കുസാറ്റ് കേന്ദ്ര സ്ഥാപനമാക്കാന്‍ നടപടി പൂര്‍ത്തിയായി: ശശി തരൂര്‍
തിരുവനന്തപുരം: കുസാറ്റിനെ (കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി) കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാക്കാന്‍ നടപടി പൂര്‍ത്തിയായതായി കേന്ദ്ര മാനവ വിഭവ ശേഷി സഹമമന്ത്രി ശശി തരൂര്‍. പ്രസ് ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുസാറ്റിനെ കേന്ദ്ര സ്ഥാപനമാക്കുന്നതോടെ ഐഐടി നിലവാരത്തിലാകും. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കാസര്‍ഗോഡ് കിട്ടിയതിനാല്‍ കേരളത്തിന് ഐഐടി കിട്ടിയില്ല. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ഐഐടിയും കേന്ദ്ര യൂണിവേഴ്സിറ്റിയും ഉണ്ട്. യുപി ഇതിന് ഉദാഹരണമാണ്. ഇക്കാര്യം എംപിയായിരിക്കേ താന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

ഐഐടി തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതിയും കേന്ദ്ര ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരവും വേണം. വര്‍ഷം തോറും കേന്ദ്രഫണ്ട് ലഭ്യമാക്കിയാല്‍ മാത്രമേ ഐഐടി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ.


വിദേശ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ചു ബില്‍ വരേണ്ടതുണ്ട്. കോളജുകളില്‍ വിദേശ ടീമുകള്‍ ഇപ്പോള്‍തന്നെ വരുന്നുണ്ട്. വിദേശ ടീമുകളുടെ വരവിലൂടെ വിദ്യാഭ്യാസവും സാങ്കേതികവിദ്യാ കൈമാറ്റവും ശക്തമാക്കാനാകും.

ദേശീയഗാനത്തോടു താന്‍ അനാദരവ് കാട്ടിയെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല. ആവശ്യമില്ലാത്ത കേസാണത്. കേസില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം നുണയാണ്. ജില്ലാ കളക്ടര്‍, പോലീസ് മേധാവി തുടങ്ങിയവരെല്ലാം വേദിയില്‍ സന്നിഹിതരായിരുന്നു. കേസിനായി പണവും സമയവും വെറുതേ ചെലവഴിക്കുകയാണ്. കേസ് തീര്‍പ്പാക്കാതെ തുടര്‍ന്നു നടത്തുന്നെങ്കില്‍ നടത്തിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു.