തീവ്രവാദക്കേസ് പ്രതി ആലിം അറസ്റില്‍
തീവ്രവാദക്കേസ് പ്രതി ആലിം അറസ്റില്‍
Friday, February 1, 2013 10:47 PM IST
കണ്ണൂര്‍: തീവ്രവാദ ക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ കണ്ണൂര്‍ സിറ്റി വാഴക്കത്തെരു സ്വദേശി താഴകത്ത് വീട്ടില്‍ അബ്ദുള്‍ ആ ലിം (36) വ്യാജ രേഖ ചമച്ച് സിം കാര്‍ഡ് സംഘടിപ്പിച്ചതിന് അറസ്റിലായി. സിറ്റി സ്വദേശിനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കി അവരറിയാതെ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ സിം കാര്‍ഡ് തരപ്പെടുത്തിയതിനാണു ആലിമിനെ സിറ്റി എസ്ഐ എന്‍.ഒ. സിബിയും സംഘവും അറസ്റുചെയ്തത്. ഇന്നലെ വൈകുന്നേരം കണ്ണൂര്‍ ഫസ്റ് ക്ളാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയില്‍ ഹാജരാക്കിയ ആലിമിനെ റിമാന്‍ഡ് ചെയ്തു.

തീവ്രവാദ കേസില്‍ അറസ്റിലായി ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളി കൂടിയാണ് ഇയാള്‍. ആലിമും തീവ്രവാദ കേസില്‍ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ ആറിന് എറണാകുളം സബ് ജയിലില്‍ നിന്നു ജാമ്യത്തിലിറങ്ങി. വ്യാജരേഖ ഉപയോഗിച്ചു 2011 ഡിസംബര്‍ 17 നാണ് ആലിം സിം കാര്‍ഡ് സ്വന്തമാക്കിയതെന്നു പറയുന്നു. 2012 മേയ് വരെ ഈ സിം കാര്‍ഡ് ആലിം ഉപയോഗിച്ചു.

നേരത്തെ ചില ഫോണ്‍ കോളുകളില്‍ സംശയം തോന്നിയ പോലീസ് അന്വേഷണം നടത്തിയെങ്കിലും സിം കാര്‍ഡ് ഉപയോഗിക്കുന്നയാളെ കണ്െടത്തിയിരുന്നില്ല. തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണു സിം ഉപയോഗിച്ചതു ആലിമാണെന്നു കണ്െടത്തിയത്.

തടിയന്റവിട നസീറിനെ ജാമ്യത്തിലിറക്കാനായി സാക്ഷികളെ സ്വാധീനിച്ചു മൊഴി തിരുത്താനും മറ്റുമായി പണം കണ്െടത്താന്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ കവര്‍ച്ചകള്‍ നടത്തിയതിനും ആലിമിനെതിരേ കേസുണ്ട്.


കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂള്‍പരിസരത്ത് കഴിഞ്ഞ ഏപ്രില്‍ എട്ടിന് ജംഷീറിനെ അക്രമിച്ച് അഞ്ചര ലക്ഷം രൂപ മോഷ്ടിച്ച കേസും വളപട്ടണം നീരൊഴുക്കുംചാലില്‍ ഒരാളെ അക്രമിച്ച് 24 ലക്ഷം തട്ടിയെടുത്ത കേസും സിറ്റിയില്‍ ബൈക്ക് തടഞ്ഞ് യാത്രക്കാരന്റെ 23,000 രൂപ കവര്‍ന്ന കേസും ആലിമിന്റെ പേരിലുള്ളവയില്‍പ്പെടുന്നു.

2008 ഏപ്രില്‍ 24 ന് തീവ്രവാദി തടിയന്റവിട നസീറിന്റെ കൂടെ പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര വൈദ്യശാല പീടികയിലുള്ള പടക്കക്കടയില്‍നിന്നും രണ്ട് ക്വിന്റല്‍ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്ഫോടക വസ്തുക്കള്‍ കവര്‍ച്ച ചെയ്ത കേസ്, കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന ചില പ്രതികളെ മോചിപ്പിക്കാനായി കളമശേരിയില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ച കേസ്, കോഴിക്കോട് ബസ് സ്റ്റാന്‍ഡ് ഇരട്ടസ്ഫോടന കേസ്, എറണാകുളം കളക്ടറേറ്റില്‍ സ്ഫോടക വസ്തു കൊണ്ടിട്ട കേസ്, തളിപ്പറമ്പിലെ കള്ളനോട്ട് കേസ്, സിറ്റിയിലെ വിനോദ, ആസാദ് വധക്കേസുകളടക്കം 20 ഓളം കേസുകളില്‍ ആലിം പ്രതിയാണെന്നു പോലീസ് പറഞ്ഞു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സിം കാര്‍ഡ് തരപ്പെടുത്തിയതിനു വളപട്ടണം പോലീസിലും സമാനമായ കേസുണ്ട്. ഏറ്റവുമൊടുവില്‍ പെരുമ്പാവൂരിലെ തീവ്രവാദക്കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റിലായത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ കണ്ണൂരിലെത്തിയതെന്നു പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.