വയനാട്ടില്‍ വീണ്ടും കടുവ; ആടിനെ കൊന്നു
സുല്‍ത്താന്‍ ബത്തേരി/മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് കല്ലൂരിലിറങ്ങിയ കടുവ ആടിനെ കൊല്ലുകയും മാനന്തവാടി പനവല്ലിയില്‍ പോത്തിനെ ആക്രമിക്കുകയും ചെയ്തു. കടുവശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ നാട്ടുകാര്‍ കോഴിക്കോട് - ബാംഗളൂര്‍ ദേശീയപാത ഉപരോധിച്ചതിനു പിന്നാലെയാണു രണ്ടിടത്തു കടുവയിറങ്ങിയത്.

ഇന്നലെ വൈകുന്നേരം അഞ്ചോടെ കല്ലൂര്‍ അറുപത്തേഴിലെ പണപ്പാടി കല്യാണിയുടെ ആടിനെയാണു കടുവ ആക്രമിച്ചുകൊന്നത്. പനവല്ലി കൂമ്പാരക്കുണ്ട് കെ. തിമ്മപ്പന്റെ രണ്ടു വയസുള്ള പോത്തിനെ ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണു കടുവ ആക്രമിച്ചത്. വയലില്‍ മേയാന്‍ വിട്ടതായിരുന്നു. കടുവ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ എട്ടുമുതല്‍ 11 വരെ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണഭട്ട്, ഡിഎഫ്ഒ എസ്. ശ്രീകുമാര്‍ എന്നിവരെത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്കിയതോടെയാണു ജനം പിരിഞ്ഞത്. വൈകുന്നേരം വീണ്ടും കടുവയുടെ ആക്രമണമുണ്ടായതോടെ നാട്ടുകാര്‍ വീണ്ടും ഹൈവേ ഉപരോധിച്ചു. സുല്‍ത്താന്‍ ബത്തേരില്‍നിന്നു പോലീസ് എത്തിയാണു സമരക്കാരെ ഒഴിപ്പിച്ചത്.


പനവല്ലിയില്‍ കടുവ പോത്തിനെ ആക്രമിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ നോര്‍ത്ത് വയനാട് ഡിഎഫ്ഒ എ. ഷാനവാസ്, ബേഗൂര്‍ റെയ്ഞ്ചര്‍ ഡി.ദേവസ്യ, തിരുനെല്ലി എസ്ഐ ഒ.കെ. പാപ്പച്ചന്‍ എന്നിവരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.