സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആചരിക്കാന്‍ നടപടി: ഹര്‍ജി തള്ളി
കൊച്ചി: സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്തനാപുരം സ്വദേശി രാജേഷ് ചന്ദ്രത്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.

സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്െടന്നു നിരീക്ഷിച്ച ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റീസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനും ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും യുവജനങ്ങള്‍ക്ക് എന്താണു തടസമെന്നു ചോദിച്ചു. ഹര്‍ജിക്കാരന്റെ പൊതുതാത്പര്യം എന്താണെന്നു മനസിലാകുന്നില്ല. ദേശീയ യുവജന ദിന പ്രഖ്യാപനത്തിന്റെ രേഖകള്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ആഘോഷത്തേക്കാളേറെ അദ്ദേഹം പ്രചരിപ്പിച്ച ആദര്‍ശങ്ങളെ പിന്തുടരുകയാണ് വേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു.