പുതിയ കെപിസിസി ഭാരവാഹികളുടെ യോഗം 29ന്
തിരുവനന്തപുരം: പുതുതായി നിയോഗിക്കപ്പെട്ട കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും ആദ്യ യോഗം 29നു രാവിലെ 10ന് ഇന്ദിരാഭവനില്‍ ചേരുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കും. എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയതാണു കെപിസിസി ഭാരവാഹികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. ആളു കൂടിയതുകൊണ്ടു പ്രത്യേക പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയുള്ള പട്ടികയാണു പുറത്തു വന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കി മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.


എഐസിസി അംഗീകരിച്ച കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പട്ടികയാണു പുറത്തു വന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. എഐസിസി അംഗീകരിച്ച പട്ടികയെക്കുറിച്ചു കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ ഔദ്യോഗികമായി പുറത്തിറക്കിയ പട്ടികയില്‍ എ, ഐ വിഭാഗങ്ങള്‍ക്കു കാര്യമായ എതിര്‍പ്പുള്ളതായാണു സൂചന. തൃശൂര്‍ ഡിസിസി പ്രസിഡന്റിനെതിരേ ഐ ഗ്രൂപ്പ് പരസ്യമായി രംഗത്തെത്തിയത് ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.