ഇംഗ്ളീഷ് പ്രമീയര്‍ ലീഗ്: വമ്പന്‍മാര്‍ക്ക് തിരിച്ചടി
Saturday, November 17, 2012 9:30 PM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രമീയര്‍ ലീഗില്‍ വമ്പന്‍മാരായ ചെല്‍സിയ്ക്കും മാഞ്ചസ്റര്‍ യുണൈറ്റഡിനും തിരിച്ചടി. ചെല്‍സിയെ വെസ്റ് ബ്രോം അട്ടിമറിച്ചപ്പോള്‍ നോര്‍വിച്ച് സിറ്റിയ്ക്കു മുന്നിലാണ് മാഞ്ചസ്റര്‍ യുണൈറ്റഡ് നിരുപാധികം കീഴടങ്ങിയത്. യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍വിച്ച് നാണംകെടുത്തിയത്. ഇതേസമയം, ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു ചെല്‍സിക്കെതിരെ വെസ്റ് ബ്രോം വിജയമാഘോഷിച്ചു.

അറുപതാം മിനിറ്റില്‍ പില്‍ക്കിംഗ്ടണനാണ് നോര്‍വിച്ചിന്റെ വിജയശില്പിയായത്. അതേസമയം, ഷെയ്ന്‍ ലോംഗ്, പീറ്റര്‍ ഒഡെവിംഗി എന്നിവരാണ് വെസ്റ് ബ്രോമിനു വേണ്ടി ചെല്‍സിയുടെ നെഞ്ചില്‍ നിറയൊഴിച്ചത്. 39-ാം മിനിറ്റില്‍ ഏദന്‍ ഹസാഡിലൂടെ ചെല്‍സി ആശ്വാസഗോള്‍ നേടി. ഇതേസമയം, ആസ്റന്‍ വില്ലയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മാഞ്ചസ്റര്‍ സിറ്റി തകര്‍ത്തു. സെര്‍ജിയോ അഗ്വേരയുടെയും കാര്‍ലോസ് ടെവസിന്റെയും ഇരട്ട ഗോള്‍ മികവിലാണ് സിറ്റിയുടെ തകര്‍പ്പന്‍ ജയം. ഡേവിഡ് സില്‍വയാണ് സിറ്റിയുടെ ഓപ്പണിംഗ് ഗോള്‍ നേടിയത്. ഇതോടെ 12 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി മാഞ്ചസ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 27 പോയിന്റുമായി യുണൈറ്റഡ് രണ്ടാമതും 24 പോയിന്റുമായി ചെല്‍സി മൂന്നാം സ്ഥാനത്തുമാണ്.