പോള്‍ വധക്കേസ്: സാക്ഷിവിസ്താരം ഇന്നാരംഭിക്കും
തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ വധക്കേസിലെ സാക്ഷിവിസ്താരം സിബിഐ പ്രത്യേക കോടതിയില്‍ ഇന്നാരംഭിക്കും. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ഐജി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം എറ്റെടുത്തു. അന്വേഷണത്തിനൊടുവില്‍ 25 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു.

എന്നാല്‍, അന്വേഷണം അപൂര്‍ണമാണെന്നു ചൂണ്ടിക്കാട്ടി പോളിന്റെ പിതാവ് എം.ജി. ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. ആയുധം കണ്െടത്തും മുന്‍പേ ആക്രമിക്കാന്‍ ഉപയോഗിച്ചത് എസ് കത്തിയാണെന്ന് ഐജി വിന്‍സന്‍ എം. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് ഉള്‍പ്പെടെ വിമര്‍ശിച്ച ഹൈക്കോടതി അന്വേഷണം സിബിഐക്കു കൈമാറുകയായിരുന്നു. 2010 ഡിസംബറില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ സിബിഐ കൊലക്കുറ്റത്തിനും ഗുണ്ടാ ആക്രമണത്തിനു ഗൂഢാലോചന നടത്തിയതിനുമായി രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു.

കുരങ്ങ് നസീര്‍ എന്നയാളെ ആക്രമിക്കുന്നതിനായി ചങ്ങനാശേരിയില്‍നിന്നു മണ്ണാഞ്ചേരിയിലേക്ക് കാരി സതീഷും കൂട്ടരും പോകുന്നതിനിടെ പൊങ്ങയ്ക്കു സമീപം പോള്‍ ഓടിച്ച കാര്‍ ഒരു ബൈക്കില്‍ തട്ടിയെങ്കിലും നിര്‍ത്തിയില്ല. പോളിന്റെ വാഹനത്തെ ഇവര്‍ പിന്തുടര്‍ന്നു. ജ്യോതി ജംഗ്ഷനു സമീപം വാഹനം നിര്‍ത്തിയ പോളിനെ കാരി സതീഷും കൂട്ടരും ചേര്‍ന്ന് ആക്രമിച്ചു കുത്തിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കുറ്റപത്രം. ഇരുകേസുകളിലും പതിനാലു പ്രതികളാണു വിചാരണ നേരിടുന്നത്.


പോലീസ് പ്രതിചേര്‍ത്ത 25 പ്രതികളില്‍ ഗുണ്ടാ നേതാക്കളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ഉള്‍പ്പെടെ എട്ടുപേരെ സിബിഐ സാക്ഷികളാക്കി. ഇതിനു പുറമേ ഏഴു പ്രതികളെ മാപ്പുസാക്ഷികളും പോലീസ് ഒഴിവാക്കിയ നാലു പേരെ പ്രതികളുമാക്കി. സാക്ഷിവിസ്താരത്തിന്റെ ആദ്യഘട്ടം ഈ മാസം 30 വരെയും രണ്ടാം ഘട്ടം ഡിസംബര്‍ 17 മുതല്‍ 21 വരെയുളള ദിവസങ്ങളിലും പൂര്‍ത്തീകരിക്കും. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 241 സാക്ഷികളെയാണു വിസ്തരിക്കുന്നത്.