ആലുവാ ശിവരാത്രി മണപ്പുറത്ത് മുസ്ലിം സംഘടനയുടെ പരിപാടി
കൊച്ചി: ഹിന്ദു ഐക്യവേദി ഇന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. ആലുവ ശിവരാത്രി മണപ്പുറത്ത് മുസ്ലിം സംഘടനയുടെ പരിപാടി നടത്താന്‍ അനുവാദം നല്‍കിയ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

മുസ്ലിം യൂത്ത് മൂവ്മെന്റ് ഇന്നലെയും ഇന്നുമായി ആലുവ നദിക്കരയില്‍ ദീനി വിജ്ഞാനസദസ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് ആലുവ നഗരസഭ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്ദു ഐക്യവേദി പ്രകടവും ധര്‍ണയും സംഘടിപ്പിച്ചു. മണപ്പുറത്ത് അഹിന്ദുക്കളുടെ പരിപാടി നടത്തുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരിപാടിയുടെ വേദിയിലേക്കുള്ള പ്രവേശനം ക്ഷേത്രവുമായി ബന്ധമുള്ള വഴിയിലൂടെയല്ലെന്നും മണപ്പുറത്തിന്റെ മറ്റൊരു ഭാഗത്താണ് പരിപാടി നടത്തുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാനം സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ കോടതി വിശ്വഹിന്ദു പരിഷത്തിന്റെ ഹര്‍ജി തള്ളി. ഇതാണ് ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്.

ആലുവ നഗരസഭയും സര്‍ക്കാരും ചേര്‍ന്നുള്ള ഗൂഢാലോചനയാണു ശിവരാത്രി മണപ്പുറം മുസ്ലിം മതപ്രഭാഷണത്തിനു വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു ആരോപിച്ചു. ശിവരാത്രി മണപ്പുറം തട്ടിയെടുക്കാനുള്ള ചിലരുടെ തന്ത്രങ്ങള്‍ക്ക് അധികൃതര്‍ കൂട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഹര്‍ത്താലിനു ബിജെപി ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ശിവരാത്രി മണപ്പുറത്തിന്റെ പവിത്രത തകര്‍ക്കാനുളള നഗരസഭയുടെയും ഗവണ്‍മെന്റിന്റെയും നീക്കം അപലപനീയമാണെന്നു ബിജെപി ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. നിലവിലുളള മത സൌഹാര്‍ദത്തെപ്പോലും അപകടപ്പെടുത്തുന്ന രീതിയിലുളള ഇത്തരം നീക്കങ്ങള്‍ തരംതാണ രാഷ്ട്രീയ മുതലെടുപ്പാണ്. സാമൂഹിക നീതി നിഷേധിക്കുന്ന ഈ തീരുമാനം പിന്‍വലിക്കാനും ശിവരാത്രി മണപ്പുറത്തിന്റെ പവിത്രത സംരക്ഷിക്കാനും ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ഹര്‍ത്താലിനു ബിജെപി പിന്തുണ നല്‍കുമെന്നു ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അറിയിച്ചു.