കൊലപാതകം നടക്കുമ്പോള്‍ ബംഗാളിലായിരുന്നെന്നു മണി
കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ ജുഡീഷല്‍ കസ്റഡിയില്‍ കഴിയുന്ന സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ നവംബര്‍ 21ന് അറസ്റിലായ മണി നെടുങ്കണ്ടം ഫസ്റ്ക്ളാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലും തൊടുപുഴ സെഷന്‍സ് കോടതിയിലും നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയതിനെത്തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

1982ല്‍ നടന്ന വധക്കേസ് സംബന്ധിച്ച് തൊടുപുഴ മണക്കാട്ട് നടന്ന പാര്‍ട്ടി യോഗത്തില്‍ എം.എം. മണി വെളിപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരമാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും രജിസ്റര്‍ ചെയ്തത്. എന്നാല്‍, സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നു മണി പറയുന്നു. കൊലക്കേസ് നടക്കുമ്പോള്‍ പശ്ചിമ ബംഗാളിലെ മിഡ്നാപുരിലായിരുന്നു താനെന്നും 1982 ഒക്ടോബര്‍ 27നു കേരളം വിട്ട താന്‍ തിരിച്ചെത്തുന്നതു നവംബര്‍ 16നാണെന്നും കേസുമായി യാതൊരു ബന്ധവും തനിക്കില്ലെന്നും മണി ബോധിപ്പിച്ചു. തന്നെയും താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെയും അപമാനിക്കാനും പ്രതിച്ഛായ നഷ്ടപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണു കേസെന്നും മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദേശപ്രകാരം പോലീസ് യാഥാര്‍ഥ്യം മറന്നു പെരുമാറുകയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. മണിക്കെതിരേ രാജാക്കാട് പോലീസാണു കേസ് രജിസ്റര്‍ ചെയ്തത്.


നേരത്തേ ശാന്തന്‍പാറ പോലീസ് രജിസ്റര്‍ ചെയ്ത കേസില്‍ മണി ജാമ്യത്തിലാണ്. ജസ്റീസ് എന്‍.കെ. ബാലകൃഷ്ണനാണു ഹര്‍ജി 31നു കേള്‍ക്കാനായി മാറ്റിയത്.