ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ മൂന്നിനു വിചാരണ തുടങ്ങും
Tuesday, December 25, 2012 10:43 PM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ ജനുവരി മൂന്നിനു വിചാരണ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയിലെ അതിവേഗ കോടതിയിലാണു വിചാരണ. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റീസുമായി മുഖ്യമന്ത്രി ഷീല ദീക്ഷിത് നടത്തിയ കൂടിക്കാഴ്ചയിലാണു പത്തു ദിവസത്തിനകം വിചാരണ തുടങ്ങാന്‍ തീരുമാനിച്ചത്.

മാനഭംഗക്കേസുകളില്‍ നിയമം ഭേദഗതി ചെയ്യുന്നതിനും പ്രതികളുടെ ശിക്ഷ കൂട്ടുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സുപ്രീം കോടതിയിലെ മുന്‍ ചീഫ് ജസ്റീസ് ജെ.എസ്. വര്‍മ അധ്യക്ഷനായ മൂന്നംഗ ഉന്നത സമിതി ഇന്നലെ പ്രവര്‍ത്തനം തുടങ്ങി. വനിതകള്‍, നിയമജ്ഞര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സമിതി മുമ്പാകെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. ഷൌശെേരല.്ലൃാമ@ിശര.ശി എന്ന ഇമെയില്‍ വിലാസത്തിലോ, ഡല്‍ഹിയിലെ ജസ്റീസ് ജെ.എസ്. വര്‍മയുടെ 011- 23092675 എന്ന ഫാക്സിലോ ഇവ ഉടനേ അയയ്ക്കാം.

ഹിമാചല്‍ പ്രദേശ് മുന്‍ ചീഫ് ജസ്റീസ് ലീല സേത്ത്, മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യന്‍ എന്നിവരാണു ജസ്റീസ് വര്‍മയോടൊപ്പം സമിതിയിലെ അംഗങ്ങള്‍. സമിതി 30 ദിവസത്തിനകം സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കും. നിലവിലെ നിയമം അനുസരിച്ചു മാനഭംഗം ചെയ്യുന്നവര്‍ക്കു പരമാവധി ജീവപര്യന്തം തടവാണുശിക്ഷയായി ലഭിക്കുക. ഡല്‍ഹിയിലെ വിദ്യാര്‍ഥിനിയുടെ കൂട്ടമാനഭംഗം പോലുള്ള അത്യപൂര്‍വവും നിന്ദ്യവുമായ കേസുകളില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യത്തെക്കുറിച്ചു സമിതി ശിപാര്‍ശ നല്‍കും.

ഇതിനിടെ, ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിക്കു പനി ബാധിച്ചതിനെത്തുടര്‍ന്നു വീണ്ടും വെന്റിലേറ്ററിലാക്കി. പെണ്‍കുട്ടിക്കു ബോധം ഉണ്െടങ്കിലും സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി ആന്തരിക രക്തസ്രാവമുണ്ടായി. ശസ്ത്രക്രിയയ്ക്കുശേഷം തലച്ചോറിന്റെ പ്രവര്‍ത്തനം നന്നായിട്ടുണ്ട്. മാനസികാരോഗ്യം വീണ്െടടുക്കാനുള്ള ചികില്‍സകളും നല്‍കുന്നുണ്ട്.


കൂട്ടമാനഭംഗം ചെയ്തവര്‍ക്കു വധശിക്ഷ തന്നെ നല്‍കണമെന്നു പെണ്‍കുട്ടിയുടെ പിതാവ് ഇന്നലെ പത്രലേഖകരോടു പറഞ്ഞു. മകള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചാല്‍ മാത്രം മതിയെന്നും അക്രമസമരത്തില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇതേസമയം, ഡല്‍ഹിയില്‍ ഇന്നലെയും പ്രതിഷേധ സമരം തുടര്‍ന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഇന്നലെ ഇന്ത്യാ ഗേറ്റ്, വിജയ് ചൌക്ക് ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ സമരക്കാരെ പോലീസ് അടുപ്പിച്ചില്ല. മാധ്യമപ്രവര്‍ത്തകരെയും ഒഴിപ്പിച്ചു. ഇന്ത്യാ ഗേറ്റ് പരിസരത്തു 144 പ്രഖ്യാപിച്ചിരുന്നു. ഏറ്റവും തിരക്കേറിയ കൊണോട്ട് പ്ളേസിലെ രാജീവ് ചൌക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഖാന്‍ മാര്‍ക്കറ്റ്, മണ്‍ഡി ഹൌസ് ഉള്‍പ്പെടെ നഗരഹൃദയത്തിലെ ഒമ്പതു മെട്രോ റെയില്‍ സ്റ്റേഷനുകള്‍ രണ്ടാം ദിവസവും പൂര്‍ണമായി അടച്ചിട്ടു.

ബാരിക്കേഡ് കെട്ടിയുള്ള കനത്ത സുരക്ഷാ സന്നാഹമായിരുന്നു പ്രധാന കേന്ദ്രങ്ങളില്‍. അതിനാല്‍, സ്ഥിരം സമരവേദിയായ ജന്തര്‍ മന്തറിലാണ് ഇന്നലെ സമരം നടന്നത്. വൈകുന്നേരം ഇന്ത്യാ ഗേറ്റിലേക്കു മാര്‍ച്ചു നടത്താനുള്ള ഒരു വിഭാഗത്തിന്റെ നീക്കവും പോലീസ് തടഞ്ഞു. കാര്യമായ അക്രമങ്ങള്‍ ഒഴിവാക്കാന്‍ പോലീസിന് ഇന്നലെ കഴിഞ്ഞു. അമേരിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി ഡല്‍ഹി ലഫ്. ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന ഇന്നലെ തിരിച്ചെത്തി ക്രമസമാധാന കാര്യങ്ങള്‍ വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.