2 ജി ലേലത്തില്‍ കിട്ടിയതു 9408 കോടി രൂപ മാത്രം
ന്യൂഡല്‍ഹി: 2ജി മൊബൈല്‍ സ്പെക്ട്രം ലേലം വഴി ലഭിച്ചതു കേവലം 9407.64 രൂപ. സ്പെക്ട്രം വില്പനയിലെ ഭീമമായ നഷ്ടക്കണക്കുകളും ലേലത്തിനു ഗവണ്‍മെന്റ് വച്ച ഉയര്‍ന്ന തറവിലയിലെ അമിത പ്രതീക്ഷകളും തെറ്റാണെന്നു തെളിഞ്ഞു.

ജിഎസ്എം സ്പെക്ട്രം മാത്രമേ ലേലത്തിനുണ്ടായിരുന്നുള്ളൂ. രാജ്യവ്യാപകമായി അഞ്ചു മെഗാ ഹെര്‍ട്സിന്റെ ഒരു ലൈസന്‍സിനു 14,000 കോടി രൂപയാണു തറവില വച്ചത്. രാജ്യത്തെ 22 സര്‍ക്കിളുകളില്‍ മൊത്തം ലൈസന്‍സ് കിട്ടാനുള്ള തുകയായിരുന്നു ഇത്. ഇങ്ങനെ ദേശീയ ലൈസന്‍സിന് ഇത്തവണ ആരും അപേക്ഷിച്ചില്ല. ലേലത്തില്‍ പങ്കെടുത്ത അഞ്ചു കമ്പനികളും കുറേ സര്‍ക്കിളുകള്‍ വീതമേ ആവശ്യപ്പെട്ടുള്ളൂ.

വീഡിയോകോണും ഐഡിയയും ഏഴു സര്‍ക്കിള്‍ വീതം പിടിച്ചു. ടെലിനോര്‍ രണ്ടു സര്‍ക്കിളാണു നേടിയത്. എയര്‍ടെലും വോഡഫോണും ഓരോന്നു പിടിച്ചു.

ഈ ലേലത്തിലൂടെ 28,000 കോടി രൂപയാണു ഗവണ്‍മെന്റ് പ്രതീക്ഷിച്ചത്. അതു നടന്നില്ല. സിഡിഎംഎ ലൈസന്‍സുകള്‍ക്കു ലേലത്തില്‍ പങ്കെടുക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. ആദ്യം താത്പര്യം പ്രകടിപ്പിച്ച ടാറ്റാ ടെലി സര്‍വീസസും വീഡിയോകോണും അവസാന നിമിഷം പിന്മാറുകയായിരുന്നു. സിഡിഎംഎയില്‍ ഗവണ്‍മെന്റ് പ്രതീക്ഷിച്ച 14,000 കോടിയും ലഭിച്ചില്ല.

2008ല്‍ മന്ത്രി എ. രാജ അനുവദിച്ച 122 ലൈസന്‍സുകള്‍ റദ്ദാക്കിക്കൊണ്ടു സുപ്രീംകോടതി ഉത്തരവിറക്കുകയും ലേലം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതനുസരിച്ചായിരുന്നു ലേലം. 2008ല്‍ ദേശീയ ലൈസന്‍സിന് 1658 കോടി രൂപയാണു വില വച്ചത്. ഇതു 2001ല്‍ നിശ്ചയിച്ച വിലയാണ്. ലേലം നട ത്താതെ ഒരു നിശ്ചിത തീയതിക്കു മുന്‍പ് അപേക്ഷിച്ചവര്‍ക്കെല്ലാം ലൈസന്‍സ് നല്കുകയായിരുന്നു. അന്നുമൊത്തം 122 ലൈസന്‍സുകള്‍ക്കായി 12386 കോടി രൂപ ഗവണ്‍മെന്റിനു ലഭിച്ചു.


എന്നാല്‍, ലൈസന്‍സ് കിട്ടിയ കമ്പനികളില്‍ ചിലത് അവ മറിച്ചു വിറ്റു. ആ ഇടപാടിലെ വിലയും 2010ല്‍ നടന്ന ത്രീ ജി ലേലത്തില്‍ ലഭിച്ച വിലയുമൊക്കെ താരതമ്യം ചെയ്താണു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടുണ്ടാക്കിയത്. അതില്‍ 122 ലൈസന്‍സിനു പുറമേ 2003നുശേഷം പഴയ മൊബൈല്‍ കമ്പനികള്‍ക്ക് അനുവദിച്ച സ്പെക്ട്രത്തിന്റെയും മറ്റവസരത്തില്‍ നല്കിയ സിഡിഎംഎസ് പെക്ട്രത്തിന്റെയും വില പെടുത്തിയിരുന്നു. ത്രീ ജി സ്പെക്ട്രത്തിനു ലേലത്തില്‍ കിട്ടിയ വില വച്ചു നോക്കുമ്പോള്‍ ഇവയ്ക്കെല്ലാംകൂടി 1.76 ലക്ഷം കോടി രൂപ കിട്ടാമായിരുന്നു എന്നാണു സിഎജി പറഞ്ഞത്. ഇത്രയും തുക ടു ജിയില്‍ നഷ്ടമായെന്നു നാടെങ്ങും പ്രചാരണമായി.

2008ലെ മുഴുവന്‍ സ്പെക്ട്രവും ഇത്തവണ ലേലത്തിനുവച്ചില്ല. സ്പെക്ട്രം കുറവാണെങ്കില്‍ വില കൂടുതല്‍ കിട്ടുമെന്നു ഗവണ്‍മെന്റ് കരുതിയിരിക്കണം. പക്ഷേ, ആ ലക്ഷ്യം സാധിച്ചില്ല.

മൊബൈല്‍ കമ്പനികള്‍ പറയുന്നത് തറവില വളരെ കൂടുതലാണെന്നാണ്. ഉയര്‍ന്ന വിലയ്ക്കു സ്പെക്ട്രം വാങ്ങി കൈവശം വച്ചാല്‍ അതിനനുസരിച്ചുള്ള നിരക്ക് ഈടാക്കാന്‍ പറ്റില്ല. അമിതമായി സ്പെക്ട്രം വാങ്ങിയാല്‍ അതിനനുസരിച്ചു വരിക്കാര്‍ കൂടാനും സാധ്യതയില്ല. പോരാത്തതിനു ത്രീ ജിക്കു വേണ്ടി വാങ്ങിയ വലിയ കടം കമ്പനികള്‍ക്കു വലിയ ബാധ്യതയാണിപ്പോഴും. ത്രീ ജിക്കാകട്ടെ ഉയര്‍ന്ന വില മൂലം വേണ്ടത്ര വരിക്കാരെ കിട്ടുന്നുമില്ല. ഈ സാഹചര്യത്തിലാണു ടു ജി ലേലത്തില്‍ കമ്പനികള്‍ മടുപ്പു കാണിച്ചതും ലേലം ചീറ്റിപ്പോയതും.