സാംസംഗില്‍ കുടുംബപ്പോര് മൂര്‍ഛിക്കുന്നു
സിയൂള്‍: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനികളിലൊന്നായി വളര്‍ന്ന സാംസംഗില്‍ കുടുംബപ്പോര് കമ്പനിയോളം വളരുന്നു. കോടതികളില്‍ കുടുങ്ങിക്കിടക്കുന്ന കിടമത്സരം ഇപ്പോള്‍ തറവാടുകളിലേക്കും എത്തിയിരിക്കുകയാണ്. കമ്പനി സ്ഥാപകനായ ലീ ബ്യുയംഗ് ചുളിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചു19ന് രണ്ടു വിഭാഗങ്ങള്‍ പ്രത്യേകമായിട്ടാണു പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സാംസംഗ് ഇലക്ട്രോണിക്സ് ചെയര്‍മാനും പിന്‍ഗാമികളിലൊരാളുമായ ലീ കുന്‍ ഹീയും സഹോദരന്‍ ലീ മായംഗ് ഹീയും തമ്മിലാണ് ചെളിവാരിയെറിയുന്നത്. കമ്പനിയുടെ കോടിക്കണക്കിനു വിലമതിക്കുന്ന ഓഹരിയെച്ചൊല്ലിയാണ് ലീ കുടുംബത്തിന്റെ രണ്ടു പിന്‍മുറക്കാര്‍ ഏറ്റുമുട്ടുന്നത്.

25 വര്‍ഷത്തിനിടയില്‍ ആദ്യമായി ഇരുകൂട്ടരും വ്യത്യസ്തമായിട്ടാണ് ലീ ബ്യുയംഗ് ഹീയുടെ ചരമവാര്‍ഷികം ആചരിക്കുന്നത്. ഫോബ്സ് മാസികയുടെ റിപ്പോര്‍ട്ടനുസരിച്ച് ലീ കുന്‍ ഹീയ്ക്ക് 43,000 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട്. എന്നാല്‍ കുന്‍ ഹീയെ കുട്ടിത്തം വിട്ടുമാറാത്ത ആര്‍ത്തിക്കാരന്‍ എന്നാണ് സഹോദരന്‍ ലീ മായംഗ് ഹീ വിശേഷിപ്പിക്കുന്നത്. ഇതു കേട്ട് കുന്‍ ഹീ വിടാന്‍ തയാറായില്ല, മായംഗ് ഹീയെ തറവാട്ടില്‍ നിന്ന് പടിയടച്ചു പുറത്താക്കിയതാണെന്നും കുടുംബപാരമ്പര്യമില്ലാത്തവനാണെന്നും കുന്‍ ഹീ ആരോപിക്കുന്നു. മായംഗ് ഹീയുടെ മകനും സിജെ ഗ്രൂപ്പ് ചെയര്‍മാനുമായ ലീ ജെ ഹ്യുന്‍ ആണ് സംസംഗ് ഇലക്ട്രോണിക്സ് കോര്‍പറേഷന്റെ ഓഹരിയില്‍ അവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്പനി സ്ഥാപകന്റെ അന്ത്യവിശ്രമ സ്ഥാനത്ത് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇക്കുറി ലീ ജെ ഹ്യുന്നിന് അവകാശം നിഷേധിച്ചിരിക്കുകയാണ്. ലീ ബ്യുയംഗ് ചുളിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് കുടുംബാംഗങ്ങള്‍ മുഴുവന്‍ ഒത്തുചേരാറുള്ളത്.


ദക്ഷിണ കൊറിയന്‍ കണ്‍ഫ്യൂഷ്യന്‍ ആചാരപ്രകാരമാണ് ചരമവാര്‍ഷിക പരിപാടികള്‍ നടത്തുന്നത്. പ്രത്യേകം തയാറാക്കിയ ഭക്ഷണം സമര്‍പ്പിച്ച് ശിരസ് നമിച്ചാണ് പിതാമഹന്റെ കുഴിമാടത്തില്‍ ആദരവ് അര്‍പ്പിക്കുന്നത്. ഇക്കുറി ഇരുവിഭാഗങ്ങളും പ്രത്യേകമായിട്ടായിരിക്കും ചടങ്ങുകള്‍ നടത്തുകയെന്ന് സാംസംഗ് ഗ്രൂപ്പ് അറിയിച്ചു. ദക്ഷിണ കൊറിയന്‍ ബിസിനസ് കുടുംബങ്ങളിലെ പോര് പുതുമയല്ല. ഇതിന് മുമ്പ് ഹ്യുണ്ടായ് ഗ്രൂപ്പിലായിരുന്നു ഏറ്റവും വലിയ ശീതസമരം നടന്നത്. ഒടുവില്‍ കമ്പനി പിളര്‍ത്തിക്കൊണ്ട് രണ്ടു സഹോദരന്‍മാര്‍ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയ്ക്കും ഹ്യുണ്ടായ് ഗ്രൂപ്പിനും രൂപം നല്‍കി. ദക്ഷിണ കൊറിയന്‍ സമ്പദ്വ്യവസ്ഥയില്‍ ഏറ്റവും സ്വാധീനമുള്ള വ്യവസായ ഗ്രൂപ്പാണ് ഹ്യുണ്ടായുടേത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.