'കുട്ടിച്ചാത്തന്‍' അപ്പച്ചനെ രക്ഷിച്ചു എം. ജോസ് ജോസഫ്
കൊച്ചി: എല്ലാ അര്‍ഥത്തിലും മലയാള സിനിമാവ്യവസായത്തില്‍ വെന്നിക്കൊടി പാറിച്ചവനെങ്കിലും അപ്പച്ചനും കഷ്ടകാലത്തിന്റെ മൂര്‍ധന്യാവസ്ഥയും അനുഭവിക്കേണ്ടിവന്നിരുന്നു. ചെന്നൈയില്‍ കിഷ്കിന്ധ പാര്‍ക്കു തുടങ്ങാനെടുത്ത ബാങ്ക് വായ്പയാണ് അപ്പച്ചനു കെണിയൊരുക്കിയത്. അതേസമയത്തുതന്നെ നടന്ന ബൈബിള്‍ ടെലിവിഷന്‍ സീരിയലിന്റെ ചിത്രീകരണവും അദ്ദേഹത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കുകയും ചെയ്തു. കിഷ്കിന്ധ തുടങ്ങുന്ന സമയത്തു നാട്ടില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് അതു മാത്രമായിരുന്നു. എന്നാല്‍, താമസിയാതെ മറ്റു പല പാര്‍ക്കുകളും കടുത്ത മത്സരവുമായി രംഗത്തെത്തി. മത്സരത്തിന്റെ ഭാഗമായാകാം കിഷ്കിന്ധയിലെ വെള്ളത്തെപ്പറ്റി അപവാദങ്ങള്‍ പ്രചരിച്ചു. പൊതുവേ വെള്ളത്തിനു ക്ഷാമമുള്ള തമിഴ്നാട്ടില്‍ അപ്പച്ചന്‍ തന്റെ പാര്‍ക്കില്‍ ഉപയോഗിക്കുന്ന വെള്ളം മോശമാണെന്നായിരുന്നു പ്രചാരണം.

പാര്‍ക്കില്‍ കുടുംബസമേതം വരേണ്ട വിനോദയാത്രക്കാര്‍ മറ്റു പാര്‍ക്കുകള്‍ തേടിപ്പോയി. പാര്‍ക്കിലെ വരുമാനം കുറഞ്ഞു. ബാങ്കിലെ തുക അടയ്ക്കാനാവാതെ പലിശയും പിഴപ്പലിശയുമായി കോടികള്‍ കവിഞ്ഞു. ബാങ്കിലെ കുടിശിക ഇനത്തിലുള്ള കോടികളുടെ സംഖ്യ ഉടന്‍ അയയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തിനടപടി നേരിടേണ്ടി വരുമെന്നും അറിയിച്ചു നോട്ടീസെത്തിയത് അപ്പോഴാണ്.

തുടര്‍ന്ന്, അപ്പച്ചന്റെ വസ്തുവകകള്‍ കണ്ടുകെട്ടുകയും “ബോധപൂര്‍വം കുടിശിക വരുത്തുന്ന’ ഇടപാടുകാരനായി മുദ്രകുത്തി ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു. പിഴപ്പലിശ ഒഴിവാക്കി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പാക്കേജാണ് ഏറെനാളത്തെ പരിശ്രമഫലമായി അപ്പച്ചന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തില്‍നിന്നു നേടിയത്. എന്നാല്‍, പദ്ധതി നടപ്പാക്കാന്‍ ബാങ്ക് തയാറായില്ല. പിന്നീട് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തി.

കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാല്‍ തന്റെ സങ്കടം കണ്ടു തന്നാല്‍കഴിയുന്നതു ചെയ്യാന്‍ ആത്മാര്‍ഥത കാണിച്ചുവെന്ന് അപ്പച്ചന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്നു മുംബൈയില്‍ ശിവസേനയുടെ ഒരു മന്ത്രിയെയും ഇതുമായി ബന്ധപ്പെട്ട് അപ്പച്ചനു കാണേണ്ടിവന്നു. താന്‍ ബൈബിള്‍ സീരിയല്‍ പിടിച്ച ആളായതുകൊണ്ട് ശിവസേനക്കാരന്‍ സഹായിക്കില്ല എന്നാണ് അപ്പച്ചന്‍ കരുതിയത്.

എന്നാല്‍, മന്ത്രിയും മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ കടുത്ത ആരാധകനായിരുന്നു. മനുഷ്യരെ ഇത്രയധികം രസിപ്പിച്ച ഒരു നിര്‍മാതാവിനു വേണ്ടി എന്താണു താന്‍ ചെയ്യേണ്ടതെന്നാണ് അദ്ദേഹം ചോദിച്ചത്. അപ്പച്ചന്‍ ആവശ്യപ്പെട്ട കാര്യം അദ്ദേഹം ചെയ്തു കൊടുക്കുകയും ചെയ്തു.

കുട്ടിച്ചാത്തനിലൂടെ നവോദയ അപ്പച്ചനെ ഇന്ത്യ മുഴുവനും അറിഞ്ഞു. ആ ഇഷ്ടവും സ്നേഹവും ഒരു പരിചയപ്പെടുത്തലുമില്ലാതെ ഓഫീസുകളില്‍ കയറിയിറങ്ങാനും അധികാരികളോടു കാര്യം പറയാനും അപ്പച്ചന് അവസരമൊരുക്കി. ബാങ്ക് ചെയര്‍മാന്‍ അപ്പച്ചന്റെ പ്രശ്നം അനുഭാവപൂര്‍വം പരിഗണിക്കുകയും വണ്‍ ടൈം സെറ്റില്‍മെന്റിന് അവസരമൊരുക്കുകയും ചെയ്തു.

ജീവിതത്തില്‍ വെല്ലുവിളികളെ നേരിടാന്‍ തന്നെ പഠിപ്പിച്ചതു കുട്ടനാട്ടിലെ ബാല്യകാലമാണെന്ന് അദ്ദേഹം എന്നും പറയുമായിരുന്നു. പ്രതിസന്ധികളില്‍ തളരാതെ പോരാടാന്‍ പ്രകൃതിയോടു മല്ലിട്ടുള്ള കുട്ടനാടന്‍ ജീവിതം ഒട്ടൊന്നുമല്ല സഹായിച്ചത്. 1940കളില്‍ അപ്പച്ചന്‍ ഉദയായില്‍ വന്നതു മുതല്‍ അദ്ദേഹത്തിന്റെ ജീവിതം പോരാട്ടങ്ങളുടേതാണ്. കുട്ടനാട്ടിലെ വെള്ളത്തില്‍നിന്നു കുട്ടിക്കാലത്തു കിട്ടിയ ആത്മശക്തിയെപ്പറ്റി പറയുമ്പോള്‍ പില്‍ക്കാലത്ത് അറബിക്കടലിലെ അലറുന്ന തിരമാലകള്‍ക്കു മുമ്പില്‍ അപ്പച്ചന്‍ മരണത്തെ മുഖാമുഖം കണ്ട അനുഭവം അദ്ദേഹം അനുസ്മരിച്ചിരുന്നു.

പാവങ്ങള്‍ പെണ്ണുങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്. പുറങ്കടലില്‍ പത്തേമാരിയില്‍ സ്ത്രീകളെ കടത്തിക്കൊണ്ടുപോവുന്നതാണു രംഗം. ഒരു പത്തേമാരിയില്‍ പെണ്ണുങ്ങള്‍. മറ്റൊന്നില്‍ കാമറയും മറ്റുമായി അടുത്ത സംഘം. പുറങ്കടലില്‍ വളരെ ശ്രമപ്പെട്ടു ചിത്രീകരണം നടക്കുകയാണ്. സംവിധായകന്‍ കുഞ്ചാക്കോ കാര്യങ്ങള്‍ അപ്പച്ചനെ ഏല്‍പ്പിച്ചിട്ട് കരയിലുണ്ട്. കടലില്‍ വിവിധ ആംഗിളുകളില്‍ തെറ്റില്ലാതെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴാണു പെട്ടെന്ന് അന്തരീക്ഷം മാറിയത്. ആകാശം കറുത്തിരുളുന്നു. മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. അതിനെക്കാള്‍ ഭീതിതമായ രൂപത്തില്‍ കാറ്റ് ആഞ്ഞു വീശുന്നു. തിരമാലകള്‍ ചുരുണ്ടുനിവര്‍ന്നു മേലേക്കുയരുന്നു. പത്തേമാരി തിരമാലകളില്‍പ്പെട്ടു കീഴ്മേല്‍ ആടിയുലയുന്നു. അതെല്ലാം കണ്ട് എല്ലാവരും നടുങ്ങിവിറച്ചു. അടിമപ്പെണ്ണുങ്ങളായി അഭിനയിക്കാന്‍ പത്തേമാരിയിലുള്ള സ്ത്രീകള്‍ വലിയ വായില്‍ ആര്‍ത്തുകരയുന്നു. എല്ലാവരെയും ആശ്വസിപ്പിക്കാന്‍ അപ്പച്ചന്‍ പാടുപെടുകയാണ്. ആരും കരയരുത്.. ഭയക്കരുത്.. ഒന്നും സംഭവിക്കില്ലയെന്നൊക്കെ അപ്പച്ചന്‍ ഉറക്കെപ്പറയുന്നുണ്െടങ്കിലും അപ്പച്ചനും വല്ലാതെ പകച്ചുപോയ സന്ദര്‍ഭം.


വെള്ളത്തിനു നടുവില്‍ മരണത്തെ മുഖാമുഖം കണ്ട ആ വേളയില്‍ ആത്മവിശ്വാസം ഒന്നുമാത്രം അപ്പച്ചനു തുണയായി. എന്നാല്‍, ആ ആത്മവിശ്വാസം തന്നില്‍ രൂഢമൂലമാകാന്‍ ഇടയാക്കിയതു പുളിങ്കുന്നത്തെ കുട്ടിക്കാലവും അവിടെ വെള്ളത്തില്‍ ചുറ്റിക്കളിച്ചതില്‍ നിന്നുള്ള ധൈര്യവുമാണെന്ന് അപ്പച്ചന്‍ അനുസ്മരിക്കുമായിരുന്നു.

സിനിമയെടുക്കുകയെന്നു പറഞ്ഞാല്‍ റിസ്കെടുക്കുക എന്നതിന്റെ പര്യായമാണെന്നു ബോധ്യപ്പെട്ട അനുഭവങ്ങള്‍ ഉദയായില്‍നിന്നുതന്നെ ലഭിച്ചു. ഉദയായുടെ ആദ്യത്തെ പടംതന്നെ എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ ഉദയായുടെ അതുവരെയുള്ള സമ്പാദ്യങ്ങള്‍ മുഴുവന്‍ വെള്ളത്തിലായി എന്നുമാത്രമല്ല സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ടു കുഞ്ചാക്കോ ജയിലിലാവുക പോലുമുണ്ടായി. അപ്പച്ചന്‍ കുഞ്ചാക്കോയുടെ ജയില്‍വാസം കണ്ടാണു സിനിമയുടെ ലോകത്തേക്കു വരുന്നത്. അവിടെനിന്നു കുഞ്ചാക്കോയെ മോചിപ്പിച്ച് ഉദയയായെ ഒരു കര എത്തിക്കുന്നതുവരെ കുഞ്ചാക്കോയുടെ വലംകൈയായി നിന്നു നടത്തിയ പോരാട്ടം മലയാളികള്‍ക്കു രസിക്കാന്‍ പാകത്തിലുള്ള കുറേ ചിത്രങ്ങളും സമ്മാനിച്ചു. പില്‍ക്കാലത്ത് അപ്പച്ചന്‍ നവോദയ സ്ഥാപിച്ച് എല്ലാക്കാലത്തെയും റിസ്കെന്നു പറയാന്‍ പാകത്തിലുള്ള ചിത്രങ്ങളും നിര്‍മിക്കുകയുണ്ടായി. ത്രീഡി കുട്ടിച്ചാത്തനും പടയോട്ടവും മഞ്ഞില്‍ വിരിഞ്ഞ പൂക്കളുമെല്ലാം ഓരോ വിധത്തില്‍ വ്യത്യസ്തവും അതിനാല്‍ത്തതന്നെ റിസ്ക് പേറുന്നതുമായിരുന്നു.

അപ്പച്ചന്റെ സിനിമാജീവിതംപോലെതന്നെ റിസ്കെടുത്തു കൊണ്ടുള്ളതായിരുന്നു മറ്റു ബിസിനസുകളും. കിഷ്കിന്ധ അമ്യൂസ്മെന്റ് പാര്‍ക്ക് എന്ന സങ്കല്‍പ്പം ഇന്ത്യയില്‍ ആദ്യം യാഥാര്‍ഥ്യമാക്കാന്‍ ചങ്കൂറ്റം കാണിച്ചത് അപ്പച്ചനാണെന്ന് ഓര്‍ക്കുക. അങ്ങനെയൊരു തീം പാര്‍ക്ക് തമിഴ്നാട്ടില്‍ തുടങ്ങി വിജയിച്ചു കയറുന്ന സമയത്ത് അവിടുള്ളവര്‍ക്ക് ഒരു വ്യത്യസ്ത ഐറ്റമെന്ന നിലയ്ക്കാണു ചുണ്ടന്‍വള്ളങ്ങള്‍ കുട്ടനാട്ടില്‍നിന്ന് അപ്പച്ചന്‍ മദ്രാസിലെത്തിച്ചത്.

കുട്ടനാടന്‍ ചുണ്ടന്‍വള്ളങ്ങള്‍ തിരക്കേറിയ മദ്രാസ് നഗരത്തിലൂടെ താംബരത്തെ കിഷ്കിന്ധയില്‍ എത്തിക്കാന്‍ ഉണ്ടായ പ്രതിസന്ധികള്‍ ചില്ലറയല്ല. റോഡു മുഴുവന്‍ ബ്ളോക്കാവുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാവും. ട്രാഫിക് തടസങ്ങളെ അതിജീവിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ പക്കല്‍നിന്നു പ്രത്യേക അനുമതി വാങ്ങിയാണ് അപ്പച്ചന്‍ ചുണ്ടന്‍വള്ളം കിഷ്കിന്ധയില്‍ എത്തിച്ചത്.