യുണൈറ്റഡും ചെല്‍സിയും വീണു, സിറ്റിക്കു ജയം
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് നാണംകെട്ട പരാജയം. പോയിന്റു നിലയില്‍ മുന്നേറുകയായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നോര്‍വിച്ച് സിറ്റി 1-0ന് അട്ടിമറിച്ചപ്പോള്‍ ചെല്‍സിയെ വെസ്റ്റ് ബ്രോംവിച്ച് 2-1നും തകര്‍ത്തു. നോര്‍വിച്ചിന്റെ സ്വന്തം തട്ടകമായി കാരോ റോഡില്‍ ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വിയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുകൂട്ടരും ഗോളിനായി പൊരുതിയെങ്കിലും ഗോള്‍ വീണില്ല.

എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ പന്ത് ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ടീമുകള്‍ പരാജയപ്പെട്ടു. സ്വന്തം ആരാധകരുടെ മുന്നില്‍ കളിക്കുന്നതിന്റെ ആവേശം ഉള്‍ക്കൊണ്ട് നോര്‍വിച്ച് 60 മിനിറ്റില്‍ ചുവന്ന ചെകുത്താന്‍മാരുടെ പ്രതീക്ഷകള്‍ കീറിമുറിച്ച് ആന്റണി പിലികിംഗ്ടണ്‍ (60) പന്ത് ലക്ഷ്യത്തിലെത്തിച്ചു. യുണൈറ്റഡിന്റെ തട്ടകത്തില്‍ കളി പഠിച്ച താരമാണ് പിലികിംഗ്ടണ്‍. ഒരു ഗോള്‍ നേടിയതോടെ പ്രതിരോധത്തിലൂന്നിക്കളിച്ച നോര്‍വിച്ച് താരങ്ങള്‍ യുണൈറ്റഡിനെ ഗോള്‍ അടിപ്പിക്കുന്നതില്‍ നിന്നു തടഞ്ഞു. പിന്നീട് ഇരുടീമുകളും മികച്ച കളി പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടു. കളിയില്‍ മികച്ച പല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടുന്നതില്‍ ഫെര്‍ഗൂസന്റെ കുട്ടികള്‍ പരാജയമായി. ടോണ്‍സലൈറ്റിസിനെത്തുടര്‍ന്ന് സൂപ്പര്‍ സ്ട്രൈക്കര്‍ വെയ്ന്‍ റൂണി ഇല്ലാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്. പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ യുണൈറ്റഡ്.

വെസ്റ്റ്ബ്രോംവിച്ചിന്റെ സ്വന്തം കളിക്കളമായ ദ ഹോത്രോണ്‍സില്‍ നടന്ന മത്സരത്തില്‍ ചെല്‍സിക്ക് നാണംകെട്ട പരാജയം. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും വെസ്റ് ബ്രോംവിച്ച് പത്താം മിനിറ്റില്‍ ഷെയ്ന്‍ ലോംഗിലൂടെ ലക്ഷ്യം കണ്ടു. ഒരു ഗോള്‍ വീണെങ്കിലും തളരാതെ പൊരുതിയ നീലക്കുപ്പായക്കാര്‍ പന്തുകള്‍ ലക്ഷ്യത്തിലേക്കു പായിച്ചെങ്കിലും പലപ്പോഴും വെസ്റ്റ്ബ്രോം ഉയര്‍ത്തിയ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍, ഇതിനിടെ പലപ്പോഴും ഷെയ്ന്‍ ലോംഗ് പന്തുമായി ചെല്‍സിയുടെ ഗോള്‍ പോസ്റ്റിനരികിലെത്തിയെങ്കിലും ഗോളി പീറ്റര്‍ ചെക്കില്‍ തട്ടി പുറത്താകുകയായിരുന്നു.


ചെല്‍സിക്ക് ആശ്വാസം സമ്മാനിച്ചുകൊണ്ട് ഏഡന്‍ ഹസാര്‍ഡ് (39) ഹെഡറിലൂടെ ഗോള്‍ പോസ്റ്റിനു ആറു വാര അകലെനിന്നു തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയില്‍ പതിച്ചു. ഇരുടീമുകളും ഒരോ ഗോള്‍ വീതം നേടി ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയില്‍ തിരിച്ചെത്തിയ നീലക്കുപ്പായക്കാര്‍ വര്‍ധിത വീര്യത്തോടെ ഒരു ഗോള്‍കൂടി നേടി മത്സരം കൈയിലാക്കാന്‍ ശ്രമം നടത്തി. എന്നാല്‍, 50-ാം മിനിറ്റില്‍ ചെല്‍സിയുടെ സ്വപ്നങ്ങള്‍ തകര്‍ത്തുകൊണ്ട് വെസ്റ് ബ്രോം പീറ്റര്‍ ഓഡെംവിംഗിലൂടെ രണ്ടാം ഗോളും നേടി. യുണൈറ്റഡിന്റെ പരാജയം നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റര്‍ സിറ്റിക്കാണ് ഗുണമായത്.

അവര്‍ ആസ്റണ്‍ വില്ലയെ 5-0ന് തകര്‍ത്തു പോയിന്റുനിലയില്‍ ഒന്നാമതെത്തി. അര്‍ജന്റൈന്‍ താരങ്ങളായ കാര്‍ലോസ് ടെവസും സെര്‍ജി അഗ്യൂറോയും രണ്ടുഗോള്‍ വീതം നേടി. ഡേവിഡ് സില്‍വ (42) ആദ്യ ഗോള്‍ സ്വന്തമാക്കി.ഒരു ഗോള്‍ ലീഡുമായി ഒന്നാം പകുതി അവസാനിപ്പിച്ച ശേഷം സിറ്റിക്ക് അനുകൂലമായി ലഭിച്ച രണ്ടു പെനാല്‍റ്റികള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സെര്‍ജിയോ അഗ്യൂറോയ്ക്കും (52), കാര്‍ലോസ് ടെവസ് (65)നും കഴിഞ്ഞു. 67-ാം മിനിറ്റില്‍ അഗ്യൂറോ വീണ്ടും ഗോള്‍ നേടി സിറ്റിക്ക് 4-0ന്റെ ലീഡ് സമ്മാനിച്ചു. ഏഴുമിനിറ്റുകള്‍ക്കു ശേഷം കാര്‍ലോസ് ടെവസ് അഞ്ചാം ഗോളും നേടി സിറ്റിക്ക് മോഹിച്ച ജയവും അതോടൊപ്പം പോയിന്റുനിലയില്‍ മുന്നേറ്റവും നല്കി.

മറ്റൊരു മത്സരത്തില്‍ ലൂയിസ് സുവാരസിന്റെ രണ്ടു ഗോളുകളുടെ (47, 58) മികവില്‍ ലിവര്‍പൂള്‍ വിഗാന്‍ അത്ലറ്റിക്സിനെ 3-0ന് കീഴ്പ്പെടുത്തി. ഒരു ഗോള്‍ ജോസ് എന്റിക്കും നേടി.മറ്റു മത്സരങ്ങളില്‍ സ്വാന്‍സി സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെയും സതാംപ്ടണ്‍ ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിനെയും എവര്‍ട്ടണ്‍ റീഡിംഗിനെയും പരാജയപ്പെടുത്തി.

പന്ത്രണ്ട് മത്സരങ്ങളില്‍നിന്ന് 28 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതും അത്രതന്നെ മത്സരങ്ങള്‍ കളിച്ച മാഞ്ചസ്റര്‍ യുണൈറ്റഡ് 27 പോയിന്റുമായി രണ്ടാമതും 24 പോയിന്റുമായി ചെല്‍സി മൂന്നാമതും നില്‍ക്കുന്നു.