ഫോണ്‍കോള്‍ ഉറവിടം ചോര്‍ത്താന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നു കമ്പനികള്‍ക്കു നിര്‍ദേശം
ഫോണ്‍കോള്‍ ഉറവിടം ചോര്‍ത്താന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നു കമ്പനികള്‍ക്കു നിര്‍ദേശം
Friday, February 1, 2013 10:08 PM IST
ന്യൂഡല്‍ഹി: ഫോണ്‍ കോളുകളുടെ ഉറവിടം സുരക്ഷാ ഏജന്‍സികള്‍ക്കു കൃത്യമായി ചോര്‍ത്തിയെടുക്കുന്നതിനുള്ള ലൊക്കേഷന്‍ ബേസ്ഡ് സെര്‍വറുകള്‍ (എല്‍ബിഎസ്) സ്ഥാപിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി.

ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എല്‍ബിഎസ് ഏര്‍പ്പെടുത്തുന്നതില്‍ കമ്പനികള്‍ കാലതാമസം വരുത്തുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ടെലികോം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ എല്‍ബിഎസ് സ്ഥാപിക്കുന്നത് തങ്ങള്‍ക്ക് വന്‍ബാധ്യത വരുത്തുമെന്നായിരുന്നു കമ്പനികളുടെ വാദം. ഇതിനു പകരം എന്‍ഹാസ്ഡ് സെല്‍ ഗ്ളോബല്‍ ഐഡന്റിറ്റി (ഇസിജിഐ) സംവിധാനം ഏര്‍പ്പെടുത്താമെന്നു ചില കമ്പനികള്‍ പറഞ്ഞുവെങ്കിലും ടെലികോം വകുപ്പ് അതു തള്ളി.


ജനസംഖ്യയും പ്രദേശത്തിന്റെ സ്വഭാവവും അനുസരിച്ച് 50 മുതല്‍ 300 മീറ്റര്‍ വരെ പരിധിയില്‍ 30-90 ശതമാനം കൃത്യതയോടെ ഉപയോക്താവിന്റെ വിവരം അറിയിക്കണമെന്നാണു നിര്‍ദേശം.

ടെലിക്കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് സെന്റര്‍ ഇതിനായി തയാറാക്കിയ എല്‍ബിഎസിന് ടെലികോം വകുപ്പ് അനുമതി നല്‍കുകയും ഈ സംവിധാനം സ്ഥാപിക്കണമെന്നു കമ്പനികള്‍ക്കു നിര്‍ദേശം നല്‍കുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.