Back to Home
ഇത്ര വലിയ സദ്വാർത്ത വേറെ ഏതുണ്ട് ?
ഒരുകാലത്ത് അമേരിക്കൻ കാർട്ടൂണിസ്റ്റുകളുടെ തലവനായി കരുതപ്പെട്ടിരുന്ന അതുല്യപ്രതിഭയായിരുന്നു ജോൺ ടിന്നി മക്ട്ചിയോൺ (1870–1949). 1932–ൽ കാർട്ടൂണിനുള്ള പുലിറ്റ്സർ അവാർഡ് നേടിയ അദ്ദേഹം അവിസ്മരണീയമായ ഒട്ടനവധി കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. അവയിലൊന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജന്മശതാബ്ദിയുടെ അവസരത്തിൽ വരച്ചതാണ്.
ആ കാർട്ടൂണിൽ രണ്ടുപേർ സംസാരിച്ചുകൊണ്ടുനിൽക്കുന്നതായി കാണാം. അവർ നിൽക്കുന്ന പശ്ചാത്തലം ലിങ്കൺ ജനിച്ച ഗ്രാമമാണ്. അവരിലൊരാൾ ചോദിക്കുകയാണ്: ‘എന്തെങ്കിലും വാർത്തകളുണ്ടോ?‘ അപ്പോൾ രണ്ടാമത്തെയാൾ പറയുകയാണ്: ‘കാര്യമായി ഒന്നുമില്ല. ഓ, പിന്നെ തോമസ് ലിങ്കന്റെ വീട്ടിൽ ഒരു കുട്ടി പിറന്നിട്ടുണ്ട്. എന്നാൽ നിനക്ക് അറിയാവുന്നതുപോലെ, ഈ നാട്ടിൽ ഒരു പ്രധാനകാര്യവും സംഭവിക്കാറില്ല.‘

രണ്ടായിരംവർഷം മുൻപ് ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ ദൈവപുത്രനായ യേശു ജനിച്ചപ്പോൾ അവിടെ പരിസരത്തു താമസിച്ചിരുന്നവരോട് ആരോടെങ്കിലും ‘ഇവിടെ എന്തൊക്കെയുണ്ട് വാർത്തകൾ‘ എന്ന് ഒരാൾ ചോദിച്ചു എന്നു കരുതുക. അപ്പോൾ അയാൾക്കു ലഭിച്ച മറുപടി സ്വാഭാവികമായും ഇപ്രകാരമായിരുന്നിരിക്കും: ‘ഓ, പുതുതായി ഒന്നുമില്ല. പിന്നെ, ഇവിടെ ഒരു കാലിത്തൊഴുത്തിൽ മറിയം എന്ന ഒരു സ്ത്രീ ഒരു കുട്ടിയെ പ്രസവിച്ചിട്ടുണ്ട്. എന്നാൽ, ഈ നാട്ടിൽ ഒരു പ്രധാന കാര്യവും സംഭവിക്കാറില്ല എന്ന് അറിയാമല്ലോ.‘
1809 ഫെബ്രുവരി 12–ന് ഏബ്രഹാം ലിങ്കൺ കെൻടക്കിയിൽ ജനിച്ചപ്പോൾ ആ കുട്ടി അടിമകളുടെ വിമോചകനായി മാറുന്ന അമേരിക്കൻ പ്രസിഡന്റായിത്തീരുമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടാവുമോ? ഒരിക്കലുമില്ല.

ദൈവപുത്രനായ യേശു ജനിച്ചപ്പോഴും ആ ശിശു ആരാണെന്നോ ആ ശിശു എന്തായിത്തീരുമെന്നോ ആർക്കും അറിയില്ലായിരുന്നു. തന്മൂലം, യേശുവിന്റെ ജനനത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചിരുന്നെങ്കിൽ ആ പരിസരത്തുള്ളവർ അതിനു വലിയ പ്രാധാന്യം കൊടുക്കില്ലായിരുന്നു. എന്നാൽ, യേശുവിന്റെ ജനനം ലോകം കണ്ടിട്ടുള്ളതിലുംവച്ച് ഏറ്റവും വലിയ വാർത്തയായിരുന്നതുകൊണ്ട് സ്വർഗത്തിൽനിന്നു വന്ന ഒരു മാലാഖതന്നെയാണ് ആ സംഭവത്തിന്റെ പ്രാധാന്യം മറ്റുള്ളവരെ അറിയിച്ചത്.

ദൈവപുത്രനായ യേശു ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നപ്പോൾ ആ പരിസരത്ത് ആട്ടിൻകൂട്ടങ്ങൾക്കു കാവലായിരുന്ന ആട്ടിടയന്മാർക്കു മാലാഖ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: ‘ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത നിങ്ങളെ ഞാൻ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു. (ലൂക്ക 2:10–11).
മാലാഖ അറിയിച്ചതുപോലെ മനുഷ്യവംശത്തിന്റെ രക്ഷകനാണ് അന്ന് ബേത്ലഹേമിൽ ജനിച്ചത്. ആ മഹദ്സംഭവത്തിന്റെ ഓർമയാണ് ക്രിസ്മസ് ദിവസം നാം അനുസ്മരിക്കുന്നത്. അതോടൊപ്പം അന്ന് മാലാഖ നൽകിയ സന്ദേശവും ക്രിസ്മസ് ദിവസം നാം പങ്കുവയ്ക്കുകയാണ്.

സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷവാർത്തയായിരുന്നു രക്ഷകനായ ദൈവപുത്രന്റെ ജനനം. തന്മൂലം ആ വാർത്ത അന്ന് എന്നപോലെ ഇന്നും പങ്കുവയ്ക്കപ്പെടേണ്ട വാർത്തയാണ്. അതുകൊണ്ടുതന്നെ, ക്രിസ്മസ് ദൈവപുത്രനായ യേശുവിന്റെ ജനനം അനുസ്മരിക്കാൻ വേണ്ടി മാത്രമുള്ള ദിവസമല്ല. പ്രത്യുത ആ സദ്വാർത്ത ഭൂമുഖത്തുള്ള എല്ലാവരിലും എത്തിക്കാനുള്ള ദിവസംകൂടിയാണ്.
ദൈവപുത്രനായ യേശുവിന്റെ ജനനം സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ആണെന്നു സ്വർഗത്തിൽനിന്നറിയിച്ചിരിക്കുന്നതുകൊണ്ട് ആ വാർത്ത എല്ലാവർക്കും ലഭിക്കാൻ അവകാശമുണ്ട്. തന്മൂലം, യേശു മനുഷ്യവംശത്തിന്റെ കർത്താവും രക്ഷകനുമാണെന്ന വാർത്ത അതു കൈവശമുള്ളവർ മറ്റുള്ളവരെ അറിയിക്കാൻ കടപ്പെട്ടവരാകുന്നു.

യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള വാർത്ത കൈവശമുള്ളവർ അതു കൂടുതലായി പങ്കുവയ്ക്കേണ്ട ദിവസംകൂടിയാണ് ക്രിസ്മസ്. തന്മൂലം ക്രിസ്മസിന്റെ ആഘോഷങ്ങൾക്കു നടുവിൽ യേശുവിനെക്കുറിച്ചുള്ള സന്തോഷത്തിന്റെ സദ്വാർത്ത മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നാം മറന്നുപോകരുത്.

മനുഷ്യവംശം ഏറെനാൾ പ്രാർഥനാപൂർവം കാത്തിരുന്നതിനു ശേഷമാണ് രക്ഷകനായ യേശു ബേത്ലഹേമിൽ ജനിച്ചത്. ഈ കാത്തിരിപ്പ് ദുഃസഹമായിത്തീർന്നപ്പോഴാണ് ‘കർത്താവേ, ആകാശം പിളർന്ന് അങ്ങ് ഇറങ്ങിവരേണമേ‘ (ഏശയ്യ 61:1) എന്ന് ഇസ്രയേൽ ജനം മുട്ടിപ്പായി പ്രാർഥിച്ചത്. ആ പ്രാർഥനയുടെയുംകൂടി ഫലമെന്നോണം രക്ഷകനായ യേശു ബേത്ലഹേമിൽ ജനിച്ചു. മനുഷ്യവംശത്തിന്റെ ആ കാത്തിരിപ്പിന്റെയും പ്രാർഥനയുടെയുംകൂടി അനുസ്മരണമാണ് ക്രിസ്മസ്നാളിൽ നടക്കുന്നത്.

യേശുവിന്റെ പിറവിക്കുവേണ്ടി മനുഷ്യവംശം പ്രാർഥനാപൂർവം കാത്തിരുന്നതുപോലെ നാമും പ്രാർഥനാപൂർവം കാത്തിരുന്നേ മതിയാകൂ. എങ്കിൽ മാത്രമേ അവിടുന്ന് നമ്മുടെ ഹൃദയത്തിൽ ഇന്ന് അവതരിക്കൂ. എന്നാൽ നമ്മുടെ ഹൃദയത്തിൽ അവതരിക്കാൻ യേശുവിനു നാം അവസരം നൽകുന്നില്ലെങ്കിൽ നമ്മുടെ ക്രിസ്മസ് ആഘോഷങ്ങൾ അർഥശൂന്യമായി തീരുമെന്നതിൽ ആർക്കും സംശയം വേണ്ട.
ബേത്ലഹേമിൽ ജനിച്ച ദിവ്യപൈതലായ യേശുവിനു നമ്മുടെ ഹൃദയത്തിൽ ജനിക്കാൻ നാം അവസരം നൽകണം. അപ്പോഴാണ് നമ്മുടെ ഹൃദയത്തിൽ സമാധാനവും നമ്മുടെ ജീവിതത്തിൽ ജീവനുമുണ്ടാകുക. കാരണം, അവിടുന്ന് എവിടെയുണ്ടോ അവിടെ സമാധാനവും ശാന്തിയും ജീവനുമുണ്ടാകും.

എല്ലാവരുടെയും ഹൃദയത്തിൽ അവിടുന്ന് വീണ്ടും ജനിക്കട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം, അവിടുന്ന് നൽകുന്ന ശാന്തിയും സമാധാനവും സകലർക്കും നേരുന്നു.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Other News
കൂടെ നിൽക്കും സ്നേഹം
ക്രിസ്മസ്! ആരുമില്ലാത്തവർക്ക്, “ഞാനുണ്ട്’ എന്ന ഓർമപ്പെടുത്തലോടെ ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നതിന്റെ ഓർമദിനം. ക്ലേശങ്ങളിൽ ശക്‌തിപ്പെടുത്തുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഈ സ്നേഹവിചാരത്തിലാണ്
ക്രിസ്മസ്: കിഷോർ, റഫി
കിഷോർ കുമാറിന്റെ ശബ്ദത്തിൽ ജിംഗിൾ ബെൽസിന്റെ ഈണമുള്ള ഒരു പാട്ടുകേൾക്കുക.., മുഹമ്മദ് റഫി ദൈവപുത്രന്റെ അവതാരത്തെ വാഴ്ത്തിപ്പാടുന്നതുകേട്ട് സ്വയംമറക്കുക... ക്രിസ്മസ് രാവുകളിൽ പാട്ടുകേൾക്കാനിരിക്കുമ്പോൾ ഒര
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.