ഒബാമയ്ക്ക് തായ്ലന്‍ഡില്‍ ഉജ്വല വരവേല്‍പ്പ്
Monday, November 19, 2012 11:42 PM IST
ബാങ്കോക്ക്: ത്രിദിന ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്നലെ തായ്ലന്‍ഡില്‍ എത്തിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഹൃദ്യമായ വരവേല്പ് ലഭിച്ചു. രണ്ടാംവട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ട ശേഷം അദ്ദേഹം ആദ്യം നടത്തുന്ന വിദേശപര്യടനമാണിത്. ഇന്ന് ഒബാമ മ്യാന്‍മര്‍ സന്ദര്‍ശിക്കും.

തായ്ലന്‍ഡിലെ രാജാവ് ഭൂമിബോല്‍ അതുല്യതേജുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയുമായി ഉഭയകക്ഷി പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരുവരും സംയുക്ത പത്രസമ്മേളനവും നടത്തി.ഒബാമയും സ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ളിന്റണും ബാങ്കോക്കിലെ പ്രശസ്തമായ ബുദ്ധവിഹാരത്തിലും സന്ദര്‍ശനം നടത്തി.ഇന്ന് മ്യാന്‍മറിലെത്തുന്ന ഒബാമ പ്രസിഡന്റ് തെയിന്‍ സീനുമായും പ്രതിപക്ഷ നേതാവ് ഓങ് സാന്‍ സ്യൂ കിയുമായും കൂടിക്കാഴ്ച നടത്തും.

മ്യാന്‍മര്‍ സര്‍ക്കാരിനുള്ള പിന്തുണയായി തന്റെ സന്ദര്‍ശനത്തെ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ഒബാമ വ്യക്തമാക്കി. ജനാധിപത്യം കൊണ്ടുവരുന്നതിനു സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള പ്രോത്സാഹനമായി മാത്രം കണക്കാക്കിയാല്‍ മതി. മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ഒബാമ.


ജനാധിപത്യ പരിഷ്കാരങ്ങള്‍ക്കു തുടക്കം കുറിക്കുക മാത്രം ചെയ്തിട്ടുള്ള മ്യാന്‍മറില്‍ യുഎസ് പ്രസിഡന്റ് സന്ദര്‍ശനം നടത്തുന്നതിനെ ചില മനുഷ്യാവകാശ സംഘടനകള്‍ എതിര്‍ക്കുകയാണ്. മ്യാന്‍മറിലെ വംശീയ അക്രമവും മനുഷ്യാവകാശ ധ്വംസനവും അവസാനിപ്പിക്കാന്‍ പ്രസിഡന്റ് തെയിന്‍ സീന്റെ മേല്‍ ഒബാമ സമ്മര്‍ദം ചെലുത്തുമെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി.മ്യാന്‍മര്‍ സന്ദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച ഒബാമ ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കംബോഡിയയിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.