കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ ഉന്നതാധികാര സമിതികളില്‍
തിരുവനന്തപുരം: പൌരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിലേക്കും മതാന്തര സംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിലേക്കും മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു.

പൌരസ്ത്യ തിരുസംഘത്തില്‍ മാറോണീത്താ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ ബുഷാറാ അല്‍ റായിയെയും നിയമിച്ചിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള പൌരസ്ത്യ സഭകളുടെ ദൈനംദിന അജപാലന ശുശ്രൂഷകളെ സംബന്ധിക്കുന്ന കാര്യങ്ങളാണു പൌരസ്ത്യ തിരുസംഘത്തിന്റെ ചുമതലയിലുള്ളത്.


മതാന്തര സംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സില്‍ 1964-ലാണു സ്ഥാപിതമായത്.കത്തോലിക്കാസഭയും ഇതര മതവിഭാഗങ്ങളുമായി പരസ്പരധാരണയും ആദരവും കൂട്ടായ പ്രവര്‍ത്തനവും ശക്തമാക്കുക, ഇതര മതങ്ങളെക്കുറിച്ചുള്ള പഠനം പ്രോത്സാഹിപ്പിക്കുക, മതാന്തര സംവാദത്തിനു വ്യക്തികളെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ഈ പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ ചുമതലകള്‍.