എയര്‍ ഇന്ത്യാ ഓഫീസിലേക്ക് പ്രവാസികള്‍ മാര്‍ച്ച് നടത്തി
കൊച്ചി: വിമാനകമ്പനികളുടെ ആകാശകൊള്ളക്കെതിരേ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ കൊച്ചി എയര്‍ ഇന്ത്യ ഓഫീസിലേക്കു മാര്‍ച്ച് നടത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ എറ്റവും അധികം നാട്ടിലെത്തുന്ന ക്രിസ്മസ്, ബക്രീദ്, ഓണം തുടങ്ങിയ ആഘോഷങ്ങളുടെ തൊട്ടുമുമ്പ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി ജനങ്ങളെ പിഴിയുകയാണ്. ശാസ്ത്രീയമായ രീതിയിലാണു വിമാനക്കമ്പനികള്‍ കൊള്ള ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ.സി. ആനന്ദന്‍ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസ്, എം.യു. അഷറഫ്, സി.ഇ. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ചിനു വി.കെ.ഉമ്മര്‍, പി. അശോകന്‍ നായര്‍, എം.കെ. ശശിധരന്‍, യു.പി. റഹ്മത്തുള്ള, സലാല മൊയ്തീന്‍കുട്ടി, കെ.എം. പരീത്, കെ. രാജന്‍, നമ്പിലിശേരി ഷാഹുല്‍ ഹമീദ്, കെ. മൂസ, അജിത്, രാജപ്പന്‍ എന്നിവര്‍ നേതൃത്വം നല്കി.