റബര്‍ പിന്നോട്ട് വലിയുന്നു, ചുക്ക് വിലയില്‍ വന്‍ മുന്നേറ്റം, സ്വര്‍ണവില കയറിയിറങ്ങി
റബര്‍ പിന്നോട്ട് വലിയുന്നു, ചുക്ക് വിലയില്‍ വന്‍ മുന്നേറ്റം, സ്വര്‍ണവില കയറിയിറങ്ങി
Monday, November 19, 2012 10:38 PM IST
വിപണി വിശേഷം / കെ.ബി ഉദയഭാനു

കൊച്ചി: ടയര്‍ നിര്‍മാതാക്കള്‍ ഷീറ്റു വില വീണ്ടും ഇടിച്ചു, ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ തിരിച്ചു വരവിനു ഒരുങ്ങുന്നു. കുരുമുളക് അവധി നിരക്കുകള്‍ സാങ്കേതിക തിരുത്തലില്‍. ചുക്ക് വിലയില്‍ വന്‍ മുന്നേറ്റം.

ഗ്രാമ്പൂ ലഭ്യത ഉയരുന്നതോടെ വിലയില്‍ ചാഞ്ചാട്ടത്തിനു സാധ്യത. ജാതിക്കയ്ക്ക് ആവശ്യക്കാര്‍ കുറവ്. നാളികേരോത്പന്ന വിപണി ചലന രഹിതം. സ്വര്‍ണവില കയറിയിറങ്ങി, ആഗോള വിപണി 1800 ഡോളറിനെ ഉറ്റുനോക്കുന്നു.

റബര്‍

കേരളത്തില്‍ റബര്‍ ടാപ്പിങ് മുന്നേറവേ, ടയര്‍ ലോബി ഷീറ്റ് വിലയില്‍ വീണ്ടും കത്തിവച്ചു. മികച്ചയിനം റബര്‍ വില വീണ്ടും ഇടിഞ്ഞു. 17,250 രൂപയില്‍ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ച നാലാം ഗ്രേഡ് ശനിയാഴ്ച 16,800 രൂപയിലാണ്. അഞ്ചാം ഗ്രേഡ് 16,800 ല്‍ നിന്ന് 16,300 രൂപയായി.

കൊച്ചിയില്‍ 1000 ടണ്‍ റബര്‍ പോയവാരം വില്‍പ്പനയ്ക്ക് ഇറങ്ങി. ഇതിനിടയില്‍ കിലോഗ്രാമിനു 102 രൂപയില്‍ വ്യാപാരം തുടങ്ങിയ ലാറ്റക്സ് 108 ലേക്ക് മുന്നേറി. രാജ്യാന്തര റബര്‍ വിപണി സാങ്കേതികമായി മുന്നേറാനുള്ള തയാറെടുപ്പിലാണ്. ഫണ്ടുകളുടെ ഷോട്ട് കവറിംഗില്‍ കിലോഗ്രാമിനു 235 യെന്നിലെ താങ്ങ് നിലനിര്‍ത്തുന്ന വിപണി ഈ വാരം കുതിപ്പിനു നീക്കം നടത്താം. ടോക്കോമില്‍ സാങ്കേതികമായി റബര്‍ ഓവര്‍ സോള്‍ഡ് മേഖലയില്‍ നീങ്ങിയതും തിരിച്ചു വരവിനുള്ള സാധ്യതകള്‍ക്ക് ശക്തി പകരുന്നുണ്ട്.

കുരുമുളക്

ഇന്ത്യന്‍ കുരുമുളക് വിപണിയില്‍ സാങ്കേതിക തിരുത്തല്‍ അനുഭവപ്പെട്ടു. അമിതമായി ഉയര്‍ന്നുനിന്ന അവധി നിരക്കുകള്‍ ഇടിഞ്ഞതിനിടയില്‍ പൊസിഷനുകള്‍ ഒഴിവാക്കാന്‍ ഊഹക്കച്ചവടക്കാര്‍ പരക്കം പായുകയാണ്.

പൊസിഷനുകള്‍ ഫെബ്രുവരിയിലേക്ക് സ്വിച്ച് ഓഫ് ചെയ്യുന്നതിനും അവര്‍ നീക്കം നടത്തി. ഇതിനിടയില്‍ അവധി വ്യാപാരത്തില്‍ നടന്ന കൃത്രിമങ്ങള്‍ എഫ്എംസിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഊഹക്കച്ചവടക്കാരുടെ ചുവടുവപ്പുകള്‍ കമ്മീഷന്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

പുതിയ സാഹചര്യത്തില്‍ വിദേശ ഓര്‍ഡറുകള്‍ക്ക് അവസരം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് കുരുമുളക് കയറ്റുമതി സമുഹം. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ വില ടണ്ണിനു 8000 ഡോളറില്‍ നിന്ന് 7500 ലേക്ക് താഴ്ന്നു. വിയറ്റ്നാം 6600 ഡോളറിനും ബ്രസീല്‍ 6700 ഡോളറിനും ഇന്തോനേഷ്യ 6800 ഡോളറിനും ക്വട്ടേഷന്‍ ഇറക്കി. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 1500 രൂപ ഇടിഞ്ഞ് 39,500 രൂപയായി. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 39,300 രൂപയില്‍ നിന്ന് 38,000 ലേക്ക് താഴ്ന്നു. കുരുമുളകിനു ആഭ്യന്തര വിപണിയില്‍ നിന്ന് പുതിയ ആവശ്യക്കാരില്ല.


ചുക്ക്

ചുക്ക് വില വീണ്ടും വര്‍ധിച്ചു. അറബ് രാജ്യങ്ങളുടെയും യുറോപ്പിന്റെയും തിരിച്ചു വരവ് ഉത്പന്നത്തിനു കരുത്തു സമ്മാനിച്ചു. കാര്‍ഷിക മേഖലയില്‍ നിന്നുള്ള ചുക്ക് നീക്കം കുറഞ്ഞ അളവിലാണ്. മീഡിയം ചുക്ക് 11000 രൂപയില്‍ നിന്ന് 13,000 ലേക്ക് കയറി. ബെസ്റ്റ് ചുക്ക് 12,500 രൂപയില്‍ നിന്ന് 14,500 രൂപയായി. ചുക്ക് വില ഉയരുമെന്ന് കഴിഞ്ഞവാരം ദീപിക വ്യക്തമാക്കിയിരുന്നു.

ഗ്രാമ്പൂ

ഗ്രാമ്പൂവിന്റെ ലഭ്യത ഉയരുകയാണ്. അടുത്ത മാസം വിപണിയിലേക്കുള്ള ഗ്രാമ്പൂവിന്റെ വരവ് ശക്തമാകാം. നിലവില്‍ കിലോഗ്രാമിനു 750 രൂപയില്‍ നീങ്ങുന്ന ഗ്രാമ്പൂ പുതിയ ചരക്കിന്റെ വരവോടെ അല്‍പ്പം പരുങ്ങലിലേക്ക് നീങ്ങാം. രാജ്യാന്തര വിപണിയില്‍ ഗ്രാമ്പൂ വില ടണ്ണിന് 9000 ഡോളറിലാണ്.

ശ്രീലങ്കന്‍ ചരക്കും അടുത്ത മാസം വില്‍പ്പനയ്ക്ക് സജ്ജമാകും. കൊളംബോ ചരക്ക് 7000 ഡോളറിനു ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് പല ഇറക്കുമതിസ്ഥാപനങ്ങളും. മെഡഗാസ്കര്‍, സാന്‍സിബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രാമ്പൂ രാജ്യാന്തരതലത്തില്‍ ഇപ്പോള്‍ ലഭ്യമാണ്. വിദേശ ചരക്ക് ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ കിലോഗ്രാമിനു 650 രൂപ വരെ വിലമതിക്കുമെന്നത് ആഭ്യന്തര മാര്‍ക്കറ്റിനു താല്‍ക്കാലികമായി താങ്ങ് പകരും.

ജാതിക്ക

ജാതിക്ക വില ചെറിയതോതില്‍ താഴ്ന്നു. ആഭ്യന്തര വ്യാപാരികള്‍ രംഗം വിട്ട താണ് വിലയെ ബാധിക്കുന്നത്. ജാതിക്ക തൊണ്ടന്‍ 300-325 രൂപയിലും തൊണ്ടില്ലാത്തത് 590-650 രൂപയിലും ജാതിപത്രി 650-950 രൂപയിലും വിപണനം നടന്നു.

നാളികേരം

നാളികേരോത്പന്ന വിപണി ചലന രഹിതമാണ്. വാങ്ങല്‍ താല്‍പര്യം മങ്ങിയതിനാല്‍ വെളിച്ചെണ്ണ വില 6000 രൂപയിലും കൊപ്ര 4150 ലും നിലകൊണ്ടു. കൊപ്രയാട്ട് വ്യവസായികളില്‍ നിന്ന് കാര്യമായ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടില്ല. ഇതിനിടയില്‍ ശബരിമല സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ തേങ്ങയ്ക്ക് ഡിമാണ്ട് പ്രതീക്ഷിക്കാം. ഇതു ഒരു പരിധി വരെ വില തകര്‍ച്ചയില്‍ നിന്ന് നാളികേരോല്‍പ്പന്നങ്ങളെ താങ്ങി നിര്‍ത്തും.

സ്വര്‍ണം

കേരളത്തില്‍ സ്വര്‍ണവില ചാഞ്ചാടി. പവന്‍ 23,720 രൂപയില്‍ നിന്ന് 23,760 ലേക്ക് ഉയര്‍ന്ന ശേഷം 23,600 രൂപയായി വെള്ളിയാഴ്ച ഇടിഞ്ഞു. എന്നാല്‍ വാരാന്ത്യം നിരക്ക് 23,680 ലേക്ക് മെച്ചപ്പെട്ടു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം വില അല്‍പ്പം താഴ്ന്നു. ഔണ്‍സിന് 1731 ഡോളറില്‍ നിന്ന് 1702 ലേക്ക് ഇടിഞ്ഞ ശേഷം 1714 ഡോളറിലാണ് വ്യാപാരം അവസാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.