തൃണൂല്‍ യുപിഎ സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരും
Saturday, November 17, 2012 8:05 AM IST
കോല്‍ക്കത്ത: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വ്യക്തമാക്കി. തൃണമൂല്‍ എംപിമാരുടെ യോഗത്തിന് ശേഷം കോല്‍ക്കത്തയിലാണ് മമത ഇക്കാര്യം അറിയിച്ചത്.

യുപിഎ സര്‍ക്കാര്‍ പുറത്തുപോകേണ്ടത് രാജ്യത്തിന്റെ ആവശ്യമായതിനാലാണ് പാര്‍ട്ടി തീരുമാനമെടുത്തത്. പ്രമേയത്തെ എല്ലാ കക്ഷികളും പിന്തുണയ്ക്കണമെന്ന് മമത അഭ്യര്‍ഥിച്ചു.

നവംബര്‍ 22-നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനമാണ് വരാന്‍ പോകുന്നത്. വിലക്കയറ്റം, ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം, അഴിമതി തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പാര്‍ലമെന്റ് സമ്മേളമം പ്രക്ഷുബ്ധമായേക്കും.