കയര്‍മേഖലയ്ക്കു സര്‍ക്കാര്‍ മുന്തിയ പരിഗണന നല്കും: ഉമ്മന്‍ ചാണ്ടി
കയര്‍മേഖലയ്ക്കു സര്‍ക്കാര്‍ മുന്തിയ പരിഗണന നല്കും: ഉമ്മന്‍ ചാണ്ടി
Saturday, February 2, 2013 11:38 PM IST
ആലപ്പുഴ: കയര്‍മേഖലയ്ക്കു സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരിഗണന നല്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലപ്പുഴ ഇഎംഎസ് സ്റേഡിയത്തില്‍ കയര്‍വകുപ്പു സംഘടിപ്പിച്ചിരിക്കുന്ന കയറിന്റെയും കയര്‍ ഉത്പന്നങ്ങളുടെയും അന്തര്‍ദേശീയ പ്രദര്‍ശന വിപണനമേള കയര്‍കേരള 2013 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രായോഗികമല്ലാത്ത നിലപാടുകള്‍ സ്വീകരിച്ചതുമൂലമാണ് കയര്‍വ്യവസായം പ്രതിസന്ധികളെ നേരിട്ടത്. ഈ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനോ വെല്ലുവിളികളെ നേരിടുന്നതിനോ വേണ്ട സഹായം മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്നില്ല. കയര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നുനല്കാന്‍ കയര്‍മേളയ്ക്കു കഴിഞ്ഞെന്നും അവഗണിക്കപ്പെട്ട പരമ്പരാഗത തൊഴില്‍മേഖലയെ പുനരുദ്ധരിക്കാനുള്ള കൂട്ടായ ശ്രമമാണു മേളയിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കയര്‍മേഖല എന്നത് നാടിന് അനിവാര്യമാണ്. സമൂഹം ആഗ്രഹിക്കുന്ന മാറ്റമാണു കയര്‍മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കയര്‍മേഖലയില്‍ മാറ്റമുണ്ടാകേണ്ടത് ആരുടെയെങ്കിലും ഉത്തരവാദിത്തമെന്നുകാണാതെ എല്ലാവരും ഒരുമിച്ചുനിന്നു മേഖലയെ ശക്തിപ്പെടുത്തേണ്ട അവസരമാണ് ഇപ്പോഴെന്നും കയര്‍ കയറ്റുമതി രംഗത്തുണ്ടായ വളര്‍ച്ച ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.

കയര്‍ സഹകരണസംഘങ്ങള്‍ക്കു പ്രവര്‍ത്തന മൂലധനം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അനുഭാവപൂര്‍വമാണു പരിഗണിക്കുന്നത്. കയര്‍മേള തീരുന്നതിനു മുമ്പ് ഇതു സംബന്ധിച്ച ഉത്തരവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണസംഘങ്ങള്‍ക്കു പ്രവര്‍ത്തനമൂലധനം നല്കുന്നതുപോലെ സ്വകാര്യമേഖലയ്ക്കും പ്രവര്‍ത്തനമൂലധനം ലഭ്യമാക്കുന്ന സാഹചര്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ഇതുമായി ബന്ധപ്പെട്ടു ബാങ്ക് അധികൃതരുടെ യോഗം അടുത്തുതന്നെ വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. കയര്‍വ്യവസായത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോകേണ്ടത് സംസ്ഥാനത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കയര്‍മന്ത്രി അടൂര്‍പ്രകാശ് അധ്യക്ഷത വഹിച്ചു.


കേരളത്തിലെ പരമ്പരാഗത വ്യവസായമായ കയര്‍മേഖലയ്ക്കു പുതിയ ഉണര്‍വുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മുമ്പോട്ടു പോകുകയാണെന്നും വരുന്ന സാമ്പത്തികവര്‍ഷം 2000 കോടിയുടെ വിറ്റുവരവ് ആഭ്യന്തരവിപണിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കയര്‍കേരളയില്‍ നിന്നും 200 കോടിയുടെ ഓര്‍ഡര്‍ നേടിയെടുക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ വര്‍ഷം നാലരക്കോടി രൂപയുടെ കയറ്റുമതി നടത്തിക്കഴിഞ്ഞു. തൊഴിലാളികളുടെ സേവന, വേതനവ്യവസ്ഥകള്‍ വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്തര്‍ദേശീയ പവലിയന്റെ ഉദ്ഘാടനം കേന്ദ്ര സിവില്‍ വ്യോമയാനമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിച്ചു. തീം പവലിയന്റെ ഉദ്ഘാടനം ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, പി. തിലോത്തമന്‍, ജില്ലാ കളക്ടര്‍ പി. വേണുഗോപാല്‍, ജില്ലാ പഞ്ചായത്തുപ്രസിഡന്റ് അഡ്വ. പ്രതിഭാഹരി, ആലപ്പുഴ നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, കയര്‍സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. ജി. ബാലചന്ദ്രന്‍ മുന്‍ എംഎല്‍എമാരായ എ.എ. ഷുക്കൂര്‍, ഡി. സുഗതന്‍, കയര്‍പൊതുമേഖലാ സ്ഥാപനമേധാവികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സമ്മേളനത്തിനു മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.