ലോക്പാല്‍ ബില്‍ ഭേദഗതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു
Friday, February 1, 2013 12:04 AM IST
ന്യൂഡല്‍ഹി: രാജ്യസഭാ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ലോക്പാല്‍ ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനങ്ങളിലെ ലോകായുക്തയെ ലോക്പാലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനും പൊതുപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം ഓംബുഡ്സ്മാനു കൈമാറാനും നിര്‍ദേശിച്ചിട്ടുണ്ട്. സെലക്ട് കമ്മിറ്റിയുടെ 16 ഭേദഗതികളില്‍ 14 എണ്ണം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

മത-രാഷ്ട്രീയ സംഘടനകളെ ലോക്പാലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. മറ്റു സര്‍ക്കാര്‍ സംഘടനകള്‍ ലോക്പാലിന്റെ പരിധിയില്‍ വരും. ഒരു വര്‍ഷത്തിനുള്ളില്‍ ലോകായുക്ത രൂപവത്കരിക്കണമെന്നു സെലക്ട് കമ്മിറ്റി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. ലോക്പാല്‍ അന്വേഷണം നേരിടുന്ന വ്യക്തിക്ക് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കരുതെന്ന നിര്‍ദേശം അംഗീകരിച്ചില്ല.

ലോക്പാലില്‍നിന്നു ലോകായുക്തയെ ഒഴിവാക്കിയതാണ് ഏറ്റവും പ്രധാനം. ലോകായുക്തയെ ലോക്പാലിന്റെ പരിധിയില്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രത്തിനു കൈകടത്താന്‍ അവസരം സൃഷ്ടിക്കുമെന്നു രാഷ്ട്രീയപാര്‍ട്ടികള്‍ വാദിച്ചിരുന്നു.

സിബിഐ ഡയറക്ടറെ നിയമിക്കുന്നതു പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റീസ് എന്നിവരുള്‍പ്പെടുന്ന മൂന്നംഗ കൊളീജിയമാകണമെന്ന നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം ലോക്സഭ പാസാക്കിയ ലോക്പാല്‍ ബില്ലിലുണ്െടന്നു കേന്ദ്രമന്ത്രി വി. നാരായണസ്വാമി പറഞ്ഞു.


കഴിഞ്ഞ മേയിലാണു ലോക്പാല്‍ ബില്ലിനായി സെലക്ട് കമ്മിറ്റി രൂപവത്കരിച്ചത്. 2011 ഡിസംബര്‍ 27ന് ലോക്സഭ ലോക്പാല്‍ ബില്‍ പാസാക്കി. എന്നാല്‍, വിവിധ രാഷ്ട്രീയകക്ഷികളുടെ ഭിന്നതമൂലം ബില്‍ രാജ്യസഭയില്‍ പാസാക്കാനായില്ല. ബജറ്റ് സമ്മേളനത്തില്‍ ലോക്പാല്‍ ഭേദഗതികള്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയുടെ അംഗീകാരം ലഭിച്ചാല്‍ ബില്‍ വീണ്ടും ലോക്സഭയുടെ അംഗീകാരത്തിനായി കൊണ്ടു വരും. ഒരു കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ലോക്പാലിന്റെ അനുമതി കൂടാതെ സിബിഐ ഉദ്യോഗസ്ഥരെ മാറ്റരുത് എന്ന ഭേദഗതി നിര്‍ദേശം മന്ത്രിസഭ തള്ളി. ഈ നിര്‍ദേശം അന്വേഷണ ഏജന്‍സിയുടെ സുഗമമായ പ്രവര്‍ത്തനത്തിനു തടസം സൃഷ്ടിക്കുമെന്നു സര്‍ക്കാര്‍ വിലയിരുത്തുന്നു.

സിബിഐക്കു സ്വയംഭരണാധികാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് അലംഭാവമാണെന്നു ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. സിബിഐയുടെ സ്വയംഭരണാധികാരവും സുതാര്യതയും ലക്ഷ്യമിട്ട് എട്ടു നിര്‍ദേശങ്ങള്‍ ബിജെപി മുന്നോട്ടുവച്ചെങ്കിലും സര്‍ക്കാര്‍ ഒന്നും പരിഗണിച്ചില്ലെന്നു അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.