Back to Home
ക്രിസ്മസ്: കിഷോർ, റഫി
കിഷോർ കുമാറിന്റെ ശബ്ദത്തിൽ ജിംഗിൾ ബെൽസിന്റെ ഈണമുള്ള ഒരു പാട്ടുകേൾക്കുക.., മുഹമ്മദ് റഫി ദൈവപുത്രന്റെ അവതാരത്തെ വാഴ്ത്തിപ്പാടുന്നതുകേട്ട് സ്വയംമറക്കുക... ക്രിസ്മസ് രാവുകളിൽ പാട്ടുകേൾക്കാനിരിക്കുമ്പോൾ ഒരുപക്ഷേ ഈ സാധ്യതകളെക്കുറിച്ച് ആരും എളുപ്പത്തിൽ ഓർക്കില്ല. ലോകംകേട്ടതും ഏറ്റുപാടിയതുമായ ക്രിസ്മസ് ഗാനങ്ങൾ ഒട്ടേറെയുണ്ട്. സൈലന്റ് നൈറ്റും ജിംഗിൾ ബെൽസും മുതൽ മരിയ കെറിയുടെ ഓൾ ഐ വാണ്ട് ഫോർ ക്രിസ്മസ് വരെ..., മലയാളത്തിൽ പൈതലാം യേശുവേയും യഹൂദിയായിലെയും ശാന്തരാത്രിയും മുതൽ കാവൽ മാലാഖമാരേ വരെ... പതിനായിരക്കണക്കിനു പാട്ടുകളിൽനിന്ന് എത്രയൊക്കെ കേട്ടാലും ഈ കണക്കെടുപ്പ് അപൂർണമാകുമെന്നും നിശ്ചയം.

ഇതാ, ഹിന്ദിയിലെ എക്കാലത്തെയും മികച്ച ഗായകരായ കിഷോർ കുമാറും മുഹമ്മദ് റഫിയും പാടിയ ക്രിസ്തീയ ഭക്‌തിഗാനങ്ങളെക്കുറിച്ചറിയുക. ഹൃദയങ്ങളിൽ പ്രണയവും വിരഹവും ഉല്ലാസവും വിഷാദവും ഉന്മാദവും പാടിനിറച്ചവർ ഭക്‌തിയുടെയും ആഘോഷത്തിന്റെയും കൈപിടിച്ചുനടത്തുന്നതു കേൾക്കുക.

തമാശകളും കോമാളിത്തവും നിറഞ്ഞ ഗായകനായാണ് ഹിന്ദി ചലച്ചിത്രലോകം തുടക്കത്തിൽ കിഷോർ കുമാറിനെ വിലയിരുത്തിയിരുന്നത്. അദ്ദേഹത്തെ ഒരു ഗായകനായിപ്പോലും അംഗീകരിക്കാൻ അന്നത്തെ ചില പ്രമുഖ സംഗീത സംവിധായകർ തയാറായിരുന്നില്ല. കോമാളി ഇമേജിൽനിന്ന് പുറത്തിറങ്ങാൻ കിഷോർദാ സ്വയം ശ്രമിച്ചിരുന്നോ എന്നും സംശയമാണ്. നടൻ, ഗായകൻ, സംഗീതസംവിധായകൻ, നിർമാതാവ്, സംവിധായകൻ തുടങ്ങിയ അനേകം റോളുകൾ ഒരേസമയം ചെയ്ത്, സ്വതവേയുള്ള കിറുക്കുകളും കുസൃതികളും ചിരിച്ചാസ്വദിച്ച് മുന്നേറുകയായിരുന്നു അദ്ദേഹമന്ന്.

എഴുപതുകളുടെ തുടക്കത്തിൽ ഗാനരംഗത്ത് ശക്‌തമായ സാന്നിധ്യമായി കിഷോർ കുമാർ മാറി. 1974ൽ പുറത്തിറങ്ങിയ ശാൻദാർ എന്ന ചിത്രത്തിലേതാണ് തുടക്കത്തിൽ പറഞ്ഞ ജിംഗിൾ ബെൽസ് ഗാനം. രജീന്ദർ കൃഷന്റെ ആതാ ഹേ സാന്താക്ലോസ് ആതാ ഹെ (മെറി ക്രിസ്മസ്) എന്ന വരികൾക്ക് ഈണമൊരുക്കിയത് പ്രശസ്തരായ ലക്ഷ്മികാന്ത്– പ്യാരേലാൽ ആണ്. കിഷോർ കുമാറിന്റെയോ ലക്ഷ്മികാന്ത്–പ്യാരേലാൽ ദ്വയത്തിന്റെയോ ജനപ്രിയ ഹിറ്റുകളിൽ പെടുന്നതല്ല ഈ പാട്ട്. എന്നാൽ മഞ്ഞും തണുപ്പും കുട്ടികളും സമ്മാനങ്ങളുമായി ഈ പാട്ടുനൽകുന്ന ക്രിസ്മസിന്റെ ആഘോഷഭാവം അദ്വിതീയമാണ്. പ്രത്യേകിച്ച് കിഷോർ കുമാറിന്റെ ഉള്ളിൽത്തട്ടിയുള്ള ആലാപനം. മിക്കവാറും എന്തിനെയും ആഘോഷമാക്കുന്ന അദ്ദേഹത്തിന്റെ രീതിക്ക് ഏറെ ഇണങ്ങുന്നതായിരുന്നു ഈ പാട്ട്.

കിഷോർ കുമാറിനേക്കാൾ കൂടുതൽ ഭക്‌തിഗാനങ്ങൾ പാടിയിട്ടുള്ളത് മുഹമ്മദ് റഫിയാണ്. ആരാധകരുടെ വാക്കുകളിൽ ആത്മാവിനെ തൊടുന്നതാണ് അദ്ദേഹത്തിന്റെ ശൈലിയുടെ കരുത്തും. ചലോ ചലോ ദർശൻ കർനേ കോ ജഗ്രഖ്വാലാ ആയാ ഹേ എന്ന ഗാനം രക്ഷകന്റെ അവതാരത്തെ പ്രഘോഷിക്കുന്നു. എഴുപതുകൾക്കുമുമ്പ് പുറത്തിറങ്ങിയതാണ് ഈ ഗാനം. ഇന്നും പാട്ടുപ്രേമികൾ ഏറെയിഷ്‌ടത്തോടെ കേൾക്കുന്നു ഇത്.

ഏതാണ്ട് എട്ടുമിനിറ്റ് ദൈർഘ്യമുള്ള മറ്റൊരു ഗാനം ഇന്നും സംഗീതപ്രേമികളുടെ മനസുകളിലുണ്ട്. ചുരാനേ പാപ് സെ സബ്കോ എന്നുതുടങ്ങുന്ന ഈ പാട്ടും സിനിമയിലേതല്ല. അറുപതുകളുടെ അവസാനമോ എഴുപതുകളുടെ തുടക്കത്തിലോ ആവണം ഈ പാട്ട് റെക്കോർഡ് ചെയ്യപ്പെട്ടത്. മുംബൈയിലെ മധുകർ പാഠകിന്റെ മ്യൂസിക് കമ്പനിയാണ് ഇതിന് ഈണമൊരുക്കിയത്. യുട്യൂബിൽ ഇതുവരെ 85,000ത്തോളം തവണ ഈ പാട്ട് പ്ലേ ചെയ്തു.

എഴുപതുകളിലെ ആകാശവാണിക്കാലം ഓർമിക്കുന്നു ഈ പാട്ടിന്റെ ആരാധകരിൽ ചിലർ. പ്രഭാതങ്ങളിൽ ഭജനുകൾക്കൊപ്പം അന്ന് ഈ പാട്ട് പതിവായി കേൾപ്പിക്കാറുണ്ട്. രാവിലെ സ്കൂളിലേക്കുള്ള ഒരുക്കത്തിനിടെ കേൾക്കാറുള്ള ഈ പാട്ടു പകർന്നുനൽകിയ ഭക്‌തിച്ഛായ കമന്റുകളായി കുറിച്ചിടുകയാണ് അവർ. റഫിയുടെ മനോഹരമായ ആലാപനംതന്നെയാണ് പാട്ടിന്റെ പുണ്യം.

മഞ്ഞണിയുന്ന രാവുകൾക്ക് കൂടുതൽ മനോഹാരിത പകരുകയാണ് ക്രിസ്മസ് ഗാനങ്ങളും കരോളുകളും. രക്ഷകന്റെ പിറവിയോർമിച്ച് ഈ അപൂർവഗാനങ്ങളും കേൾക്കാം.

ഹരിപ്രസാദ്്
Other News
കൂടെ നിൽക്കും സ്നേഹം
ക്രിസ്മസ്! ആരുമില്ലാത്തവർക്ക്, “ഞാനുണ്ട്’ എന്ന ഓർമപ്പെടുത്തലോടെ ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നതിന്റെ ഓർമദിനം. ക്ലേശങ്ങളിൽ ശക്‌തിപ്പെടുത്തുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഈ സ്നേഹവിചാരത്തിലാണ്
ഇത്ര വലിയ സദ്വാർത്ത വേറെ ഏതുണ്ട് ?
ഒരുകാലത്ത് അമേരിക്കൻ കാർട്ടൂണിസ്റ്റുകളുടെ തലവനായി കരുതപ്പെട്ടിരുന്ന അതുല്യപ്രതിഭയായിരുന്നു ജോൺ ടിന്നി മക്ട്ചിയോൺ (1870–1949). 1932–ൽ കാർട്ടൂണിനുള്ള പുലിറ്റ്സർ അവാർഡ് നേടിയ അദ്ദേഹം അവിസ്മരണീയമായ ഒട്ടനവ
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.