Back to Home
കൂടെ നിൽക്കും സ്നേഹം
ക്രിസ്മസ്! ആരുമില്ലാത്തവർക്ക്, “ഞാനുണ്ട്’ എന്ന ഓർമപ്പെടുത്തലോടെ ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നതിന്റെ ഓർമദിനം. ക്ലേശങ്ങളിൽ ശക്‌തിപ്പെടുത്തുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഈ സ്നേഹവിചാരത്തിലാണ് ഭൂമിയുടെപോലും നിലനിൽപ്. അതെ, അവന്റെ പിറവി ലോകത്തിന്റെ ആകുലതകളെല്ലാം ഏറ്റെടുത്ത് സമാധാനത്തിലേക്ക് നയിക്കുന്നതാണ്. ഒരുകാര്യം ശരിയാണ്. വെട്ടിപ്പിടിക്കലുകളും കീഴടക്കലുകളുംകൊണ്ട് ചോരയുടെയും കരിഞ്ഞ മാംസത്തിന്റെയും നടുവിൽ ജീവിക്കേണ്ടി വരുന്നവരും തിരസ്കാരത്തിന്റെയും വഞ്ചനയുടെയും മുള്ളാണിപ്പുറത്തുകൂടി കടന്നുപോകേണ്ടിവരുന്ന നിസഹായ ജന്മങ്ങളുമൊക്കെ അവന്റെ പിറവിയിൽ കാരുണ്യത്തിന്റെ സ്നിഗ്ധതയും സ്നേഹത്തിന്റെ പൂർണതയും അനുഭവിച്ചറിയുന്നുണ്ട്.

ആധിയും വ്യാധിയും ആകുലതയുമൊക്കെ അലട്ടുന്ന മനസുകൾക്ക്, പിറക്കാനിടം കിട്ടാതെ അലഞ്ഞവന്റെ ജന്മം നൽകുന്ന സാന്ത്വനം ഇതാണ്, “ദൈവം നമ്മോടുകൂടെ.’ രണ്ടായിരം വർഷങ്ങൾക്കിപ്പുറവും മനുഷ്യരാശിയുടെ പ്രത്യാശ ആ ഒരൊറ്റക്കാര്യത്തിലാണ്. ദൈവം ആകാശങ്ങൾക്കപ്പുറമല്ല, ഭൂമിയിൽ മനുഷ്യർക്കിടയിൽ, മനുഷ്യർക്കൊപ്പമുണ്ട്. ബന്ധങ്ങളിൽ കയ്പിന്റെ മേഘപടലങ്ങൾ ഉയരുന്ന ലോകത്തിലും കാലത്തിലും ജീവിക്കുമ്പോൾ തിരുപ്പിറവിയുടെ ഓർമയ്ക്ക് അതുകൊണ്ടുതന്നെ ഏറെ പ്രസക്‌തിയുണ്ട്.

വിപരീത അനുഭവങ്ങളുടെ കുത്തൊഴുക്കിൽ ആരും തനിച്ചല്ല എന്നു പരസ്പരം ധൈര്യപ്പെടുത്താനുള്ള കാലമാണു ക്രിസ്മസ്. ബന്ധങ്ങളെ ഏറ്റവും പ്രസാദാത്മകമായി കാത്തുസൂക്ഷിക്കാനുള്ള കാലം. സത്യത്തിൽ അതാണ് ക്രിസ്മസിന്റെ ആത്മാവ്. ആത്മാവ് ഒന്നായിരുന്നിട്ടും ജീവിതം രണ്ടായി പിരിഞ്ഞകലാൻ നിർബന്ധിക്കപ്പടുന്ന സമകാലിക സാഹചര്യത്തിൽ പ്രത്യേകിച്ചും.

അവസാനംവരെ സ്നേഹിച്ചു’ എന്നാണ് ക്രിസ്തുവിന്റെ മഹാസ്നേഹത്തെ ബൈബിൾ വിശേഷിപ്പിക്കുന്നത്. മനുഷ്യന്റെ ബലഹീനതയിൽ ബലം പകർന്നും കുറവുകളിൽ നിറവേകിയും കൂടെ നിൽക്കുന്ന സ്നേഹത്തെ ഇതിനെക്കാൾ മനോഹരമായി എങ്ങനെ വർണിക്കാനാവും. ഓർക്കുക, ചുറ്റുമുള്ളവരുടെ ദുരിതജീവിതങ്ങളിൽനിന്നു കണ്ണീർപ്പാടുകൾ മായ്ച്ചുകളയാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്ന ഇടങ്ങളിലൊക്കെ ക്രിസ്തു ഇന്നും ജനിക്കുന്നുണ്ട്. തന്റെ അവതാരരഹസ്യത്തെപ്പറ്റി അവൻ പറഞ്ഞത് ഒന്നോർമിക്കുക. “ബന്ധിതർക്കു മോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാൻ ഞാൻ വന്നിരിക്കുന്നു. സഹജീവികളുടെ വേദനകളിൽ അനുഭാവപൂർവം പങ്കുചേരാൻ തക്കവിധം ഒരാളുടെ മനസു സ്നേഹംകൊണ്ടു നിറയുമ്പോൾ വാസ്തവത്തിൽ അയാൾ മുഴുവൻ ലോകത്തെയും ആലിംഗനം ചെയ്യുന്നുവെന്ന് മാത്രമല്ല, ക്രിസ്തുവിനോട് വളരെ അടുത്തുമാണ്. എല്ലാ കാലങ്ങളെയും എല്ലാ ദേശങ്ങളെയും എല്ലാ ജനപദങ്ങളെയും സ്പർശിച്ചു നിൽക്കുന്നൊരു സ്നേഹമാണ് ക്രിസ്മസ് എന്നു പറയുന്നതിന്റെ അടിസ്‌ഥാനവും ഇതുതന്നെ. ക്രിസ്മസിന്റെ ഹൃദയമെന്നു പറയുന്നത് ക്രിസ്തുവിന്റെ മനുഷ്യാവതാരമാണ്. ദൈവത്തിന്റെ കരുണയും സ്നേഹവും മനുഷ്യരൂപമെടുത്ത “രക്ഷകന്റെ പിറവി!’ ദൈവമാണ് ഒരു കുഞ്ഞായി പുൽക്കൂട്ടിൽ കിടക്കുന്നതെന്നും വെളിച്ചത്തിന്റെ പൈതലായി ഓരോരുത്തരും പുനർജനിക്കുന്ന തിരുനാൾകൂടിയാണ് ക്രിസ്മസ് എന്നും വല്യപ്പച്ചൻ പറഞ്ഞിരുന്നത് ഓർമിക്കുന്നു.

ക്രിസ്മസ് രാവിൽ ആട്ടിടയർ കേട്ട സന്ദേശം സമകാലികമായി ഒത്തിരി ആലോചനകൾക്കു പ്രേരിപ്പിക്കുന്നതുമാണ്. “നിങ്ങൾക്കായി ഒരു “രക്ഷകൻ’ പിറന്നിരിക്കുന്നു.’ നമുക്കറിയാം ജീവിതംകൊണ്ട് ഒരാൾ പുലർത്തുന്ന സമീപനമാണ് “രക്ഷകൻ, “ശിക്ഷകൻ’ എന്ന ഭാവമൊക്കെ നിർണയിക്കുന്നതെന്ന്. ജീവൻ വെടിഞ്ഞുപോലും അഭയം നൽകുന്നവരും പരിപാലിക്കുന്നവരും എന്നും എവിടെയും രക്ഷകരാണ്. കുഞ്ഞിന് അമ്മ, രോഗിക്ക് വൈദ്യൻ, വിദ്യാർഥിക്ക് അധ്യാപകൻ, ആത്മഹത്യാമുനമ്പിൽ നിൽക്കുന്നവനെ തിരികെ വിളിക്കുന്ന ചങ്ങാതി, അങ്ങനെയങ്ങനെ രക്ഷകരുടെ നിര അവസാനിക്കുന്നില്ല. ഓർത്തു നോക്കൂ.. എത്രയോപേരുടെ സ്നേഹവും കരുതലും കരുണയുമാണ് നമ്മുടെ ജീവിതത്തെ താരുംതളിരുമണിയിക്കുന്നത്. എന്നിട്ടോ? എത്രപേരുടെ ജീവിതത്തെ സ്പർശിക്കാൻ നമുക്കു സാധിക്കുന്നുണ്ട്. അതാണു പ്രധാനം.

ഒന്നുറപ്പാണ്. ജ്‌ഞാനത്തിന്റെ ഖനിയായ പുൽക്കൂട്ടിൽ നിന്നല്ലാതെ മറ്റൊരിടത്തുനിന്നും ശരിയായ സ്നേഹത്തിന്റെ പാഠം കിട്ടുന്നില്ല. ജാതിയും മതവും വർണവും രാഷ്ട്രീയവുമില്ലാത്ത സ്നേഹമാണത്. നിസഹായരുടെയും ദുർബലരുടെയും വേദനയറിയാതെ മനുഷ്യർക്കും ഭൂമിക്കും എതിരേ കൊലക്കത്തി ഉയർത്തുന്നവർ നിശ്ചയമായും ധ്യാനിക്കണം, ക്രിസ്തു എന്ന രക്ഷകനെ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുഞ്ചിരി എല്ലാ മുഖങ്ങളിലും വിരിയാൻ വേറെ കുറുക്കുവഴികളില്ല. അസ്തിത്വം സഹാസ്തിത്വമാണെന്ന് ഫ്രാൻസിസ് മാർപാപ്പ “ലൗദാത്തോ സി’ എന്ന ചാക്രികലേഖനത്തിൽ പറയുന്നുണ്ട്. മരം വെട്ടിയും മണ്ണു വിറ്റും പാവപ്പെട്ടവനിടമില്ലാതാക്കുന്നവർ മനുഷ്യനും പരിസ്‌ഥിതിക്കും എന്തു സംരക്ഷണമാണ് നൽകുന്നതെന്നുകൂടി ചിന്തിക്കാനുള്ള കാലമാണിത്.

ഫ്രാൻസിസ് മാർപാപ്പ കരുണയുടെ വർഷം പ്രഖ്യാപിച്ച ഈ കാലയളവിൽ നിശ്ചയമായും ക്രിസ്മസിന്റെ സാർവജനീനതയെക്കുറിച്ചും ചിന്തിക്കാതിരിക്കാനാവില്ല. കൈവെട്ടലും കാൽവെട്ടലും തലവെട്ടലുമായി ആസുരമായൊരു കാലത്തിലൂടെ ലോകം കടന്നുപോകുമ്പോൾ, ഇതരമതത്തിൽപെട്ടവരും ദേശ–സംസ്കാരങ്ങൾ വ്യത്യസ്തരായവരുമൊക്കെ ക്രിസ്തുവിനെ സ്നേഹിക്കുന്നത് അവനിൽ മനുഷ്യസ്നേഹിയായ ഒരു ഗുരുവിനെ കാണുന്നതുകൊണ്ടുതന്നെയാണ്. തിരസ്കരിക്കപ്പെടുന്നവർക്കും ഒറ്റപ്പെടുന്നവർക്കും അഭയമുണ്ട് എന്നു പ്രത്യാശിക്കാനുള്ള ധൈര്യമുണ്ടാകുന്നത് അങ്ങനെയാണ്.

ക്രിസ്മസ്വേളയിൽ സാന്ത്വനം തരുന്ന മറ്റൊരു കാര്യമിതാണ്, മനുഷ്യന്റെ ദുരിതമവനറിയാം. ജനനവേളയിൽ രക്ഷകനെ തിരിച്ചറിയാൻ ആട്ടിടയർക്കുള്ള അടയാളവാക്യം എന്തായിരുന്നെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. “പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.’ സുഖലോലുപതകളിൽ തിമിർക്കുന്ന ആധുനികലോകത്തിന്റെ ചങ്കിലേക്കുകൂടിയാണ് ഈ വചനം ഒരു മിസൈൽപോലെ പാഞ്ഞുവരുന്നത്. ആനുപാതികമല്ലാത്ത നമ്മുടെ ആർഭാടങ്ങൾകൊണ്ട് എന്തു നേടുന്നു നമ്മൾ? ഒരു തുണ്ടു ഭൂമിയോ കയറിക്കിടക്കാൻ ഒരു കുടിലോ ഇല്ലാത്തവർ ഇനി ധൈര്യമായി പറയൂ, “ക്രിസ്തു ഞങ്ങളുടേതാണ്.’ കാരണം പുൽക്കൂട്ടിലെ ആ ചെറുപൈതൽ അവരിലൊരാളാണ്. ഇടയന് ആടുകളുടെ മണമുണ്ടായിരിക്കണം എന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതുതന്നെ കാര്യം.

കോടിക്കണക്കിന് ആളുകൾ അന്നമില്ലാതെയും ആവശ്യത്തിനു വസ്ത്രമില്ലാതെയും എന്തിന്, വെയിലും മഴയും ഏല്ക്കാതെ ഒരു പടുത വലിച്ചുകെട്ടി മേൽക്കൂരയുണ്ടാക്കാൻപോലും കഴിവില്ലാതെയും അരക്ഷിതരായി കഴിയുമ്പോൾ ക്രിസ്തു അവരോടൊപ്പമല്ലെന്ന്, അവരിലൊരാളല്ലെന്ന് ഇനി ആർക്കു പറയാൻ കഴിയും. പോർക്കളങ്ങളിലും വിലാപഭൂമികളിലും നിന്നുയരുന്ന പരതന്ത്രന്റെ അർഥനകൾക്കും സങ്കടങ്ങൾക്കും വിലയുണ്ടാകുന്നത് സത്യമായും അവിടെ ക്രിസ്തു ഉള്ളതുകൊണ്ടാണ്.

സ്വന്തം ജനത്തിന്റെ കണ്ണും കാതും നാവും മനഃസാക്ഷിയുമാകേണ്ടവർപോലും ഒരുതരം മൂഢസ്വർഗത്തിലോ മയക്കത്തിലോ കഴിയുകയാണിന്ന്.
സ്ത്രീകളും കുട്ടികളും ദരിദ്രരും നിസഹായരുമൊക്കെ ഇത്രമാത്രം സഹിക്കേണ്ടി വരുന്നത് കൂടെ നിൽക്കുന്ന സ്നേഹം അന്യമാകുന്നതുകൊണ്ടു തന്നെയാണ്. പലരും സ്വന്തം നാടുവിട്ട് അലയേണ്ടി വരുന്നതും അതുകൊണ്ടാണ്. അത് ഒരു രാജ്യത്തു നിന്നുള്ള പലായനം മാത്രമല്ല, ഒരിക്കൽ സ്നേഹവും സുരക്ഷിതത്വ

വും അനുഭവപ്പെട്ടിരുന്ന ഇടങ്ങളിൽ നിന്നുള്ള പലായനവുമാകാം. നമ്മുടെ ഹൃദയത്തിൽനിന്ന് ആരെങ്കിലുമൊക്കെ നിലവിളിച്ചുകൊണ്ട് ഓടിപ്പോകുന്നുണ്ടോ, പണ്ട് നാപ്പാം തീമഴയിൽനിന്ന് കിം ഫുക് എന്ന ഒമ്പതുവയസുകാരി വിയറ്റ്നാം പെൺകുട്ടി ഓടിയതുപോലെ. ദൈവത്തെയോർത്ത് സ്വന്തം ഹൃദയത്തിലേക്കും കുടുംബത്തിലേക്കുംകൂടി കരുണയോടെ ഒന്നു നോക്കുമോ?
ഭീതി നിശബ്ദമാക്കിയ ലക്ഷക്കണക്കിനു മനുഷ്യരുടെ കണ്ഠങ്ങളിൽനിന്ന് ഈ ക്രിസ്മസ് കാലത്ത് സ്വാതന്ത്ര്യത്തിന്റെ, സ്നേഹത്തിന്റെ ഗ്ലോറിയാഗീതങ്ങൾ ഉയരട്ടെ എന്നൊരു പ്രാർഥനമാത്രം...

ഹാപ്പി ക്രിസ്മസ്!

സി. എലൈസ്മേരി ചേറ്റാനി എഫ്സിസി
Other News
ക്രിസ്മസ്: കിഷോർ, റഫി
കിഷോർ കുമാറിന്റെ ശബ്ദത്തിൽ ജിംഗിൾ ബെൽസിന്റെ ഈണമുള്ള ഒരു പാട്ടുകേൾക്കുക.., മുഹമ്മദ് റഫി ദൈവപുത്രന്റെ അവതാരത്തെ വാഴ്ത്തിപ്പാടുന്നതുകേട്ട് സ്വയംമറക്കുക... ക്രിസ്മസ് രാവുകളിൽ പാട്ടുകേൾക്കാനിരിക്കുമ്പോൾ ഒര
ഇത്ര വലിയ സദ്വാർത്ത വേറെ ഏതുണ്ട് ?
ഒരുകാലത്ത് അമേരിക്കൻ കാർട്ടൂണിസ്റ്റുകളുടെ തലവനായി കരുതപ്പെട്ടിരുന്ന അതുല്യപ്രതിഭയായിരുന്നു ജോൺ ടിന്നി മക്ട്ചിയോൺ (1870–1949). 1932–ൽ കാർട്ടൂണിനുള്ള പുലിറ്റ്സർ അവാർഡ് നേടിയ അദ്ദേഹം അവിസ്മരണീയമായ ഒട്ടനവ
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.