്ന ചിന്ത കടന്നുവന്നപ്പോൾത്തന്നെ തടഞ്ഞു: താനില്ലായിരുന്നെങ്കിൽ മറ്റൊരു ചെരിപ്പുകുത്തി ഉണ്ടാകുമായിരുന്നു.

തെരുവിൽ തിരക്കു തീരെയില്ലാത്തതിനാൽ കടയടയ്ക്കാമെന്നു പാനോവ് അപ്പാപ്പനും തീരുമാനിച്ചു. അതിനുമുമ്പായി കടയ്ക്കു പുറത്തിറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചു. അവിടവിടെ ക്രിസ്മസ് വിളക്കുകൾ, ക്രിസ്മസിന്റെ ആഹ്ലാദനുരകൾ, ക്രിസ്മസ് പാചകത്തിന്റെ കൊതിപ്പിക്കുന്ന മണം. ഭാര്യയും മകനുമൊക്കെ ഉണ്ടായിരുന്ന കാലത്ത് തന്റെ ക്രിസ്മസും ഉല്ലാസംനിറഞ്ഞതായിരുന്നുവെന്നു പാനോവ് അപ്പാപ്പൻ ഒട്ടൊരു സന്തോഷത്തോടെ ഓർത്തു. ഇപ്പോൾ അവർ ആരുമില്ല.

അക്കാലത്തെ ഉല്ലാസമില്ലെങ്കിലും പാനോവ് അപ്പാപ്പന് ഇപ്പോഴും സന്തോഷംതന്നെ. സന്തോഷിക്കാതിരിക്കാൻ അപ്പാപ്പൻ കാരണമൊന്നും കാണുന്നില്ല. പ്രായമായെങ്കിലും ശരീരം കൊണ്ടുനടക്കാൻമാത്രം ആരോഗ്യമൊക്കെയുണ്ട്. അത്യാവശ്യം ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള വക ചെരിപ്പുസൂചി തരും. കേമമൊന്നുമല്ലെങ്കിലും വഴിയരികിൽ ഒരു വീടുമുണ്ട്. ഇതിലൊക്കെ ഉപരിയായി, ആളുകളുടെ സന്തോഷം ചുറ്റുമുണ്ട്. മറ്റുള്ളവർ സന്തോഷിക്കുന്നതു കാണുമ്പോൾ എങ്ങനെ സന്തോഷം തോന്നാതിരിക്കും?

സന്തോഷം ഒരു ശീലമായിപ്പോയതുകൊണ്ട് പാനോവ് അപ്പാപ്പന്റെ മുഖത്ത് ഒരു ചെറിയ ചിരി താടിരോമംപോലെ എപ്പോഴും പറ്റിപ്പിടിച്ചിരിപ്പുണ്ട്. അതുമാറ്റാൻ വലിയ പ്രയാസമാണെന്നു പറയാം. ഒരിക്കലൊരു പട്ടി കടിക്കാൻ വന്നപ്പോൾപ്പോലും പാനോവ് അപ്പാപ്പന്റെ മുഖത്ത് പേടിയെക്കാൾ പത്തു ശതമാനം കൂടുതൽ ചിരിയുണ്ടായിരുന്നുവെന്നാണ് ആളുകൾ പറയുന്നത്.

അതുകൊണ്ടു പഴയ ക്രിസ്മസുകളുടെ ഓർമ പാനോവ് അപ്പാപ്പനിൽ ചെറിയ തോതിലേ ഗൃഹാതുരത്വം ഉണർത്തിയുള്ളൂ.
ചെവിയുടെ ബാലൻസ് തെറ്റുന്ന പ്രശ്നം അല്പം ഉള്ളതുകൊണ്ട് ഭിത്തിയിൽ പിടിച്ച് അകത്തുകയറി അപ്പാപ്പൻ വീട്–കം–കടയുടെ കതകടച്ചു. നല്ല കടുപ്പത്തിൽ ഒരു കാപ്പിയുണ്ടാക്കി കോപ്പയിലൊഴിച്ച് ചാരുകസേരയിൽ കിടന്ന് ഊതിക്കുടിച്ചു. ഇത്ര കടുപ്പത്തിലുള്ള കാപ്പിയെ മിതവാദികൾ കാപ്പിച്ചാരായം എന്നാണു വിളിക്കുക.

ഏറെ വായിച്ചു സമയം പാഴാക്കുന്ന ശീലം പാനോവ് അപ്പാപ്പനില്ല. എങ്കിലും ബൈബിളിന്റെ പല ഭാഗങ്ങളും ഹൃദിസ്‌ഥമാണ്. ഇന്നീ ക്രിസ്മസ് രാത്രിയിൽ ബൈബിൾ വായിക്കാതിരിക്കുന്നതെങ്ങനെ? അപ്പാപ്പന്റെ അപ്പൂപ്പനാകാൻ പ്രായമുള്ളതും താളുകൾ കൊഴിഞ്ഞ് അനാദിയും അനന്തവുമായിത്തീർന്നതുമായ വേദപുസ്തകത്തിൽനിന്ന്, യേശുവിന്റെ ജനനം പ്രതിപാദിക്കുന്ന ഭാഗം കണ്ടെത്താൻ അപ്പാപ്പനു പ്രയാസമുണ്ടായില്ല. യാത്രചെയ്തു വലഞ്ഞ യൗസേഫും ഗർഭിണിയായ മറിയവും ബേത്ലഹേമിലൂടെ സത്രത്തിലൊരു മുറി അന്വേഷിച്ച് അലഞ്ഞതും മുറി കിട്ടാതെവന്നതിനാൽ മറിയത്തിന് ഒരു കാലിത്തൊഴുത്തിൽ പ്രസവിക്കേണ്ടിവന്നതും വായിച്ചപ്പോൾ പാനോവ് അപ്പാപ്പനു സങ്കടംവന്നു.

‘‘കഷ്‌ടം! ശരിക്കും കഷ്‌ടമുണ്ട്! അവർ ഇതിലേയെങ്ങാൻ വന്നിരുന്നെങ്കിൽ! എങ്കിൽ ഞാൻ കൊടുത്തേനേ എന്റെ കിടക്ക. കുഞ്ഞു തണുപ്പത്തു കിടക്കാനൊന്നും ഞാൻ സമ്മതിക്കില്ല. എന്റെ പുതപ്പു വൃത്തിയാക്കി ഞാൻ കുഞ്ഞിനെ പുതപ്പിച്ചേനേ,’’ പാനോവ് അപ്പാപ്പൻ സ്വയം പറഞ്ഞു.
അപ്പാപ്പൻ വേദപുസ്തകം തുടർന്നു വായിച്ചു. മൂന്നു ജ്‌ഞാനികൾ ഉണ്ണിയേശുവിനെ കാണാൻ സമ്മാനങ്ങളുമായി വന്ന ഭാഗം വായിച്ചപ്പോൾ പാനോവ് അപ്പാപ്പന്റെ മുഖം മങ്ങി. ഉണ്ണിക്കു കൊടുക്കാൻ തന്റെ കൈയിൽ ഒന്നുമില്ലല്ലോ എന്നോർത്ത് അല്പനേരം സങ്കടപ്പെട്ടിരുന്നു.
പെട്ടെന്ന് അപ്പാപ്പന്റെ മുഖം തെളിഞ്ഞു. വേദപുസ്തകം മേശപ്പുറത്തുവച്ചൂ പഴയ ഷെൽഫിനരികിലേക്കു നീങ്ങി. ഷെൽഫിൽ, കൈയെത്താൻ വിഷമമുള്ള ഉയരത്തിൽ, ഒരു കോണിലിരുന്ന പൊതിക്കെട്ട് കൈയെത്തിച്ച് എടുത്തു.

കടലാസുപൊതിയാകെ പൊടിപിടിച്ചിരുന്നു. ദൈവമേ, എല്ലാം പൊടിപിടിച്ചുപോയിട്ടുണ്ടാവുമോ എന്നു പാനോവ് അപ്പാപ്പൻ ഒരു നിമിഷം പേടിച്ചു. ഇല്ല, ഇതിനകത്ത് ഇനിയുമുണ്ട് കടലാസിന്റെയും തുണിയുടെയും ആവരണങ്ങൾ. ഓരോ പൊതിക്കടലാസും തുണിയും ഓരോ കാലഘട്ടത്തിൽ ചേർത്തതാണ്. പൊടിതട്ടാതിരിക്കാൻ പാനോവ് അപ്പാപ്പൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പാളികൾക്കെല്ലാമടിയിൽനിന്ന് പാനോവ് അപ്പാപ്പൻ അതു പുറത്തെടുത്തു. ഒരു ജോടി ചെരിപ്പ്. മനോഹരമായ തുകൽചെരിപ്പ്. തന്റെ മകന് ഒരു കുഞ്ഞുണ്ടാകുമ്പോൾ സമ്മാനിക്കാൻ പാനോവ് അപ്പാപ്പൻ നിർമിച്ചതായിരുന്നു അത്. അപ്പാപ്പൻ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും മനോഹരമായ ചെരിപ്പ്. ഒരു കുഞ്ഞിന്റെ പാദത്തെയും മാലാഖമാരുടെ കൺപാടയെയുംകാൾ മൃദുലമായി ഒന്നുമില്ലെന്നു വിശ്വസിച്ചിരുന്ന പാനോവ് അപ്പാപ്പൻ ഏറ്റവും മിനുസമുള്ള വസ്തു കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള ചെരിപ്പായിരിക്കണമെന്നു സ്വയം നിർബന്ധിച്ചിരുന്നു. അങ്ങനെയുണ്ടാക്കിയവയിൽ ഏറ്റവും മൃദുലവും ഏറ്റവും മനോഹരവുമായിരുന്നു ഈ ജോടി ചെരിപ്പ്. പല ഘട്ടങ്ങളിലായി ഒന്നിനൊന്നു ഭംഗിവരുത്തിയത്.
‘‘ഉണ്ണിയേശുവിന് ഇതു കൊടുക്കാം,’’ സംതൃപ്തിയോടെ പാനോവ് അപ്പാപ്പൻ സ്വയം പറഞ്ഞു.

അപ്പാപ്പൻ പിന്നെയും വേദപുസ്തകത്തിന് അരികിലിരുന്നു. വായിച്ചുകൊണ്ടിരിക്കേ, അപ്പാപ്പനിൽ കാപ്പിച്ചാരായത്തിന്റെ കെട്ടുവിട്ടു. മെല്ലെ മെല്ലെ, പിന്നെ വേഗത്തിൽ വേഗത്തിൽ, പാദങ്ങൾവച്ച് ഉറക്കം പാനോവ് അപ്പാപ്പന്റെ കണ്ണുകളിലേക്കു കയറി. ഉറക്കത്തിലായ പാനോവ് അപ്പാപ്പനിൽ വേദവചനങ്ങൾ സ്വപ്നങ്ങളായി. ആരോ തന്റെ മുറിയിൽ എത്തിയിരിക്കുന്നതായി അപ്പാപ്പൻ കണ്ടു. അതു കൊള്ളാമല്ലോ, അടച്ചിട്ടിരിക്കുന്ന മുറിയിൽ ഇത്ര ധൈര്യമായി കയറിവന്നിരിക്കുന്നത് ഇതാര്? പരിചയമുള്ള ആളാണല്ലോ. സൂക്ഷിച്ചുനോക്കിയപ്പോഴാണ് ആളെ വ്യക്‌തമായത്. യേശു! വെറുതേയല്ല ഇത്ര ധൈര്യം.

യേശു പാനോവ് അപ്പാപ്പനോടു പറഞ്ഞു: ‘‘പാനോവ് അപ്പാപ്പാ, എന്നെക്കാണണമെന്ന് ആഗ്രഹമുണ്ട്, അല്ലേ?’’ ദയാപൂർണമായിരുന്നു അവിടുത്തെ വാക്കുകൾ. ‘‘നാളെ എന്നെ കാത്തിരുന്നോളൂ. നാളെ ക്രിസ്മസാണല്ലോ, ഞാൻ അപ്പാപ്പനെ കാണാൻ വരുന്നുണ്ട്. പക്ഷേ, ശ്രദ്ധിച്ചാലേ എന്നെ തിരിച്ചറിയാൻ പറ്റൂ.’’

ഉറക്കമുണർന്ന പാനോവ് അപ്പാപ്പൻ പറഞ്ഞുപോയി: ‘‘കൊള്ളാം, നല്ല സ്വപ്നം! സ്വപ്നം കാണുന്നെങ്കിൽ ഇങ്ങനത്തെ സ്വപ്നം കാണണം.’’
അപ്പാപ്പൻ പിന്നെയും ഉറക്കമായി.

പള്ളിമണികൾ കേട്ടാണു പാനോവ് അപ്പാപ്പൻ ഉണർന്നത്. അപ്പോൾ സൂര്യനും ഉണർന്നെഴുന്നേൽക്കുകയായിരുന്നു.‘‘ഓ, ക്രിസ്മസ് പ്രഭാതമായിരിക്കുന്നു,’’ അപ്പാപ്പൻ സ്വയം അറിയിച്ചു.

അപ്പാപ്പൻ എഴുന്നേറ്റു മൂരിനിവർത്തിയപ്പോഴേക്കും തലേന്നത്തെ സ്വപ്നം ഓർമയിലെത്തി. ഇങ്ങനെയുണ്ടോ ഒരു സ്വപ്നം! ഇന്നലെ വൈകിട്ടുണ്ടായ ഏതോ സംഭവംപോലെ; വിരൽകൊണ്ടു തിരുമ്മിനോക്കാവുന്ന വസ്തുപോലെ.

ഇതു തനിക്കൊരു പ്രത്യേക ക്രിസ്മസ് ദിവസമാണെന്നു പാനോവ് അപ്പാപ്പനു തോന്നി. എത്രയോ ക്രിസ്മസ് കടന്നുപോയിരിക്കുന്നു. പക്ഷേ, ഇതൊന്നു പ്രത്യേകമാണ്. തന്നെക്കാണാൻ യേശു വരുന്ന ദിവസം. ഇവിടെ വരുന്ന യേശുവിനെ കണ്ടാൽ എങ്ങനെയുണ്ടാവും? ഉണ്ണിയേശുവായിട്ടായിരിക്കുമോ വരുന്നത്? അതോ, ആശാരിപ്പണിക്കാരനായ നസ്രത്തുകാരനായിട്ടോ? അതോ രാജാവായ ക്രിസ്തുവായിട്ടോ, ദൈവപുത്രനായിട്ടോ?

അതിപ്പോ എങ്ങനെവന്നാലും ഒന്നു സൂക്ഷിച്ചുനോക്കിയാൽ തനിക്കു തിരിച്ചറിയാൻ കഴിയും. താനറിയാത്ത യേശുവൊന്നുമല്ലല്ലോ.
അപ്പാപ്പൻ പ്രഭാതഭക്ഷണം തയാറാക്കി. ഒരു ക്രിസ്മസ് സ്പെഷൽ കടുംകാപ്പി തിളപ്പിച്ചെടുത്തുകൊണ്ടുവന്നു ജനലരികിൽ കസേരയിട്ട് ഇരുന്നു. ജനൽ തുറന്നു പുറത്തേക്കു നോക്കിയപ്പോൾ തെരുവിൽ ആരുമില്ല. റോഡ് ഇങ്ങനെ മഞ്ഞുപുതച്ചു കിടക്കുമ്പോൾ ആരു പുറത്തിറങ്ങാൻ? ചൂടുകാപ്പി ഊതിക്കുടിച്ചും പുറത്തെ മഞ്ഞിന്റെ ഭംഗി മൊത്തിക്കുടിച്ചും ഇരിക്കുമ്പോൾ പാനോവ് അപ്പാപ്പൻ കണ്ടു, തെരുവു തീർത്തും വിജനമല്ല; ആരോ അതിലേ നീങ്ങുന്നുണ്ട്. അയാളുടെ പാദങ്ങളിലേക്കു പാനോവ് അപ്പാപ്പൻ നോക്കി. ഓ, തൂപ്പുകാരനാണ്. ഇന്നു ക്രിസ്മസായിട്ടും അയാൾ തെരുവുതൂക്കാനിറങ്ങിയിരിക്കുന്നു. എന്നത്തെയുംപോലെ ആ തേഞ്ഞ ചെരിപ്പും പഴഞ്ചൻ കുപ്പായവുമിട്ട് അയാൾ.

ആപാദചൂഡം വീക്ഷിക്കുക എന്നതു ശരിയായ അർഥത്തിൽ എപ്പോഴും ചെയ്യുന്നതു പാനോവ് അപ്പാപ്പനാണ്. പാദം മുതൽ ശിരസുവരെ. പാനോവ് അപ്പാപ്പന്റെ കണ്ണുകൾ എപ്പോഴും ആദ്യം വീഴുന്നത് ആരുടെയും പാദങ്ങളിലാണ്. പാദങ്ങൾകൊണ്ടുതന്നെ ഗ്രാമത്തിൽ ആരെയും പാനോവ് അപ്പാപ്പൻ തിരിച്ചറിയും. കുനിഞ്ഞിരുന്നു ചെരിപ്പുകുത്തുമ്പോഴും ചെരിപ്പിടേണ്ടയാളുടെ പാദങ്ങളിൽ മാത്രം നോക്കി അയാളുടെ മുഖഭാവം അപ്പാപ്പൻ മനസിലാക്കും.

തെരുവിലെ തൂപ്പുകാരൻ ചെറുതായി വിറയ്ക്കുന്നുണ്ടെന്ന് അയാളുടെ പാദങ്ങളിൽ നോക്കിയപ്പോൾത്തന്നെ പാനോവ് അപ്പാപ്പനു വ്യക്‌തമായി. ഈ തണുപ്പിൽ, അതും ക്രിസ്മസ് ദിവസം, ഈ മനുഷ്യനെന്തിനു പണിയെടുക്കുന്നു? ഈ സമയത്ത് അങ്ങിങ്ങ് ഒഴുകുന്ന ക്രിസ്മസ് പാട്ടുകളും കേട്ടു വീടിനുള്ളിൽ പുതച്ചുമൂടിയിരുന്നാൽ എന്തൊരു സുഖമായിരിക്കും!

പക്ഷേ, ഇന്നു പണിയെടുത്തില്ലെങ്കിൽ അയാൾക്ക് ഇന്നു കൂലി കിട്ടില്ലെന്നും അയാളുടെ വീടു പട്ടിണിയാകുമെന്നും പാനോവ് അപ്പാപ്പൻ ഓർത്തു. ക്രിസ്മസ് ദിവസം തെരുവു വൃത്തിഹീനമായി കിടക്കരുതെന്ന ചിന്തയും അയാൾക്കുണ്ടായിരിക്കാം. എത്ര നല്ല മനുഷ്യൻ!
ജനാലയിൽക്കൂടി തല പുറത്തേക്കിട്ട് പാനോവ് അപ്പാപ്പൻ കൈകൊട്ടി വിളിച്ചു: ‘‘ഹേയ്! ഇവിടെ! ഇവിടെ!’’

തൂപ്പുകാരൻ തലയുയർത്തി നോക്കി. പാനോവ് അപ്പാപ്പനെ കണ്ടെങ്കിലും വിളിച്ചതു തന്നെയാവില്ല എന്നു കരുതി അയാൾ ജോലി തുടർന്നു. റോഡിനു മാത്രം ആവശ്യമുള്ള തന്നെ ആരു വിളിക്കാൻ?

‘‘തന്നെ! തന്നെ!’’ പാനോവ് അപ്പാപ്പൻ വീണ്ടും കൂവി.

ചൂല് റോഡിലൊരിടത്തു ഭദ്രമായി വച്ച്, പേടിക്കേണ്ടെന്ന് അതിനോടു പറഞ്ഞിട്ടോ എന്തോ, തൂപ്പുകാരൻ സംശയിച്ചു സംശയിച്ച് അടുത്തുവന്നു.
‘‘ഒരു ചൂടുകാപ്പി തട്ടുന്നോ?’’ പാനോവ് അപ്പാപ്പൻ ചോദിച്ചു.

തൂപ്പുകാരനു വിശ്വസിക്കാൻ പ്രയാസമുള്ളതുപോലെ തോന്നി. ഇത്രയും കാലത്തെ അയാളുടെ തൂപ്പുപണിക്കിടയിൽ ആരും അയാളെ കാപ്പികുടിക്കാൻ ക്ഷണിച്ചിട്ടില്ല. ഇതുപോലുള്ള കടുത്ത തണുപ്പിന്റെ എത്രയോ പ്രഭാതങ്ങളിൽ അയാൾ റോഡ് വൃത്തിയാക്കിക്കൊണ്ടു നിന്നിട്ടുണ്ട്. ഒരിക്കലും ആരും ഒരു കുശലംപറയുകകൂടി ചെയ്തിട്ടില്ല.

അയാൾ മടിച്ചുമടിച്ച്, എന്നാൽ കൊതിയോടെ, പാനോവ് അപ്പാപ്പന്റെ മുറിയുടെ മുന്നിൽവന്നു. അപ്പാപ്പൻ വാതിൽ തുറന്നു. അയാൾ പിന്നെയും സംശയിച്ചുനിന്ന നേരംകൊണ്ട് ഒത്തിരി തണുത്ത കാറ്റ് അകത്തേക്ക് ഓടിക്കയറി. അയാളുടെ സംശയംകണ്ടു പാനോവ് അപ്പാപ്പൻ പറഞ്ഞു: ‘‘ഹതു കൊള്ളാം!’’

അയാൾ മുറിക്കുള്ളിൽ കയറിയപ്പോൾ പാനോവ് അപ്പാപ്പൻ കതകടച്ചു. പ്രിയമുള്ള ആരുടെയോ കരവലയത്തിന്റെ ചൂടിലെന്നപോലെ അയാൾ മുറിയിൽ നിന്നു. പാനോവ് അപ്പാപ്പൻ കാപ്പി തിളപ്പിക്കുമ്പോൾ സ്റ്റൗവിന്റെ ചൂട് ഒരു സദ്യപോലെ അയാൾ ആസ്വദിച്ചു. കോപ്പയിൽ കാപ്പി പകർന്നുകൊടുത്ത് അപ്പാപ്പൻ അയാളെ ഒരു കസേരയിൽ ഇരുത്തി.

ആ കാപ്പികൊണ്ട് നിറുകംതല മുതൽ പാദങ്ങൾവരെ ചൂടുപിടിപ്പിക്കണമെന്ന മട്ടിൽ നിർത്തിനിർത്തി, ശ്രദ്ധിച്ചു ശ്രദ്ധിച്ചാണ് തൂപ്പുകാരൻ കാപ്പി മൊത്തിക്കൊണ്ടിരുന്നത്. സംതൃപ്തിയോടെ പാനോവ് അപ്പാപ്പൻ അതു നോക്കിക്കണ്ടു. എന്നാൽ, ഇടയ്ക്കിടെ അപ്പാപ്പൻ ജനാലയിലൂടെ തല പുറത്തേക്കിട്ടു തെരുവിൽ ശ്രദ്ധിക്കുന്നതു കണ്ടപ്പോൾ തൂപ്പുകാരൻ, അത്രയും നേരംകൊണ്ടു നേടിയ സ്വാതന്ത്ര്യത്തിൽ അപ്പാപ്പനോടു ചോദിച്ചു: ‘‘ആരെയോ കാത്തിരിക്കുവാ?’’

പാനോവ് അപ്പാപ്പൻ ഒരു പുഞ്ചിരിയോടെ തന്റെ സ്വപ്നത്തിന്റെ കാര്യം പറഞ്ഞു. ‘വരും,‘ തൂപ്പുകാരൻ പാനോവ് അപ്പാപ്പനെ ധൈര്യപ്പെടുത്തി. ‘‘വരുമെന്നുതന്നെയാണ് എന്റൊരു വിശ്വാസം... എന്താന്നുവച്ചാല് ഒരു ക്രിസ്മസിനും എനിക്കാരും ഇത്രകണ്ടൊരു... സന്തോ... ഒന്നും തന്നിട്ടില്ല. അപ്പോ... ഈ സ്വപ്നം ശരിയാകുമെന്നുതന്നെയാ എന്റെയൊരു.’’ അയാൾ ചിരിച്ചു. മറന്നുപോയ ഒരു വാക്ക് ഓർമകിട്ടിയതുപോലെയായിരുന്നു അയാളുടെ ചിരി.

‘‘ഹഹഹ! ഹതു കൊള്ളാം!’’ തന്റെ പ്രാതലിന്റെ പകുതി പാനോവ് അപ്പാപ്പൻ തൂപ്പുകാരനു കൊടുത്തു. ഇരുവരും ഒരുമിച്ചിരുന്നു കഴിച്ചു.
തൂപ്പുകാരൻ പൊയ്ക്കഴിഞ്ഞപ്പോൾ പാനോവ് അപ്പാപ്പൻ പിന്നെയും തെരുവിലേക്കു കണ്ണുംനട്ടിരിപ്പായി. തന്റെ കാത്തിരിപ്പിനെപ്പറ്റി ഓർത്തപ്പോൾ അപ്പാപ്പനു ചിരിവന്നു. സ്വപ്നത്തെക്കുറിച്ചു തൂപ്പുകാരനോടു മാത്രമേ പറഞ്ഞിട്ടുള്ളുവെന്നത് ആശ്വാസം. മറ്റാരെങ്കിലും കേട്ടാൽ ചിരിക്കും.
തെരുവിൽ ഇപ്പോഴും ആരെയും കാണാനില്ല. യേശു വരുന്നതു കുതിരവണ്ടിയിലോ മറ്റോ ആയിരിക്കുമോ? ഏതെങ്കിലും വണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടോ?

തെരുവിലൂടെ നീങ്ങുന്ന രണ്ടു പാദങ്ങൾ പെട്ടെന്നു പാനോവ് അപ്പാപ്പന്റെ ശ്രദ്ധയിൽപ്പെട്ടു. ചെരിപ്പിട്ട പാദങ്ങൾ. ഒരു മധ്യവയസ്കനാണു പഴയ ചെരിപ്പിട്ടു തിടുക്കത്തിൽ നടന്നുപോകുന്നത്. ഒരു ചെരിപ്പിനേ വാറുള്ളൂവെന്നത് പാനോവ് അപ്പാപ്പന് പെട്ടെന്നു മനസിലായി.
തന്റെ മേശയിലുണ്ടായിരുന്ന രണ്ടു ചെരിപ്പുവാറുകളുമായി അപ്പാപ്പൻ പെട്ടെന്നു പുറത്തിറങ്ങി കൈകൊട്ടി. മധ്യവയസ്കൻ നിന്നു. അയാൾക്കു ശുഭക്രിസ്മസ് നേർന്ന ശേഷം അപ്പാപ്പൻ പറഞ്ഞു: ‘‘വാറില്ലാത്ത ചെരിപ്പാണോ ഇടുന്നത്? ഇതു കൊണ്ടുപൊയ്ക്കോ.’’

രണ്ടു ചെരിപ്പിനും പാനോവ് അപ്പാപ്പൻ പുതിയ വാറിട്ടു. മധ്യവയസ്കൻ കീശയിൽ നാണയത്തിനു പരതിയപ്പോൾ അപ്പാപ്പൻ പറഞ്ഞു, ‘‘വിലയോ? ക്രിസ്മസ് ദിവസം വില്പനയില്ല. സമ്മാനമേയുള്ളൂ.’’

മധ്യവയസ്കൻ നന്ദിയോടെ, സന്തോഷത്തോടെ, യാത്ര തുടർന്നു. പാനോവ് അപ്പാപ്പൻ മുറിക്കുള്ളിലേക്ക്, ചാരുകസേരയിലേക്കു മടങ്ങി.
ആരോ റോഡിൽ നീങ്ങുന്നു. ആ തൂപ്പുകാരൻതന്നെ ആയിരിക്കുമോ?

ഒരു... പെൺകുട്ടി... അല്ല, ഒരു യുവതിയാണ്. കണ്ടുപരിചയമില്ല. തളർന്ന് അവശയായ ഒരുവൾ. തണുപ്പു മാത്രമല്ല വിശപ്പും അവളിൽ നഖങ്ങളിറക്കുന്നുണ്ടെന്നു പാനോവ് അപ്പാപ്പനു മനസിലായി. അവളുടെ കൈയിൽ എന്തോ ഉണ്ട്. ങേ, അതൊരു കുഞ്ഞാണല്ലോ. തോർത്തിൽ പൊതിഞ്ഞു മാറിൽ ചേർത്തിരിക്കയാണ്.

പാനോവ് അപ്പാപ്പൻ പുറത്തിറങ്ങി കൈകൊട്ടി. ‘‘കുഞ്ഞിനെ ഇങ്ങനെ തണുപ്പുകൊള്ളിക്കാതെ, വാ ഇത്തിരി ചൂടു കാഞ്ഞിട്ടു പോകാം,’’ അപ്പാപ്പൻ വിളിച്ചുപറഞ്ഞു. പേടിയോടെയെങ്കിലും ഒരു മുറിക്കുള്ളിലെ ചൂട് കൊതിച്ച് അവൾ കയറിവന്നു.

അടുപ്പിനരികിലേക്കു ചാരുകസേര നീക്കിയിട്ട് അപ്പാപ്പൻ അതിലേക്കു വിരൽ ചൂണ്ടി. ‘‘ഇരിക്ക്. കുഞ്ഞിനു കൊടുക്കാൻ ഞാൻ സ്വല്പം പാൽ തിളപ്പിക്കാം.‘ നടന്നു വലഞ്ഞിരുന്ന അവൾ ആശ്വാസത്തോടെ കസേരയിൽ ഇരുന്നു.

പാൽ തിളപ്പിക്കുന്നതിനിടയിൽ പാനോവ് അപ്പാപ്പൻ കുഞ്ഞിനെ നോക്കി ചിരിച്ചു. ‘‘ഞാനും കുഞ്ഞുങ്ങളെ വളർത്തിയിട്ടുണ്ട്. ഒത്തിരി മുമ്പ്,’’ അപ്പാപ്പൻ പറഞ്ഞു.

കോപ്പയും സ്പൂണും കഴുകി വൃത്തിയാക്കി സ്പൂണിൽ പാലെടുത്ത് പാനോവ് അപ്പാപ്പൻ കുഞ്ഞിന്റെ അരികിലെത്തി. ഒരു പനിനീർപ്പൂവിനെക്കാൾ അല്പംകൂടി വലുപ്പമേ കാണൂ എന്ന് അപ്പൂപ്പനു തോന്നി. ചെറിപ്പഴം പോലിരിക്കേണ്ട ചുണ്ടുകൾ അല്പം നീലച്ചത് തണുപ്പുകൊണ്ടിട്ടാണ്.

‘‘ബ്ബ... ബ്ബ...’’ കുഞ്ഞിന്റെ ശ്രദ്ധ ആകർഷിച്ചശേഷം പാനോവ് അപ്പാപ്പൻ അതിന്റെ ചോരിവായിലേക്കു പാൽ ഇറ്റിച്ചുകൊടുത്തു.
ദാഹവും വിശപ്പും മാറിക്കഴിഞ്ഞപ്പോൾ കുഞ്ഞ് പാനോവ് അപ്പാപ്പനെ നോക്കി ചിരിച്ചു. അപ്പോൾ അപ്പാപ്പന്റെ ചിരി വികസിച്ചു. ബാക്കിയുള്ള പാൽ അപ്പാപ്പൻ പെൺകുട്ടിക്കു കൊടുത്തു.

പാദങ്ങളിലായിരിക്കും കുഞ്ഞിന് ഏറ്റവും കൂടുതൽ തണുപ്പു തോന്നുന്നത്. ഒരു തുണി അടുപ്പിൽ ചൂടുപിടിപ്പിച്ചുകൊണ്ടുവന്നു പാനോവ് അപ്പാപ്പൻ കുഞ്ഞിന്റെ പാദങ്ങളിലെ തോർത്തു മാറ്റി.

‘‘ചുവങ്ങനെ... ചുവങ്ങനെ...’’ അപ്പാപ്പൻ പറഞ്ഞു. കുഞ്ഞിന്റെ പാദങ്ങളിൽ തടവിനോക്കിക്കൊണ്ടു പറഞ്ഞു: ‘‘മിനുങ്ങനെ... ’’ അപ്പാപ്പൻ ചൂടുതുണികൊണ്ടു കുഞ്ഞിച്ചുവടുകളിൽ ചൂടു പകർന്നുകൊണ്ടിരുന്നു.

കുഞ്ഞിന്റെ അമ്മയോടു പാനോവ് അപ്പാപ്പൻ പറഞ്ഞു: ‘‘കുഞ്ഞിനെ ചെരിപ്പ് ഇടുവിക്കണം, കേട്ടോ. അത്യാവശ്യമാ.’’

പാനോവ് അപ്പാപ്പന്റെ മുഖത്ത് ദയനീയമായി നോക്കിയിട്ടു മുഖംതാഴ്ത്തി അവൾ പറഞ്ഞു: ‘‘ചെരിപ്പു വാങ്ങാൻ എന്റെ കൈയിൽ പണമില്ല.... എനിക്കു ഭർത്താവില്ല... എന്റെ അമ്മയ്ക്ക് ഒത്തിരി പ്രായമായി.... കുറെ ദൂരെയെങ്ങാൻ ചെന്നാൽ ഒരു പണികിട്ടുമോയെന്നു നോക്കി ഇറങ്ങിയതാ.’’

പാനോവ് അപ്പാപ്പൻ താൻ നിർമിച്ചുവിച്ചിരിക്കുന്ന കുഞ്ഞിച്ചെരിപ്പിനെക്കുറിച്ച് ഓർത്തു. താൻ നിർമിച്ചതിൽ ഏറ്റവും മനോഹരമായ പാദുകം. യേശുവിനു സമ്മാനിക്കാൻ സൂക്ഷിക്കുന്ന, ചിത്രശലഭത്തിന്റെ ചിറകുപോലെ മിനുസമുള്ള ചെരിപ്പ്. പഴന്തുണിപ്പുതപ്പിനെ കടന്ന് തണുപ്പ് മാന്തിപ്പറിക്കാൻ കാത്തുനിൽക്കുന്ന കുഞ്ഞു പാദങ്ങളിലേക്കു പാനോവ് അപ്പാപ്പൻ നോക്കി. പിന്നെ ഷെൽഫിന്റെ കൈയെത്താമൂലയിൽ പൊതിഞ്ഞുവച്ചിരുന്ന ചെരിപ്പ് എടുത്തു. പൊതിയഴിച്ചു, ചെരിപ്പിൽ പൊടിയുണ്ടെങ്കിൽ മാറാൻ ആഞ്ഞ് ഊതി.

അതുമായി കുഞ്ഞിന്റെ അടുത്തെത്തിയപ്പോൾ അമ്മയ്ക്ക് അമ്പരപ്പ്. പാദുകങ്ങളിലേക്ക് അവൾ വിറയ്ക്കുന്ന കൈകളോടെ കുഞ്ഞിന്റെ പാദങ്ങൾ കടത്തിയപ്പോൾ പാനോവ് അപ്പാപ്പൻ പറഞ്ഞു: ‘‘പതുക്ക... പതുക്ക...:’’

കുഞ്ഞ് അപ്പാപ്പനെ നോക്കി ചിരിച്ചു. കുഞ്ഞിന്റെ അമ്മയുടെ മുഖത്തും ഒരു ചെറുചിരി മഞ്ഞുതുള്ളിപോലെ സാന്ദ്രമായിത്തീർന്നിരുന്നു.
ആ പുഞ്ചിരിയോടെയാണ് അവർ ഇരുവരും പോയത്.

പിന്നെയും പാനോവ് അപ്പാപ്പൻ പുറത്തേക്കു നോക്കി ജനലരികിൽ ഇരുന്നു.

ഉച്ചയോടെ കുട്ടികൾ തെരുവിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഒരു കുട്ടി പുറത്തിറങ്ങിയാൽ ആ നിമിഷം മറ്റൊരുകുട്ടി പുറത്തുചാടും. നിമിഷങ്ങൾക്കുള്ളിൽ പത്തുപന്ത്രണ്ടു കുട്ടികൾ തെരുവിലിറങ്ങി. ഒരുനിമിഷം അവിടെയായിരുന്ന അവർ അടുത്തനിമിഷം അകലെയൊരിടത്താവും, അതിനടുത്ത നിമിഷം ഇവിടെ അല്ലെങ്കിൽ എവിടെയോ ആയിരിക്കും.

കുട്ടികൾ അടുത്തുകൂടി കടന്നുപോയപ്പോൾ പാനോവ് അപ്പാപ്പൻ കൈവീശിക്കാണിക്കുകയും അവരോടു കുശലം പറയുകയും ചെയ്തു. ‘‘അപ്പാപ്പോ, ഹാപ്പി ക്രിസ്മസ്’’ എന്ന് അവർ പ്രതികരിച്ചു.

വെയിൽ മങ്ങുകയും വീണ്ടും മഞ്ഞു പെയ്തുതുടങ്ങുകയും ചെയ്തപ്പോൾ കുട്ടികൾ അപ്രത്യക്ഷരായി. തെരുവു വിജനമായി.
ഇരുട്ടിനു കട്ടിയേറിയപ്പോൾ പാനോവ് അപ്പാപ്പന് വിഷമമായി. കഷ്ടം, യേശു വന്നില്ലല്ലോ! വരാമെന്നു പറഞ്ഞിട്ട്...അതോ, ഇതുവഴി കടന്നുപോയിരിക്കുമോ? താൻ അതിഥികളെ സൽക്കരിച്ചുകൊണ്ടിരുന്ന നേരം യേശു കടന്നുപോയിട്ടുണ്ടാകുമോ? അങ്ങനെയാവാനാണു വഴി. അല്ലാതെ, യേശു വാക്കുപാലിക്കാതിരിക്കില്ല. തനിക്കു വീട്ടിലേക്കു വിളിച്ചുകയറ്റാൻ കഴിഞ്ഞില്ലെന്നതു തന്റെ നിർഭാഗ്യം – പാനോവ് അപ്പാപ്പൻ തലയ്ക്കടിച്ചു. എന്നിട്ടു വാതിലും ജനാലയും അടച്ചു.

പാനോവ് അപ്പാപ്പന് ഇത്രയും വിഷമം തോന്നിയ ഒരു സന്ദർഭം അടുത്തൊന്നുമുണ്ടായിട്ടില്ല. പണ്ടു ഭാര്യ മരിച്ചപ്പോഴും പിന്നീട് മകൻ എത്താമെന്നു പറഞ്ഞ അവധികളിലൊന്നും എത്താതിരുന്നപ്പോഴും ഉണ്ടായ ഗദ്ഗദം ഇപ്പോൾ അപ്പാപ്പന് അനുഭവപ്പെട്ടു.
കണ്ണുകളിൽ ഓരോ തുള്ളി നീർ ഊറിവരുന്നതു പാനോവ് അപ്പാപ്പൻ അറിഞ്ഞു.

ഒരു സ്വപ്നത്തെ യാഥാർഥ്യമെന്നു ധരിച്ച താൻ ഒരു ശതാഭിഷിക്‌ത വിഡ്ഡിയാണെന്നു സ്വയം പരിഹസിച്ചുകൊണ്ട് ഉറക്കത്തിലേക്കു വീഴുമ്പോൾ പാനോവ് അപ്പാപ്പൻ പറഞ്ഞു: ‘‘എന്നാലും എന്റെ യേശൂ, ഒന്നു വന്നില്ലല്ലോ! എന്നെ പറ്റിച്ചല്ലോ!’’

അപ്പോൾ തന്റെ മുന്നിലേക്കൊരാൾ വരുന്നതു പാനോവ് അപ്പാപ്പൻ കണ്ടു. ആ തൂപ്പുകാരൻ! അയാൾ പറഞ്ഞു, ‘‘ഞാൻ വന്നിരുന്നല്ലോ!’’
പിന്നെയും ഒരാൾ വന്നു. താൻ ചെരിപ്പിനു വാർ സമ്മാനിച്ച മധ്യവയസ്കൻ. അയാൾ പറഞ്ഞു, ‘‘ഞാൻ വന്നിരുന്നല്ലോ.’’

ആ ദരിദ്രയുവതിയും കുഞ്ഞും – അവരും കടന്നുവന്നു. യുവതി പറഞ്ഞു, ‘‘ഞങ്ങൾ വന്നിരുന്നല്ലോ.’’ അതിനെ ശരിവച്ചുകൊണ്ടെന്ന മട്ടിൽ, കുഞ്ഞുപാദുകങ്ങളിട്ട ആ കുഞ്ഞ് പാനോവ് അപ്പാപ്പനെ നോക്കി പുഞ്ചിരിച്ചു. നന്നേ തണുത്ത ആ രാത്രിയിൽ പാനോവ് അപ്പാപ്പൻ നന്നേ സുഖമായി ഉറങ്ങി.
Other News
സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്
1818 ഡിസംബർ 24. ഓസ്ട്രിയയിലെ സാൽസ്ബുർഗിലുള്ള ഓബെൺഡോർഫ് ഗ്രാമത്തിൽ അന്ന് പതിവിലേറെ തണുപ്പാണ്. ഉച്ചയ്ക്കു മുമ്പുതന്നെ മഞ്ഞുവീഴ്ച കനത്തു. സെന്റ് നിക്കോളാസ് പള്ളിയിൽ പാതിരാക്കുർബാനയ്ക്കു മുമ്പു തീർക്കേണ്ട
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.