ക​ക്കി ഡാമിന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി: പ​ന്പാ തീ​രത്ത് ജാഗ്രത
Share on Facebook
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ ക​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി. മൂ​ന്ന് ഷ​ട്ട​റു​ക​ളാ​ണ് വീ​ണ്ടും ഉ​യ​ർ​ത്തി​യ​ത്. പ​ന്പാ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

ഇ​ന്ന് രാ​വി​ലെ വ​രെ ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും 6.8 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് സെ​ക്ക​ൻ​ഡി​ൽ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ത് 2.81 ല​ക്ഷം ലി​റ്റ​റാ​യി കു​റ​ച്ചി​രു​ന്നു. ഇ​തോ​ടെ വീ​ണ്ടും അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി​യ​ത്.
കുടകിലെ പ്രളയ മേഖലകളിൽ കർണാടക മുഖ്യമന്ത്രി വ്യോമനിരീക്ഷണം നടത്തി
Share on Facebook
ബം​ഗ​ളൂ​രു: കു​ട​കി​ലെ പ്ര​ള​യ മേ​ഖ​ല​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി വ്യോ​മ​നി​രീ​ക്ഷ​ണം ന​ട​ത്തി. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു കു​ട​കി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ആറ് പേ​ർ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ നാ​ശം വി​ത​ച്ച കു​ട​കി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന, ക​ര​സേ​ന, നാ​വി​ക സേ​ന, അ​ഗ്നി​ശ​മ​ന​സേ​ന, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​വ​രു​ന്ന​ത്.

കു​ട​ക് നി​ല​വി​ൽ ഒ​റ്റ​പ്പെ​ട്ട​നി​ല​യി​ലാ​ണ്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും മം​ഗ​ളൂ​രു​വി​ൽ​നി​ന്നും കു​ട​കി​ലെ​ത്താ​ൻ സാ​ധി​ക്കി​ല്ല. നി​ല​വി​ൽ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ കു​ട​കി​ൽ തു​റ​ന്നു. നി​ര​വ​ധി പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​ര​ത്ത് ഞാ​യ​റാ​ഴ്ച​ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കും
Share on Facebook
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ബാ​ധി​ത ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ദു​ര​ന്ത ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീസു​ക​ൾ ഞാ​യ​റാ​ഴ്ച​ പ്ര​വ​ർ​ത്തി​ക്കും. ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​രു​ടെ ഹാ​ജ​ർ ഓ​ഫീ​സ് മേ​ധാ​വി​ക​ൾ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും ദു​ര​ന്ത ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.
മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു; ബാ​ണാ​സു​ര ഡാമിന്‍റെ ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി
Share on Facebook
വയനാട്: വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ ബാ​ണാ​സു​ര സാഗർ ഡാമിൽ ​നി​ന്നും ഒ​ഴു​ക്കിവിടുന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചു. 265 സെ​ൻ​റീ​മീ​റ്റ​ർ വ​രെ ഉ​യ​ർ​ത്തി​യ ഷ​ട്ട​റു​ക​ൾ ഇ​ന്ന് 30 സെ​ന്‍​റീ​മീ​റ്റ​റാ​യി താ​ഴ്ത്തി. ഇ​തോ​ടെ പ​ന​മ​രം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വെള്ളമിറങ്ങി തുടങ്ങി. പ​ന​മ​രം പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള കീ​ഞ്ഞു​ക​ട​വ്, പ​ര​ക്കു​നി, പാ​ലു​കു​ന്ന്, നീ​ര​ട്ടാ​ടി, കൊ​ള​ത്താ​റ ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഏ​ക​ദേ​ശം ഒ​ര​ടി​യോ​ളം കു​റ​ഞ്ഞു.

മ​ഴ​യു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ല​നു​സ​രി​ച്ച് ഡാമിൽ നിന്ന് വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​തി​ന്‍റെ തോ​തി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലു​ള്ള​വ​ർ വെ​ള്ളം പൂ​ർ​ണ​മാ​യും ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പു വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റ്റ​രു​തെ​ന്നും കെഎസ്ഇബി അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്.

ഡാമിന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​നെ​ത്തു​ട​ർ​ന്നു വെ​ള്ള​ത്തി​ലാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള 1,200 പേ​രാ​ണ് ഒ​ന്പ​ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത്. ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു താ​മ​സം മാ​റ്റി​യ കു​ടും​ബ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന വീ​ടു​ക​ളി​ൽ പ​ല​തും വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ആകെ 218 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 8,220 കു​ടും​ബ​ങ്ങ​ളി​ലെ 29,619 പേ​രാ​ണ് ക​ഴി​യു​ന്ന​ത്.
കേരളത്തിന് സഹായഹസ്തവുമായി എഎപി; ജനപ്രതിനിധികളുടെ ഒരു മാസത്തെ ശന്പളം നൽകും
Share on Facebook
ന്യൂഡൽഹി: പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തിന് സഹായഹസ്തവുമായി ആംആദ്മി പാർട്ടി. ആംആദ്മി പാർട്ടിയുടെ എല്ലാ ജനപ്രതിനിധികളും മന്ത്രിമാരും ഒരു മാസത്തെ ശന്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുമെന്ന് എഎപി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ അറിയിച്ചു. 10 കോടി രൂപ കേരളത്തിന് ധനസഹായം നൽകിയതായും കഴിഞ്ഞ ദിവസം കേജരിവാൾ അറിയിച്ചിരുന്നു.


ഇ​മ്രാ​ൻ ഖാ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു
Share on Facebook
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ൻ ക്രി​ക്ക​റ്റ് താ​ര​വും തെ​ഹ്റി​ക് ഇ ​ഇ​ൻ​സാ​ഫ്(​പി​ടി​ഐ) നേ​താ​വു​മാ​യ ഇ​മ്രാ​ൻ ഖാ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. പാ​ക്കി​സ്ഥാ​ന്‍റെ 22-ാം പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ണ് ഇ​മ്രാ​ൻ അ​ധി​കാ​ര​മേ​റ്റ​ത്. പ്ര​സി​ഡ​ന്‍റ് മം​നൂ​ൺ ഹ​സ​നാ​ണ് ഇ​മ്രാ​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.

പാ​ർ​ല​മെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യ പി​ടി​ഐ ചെ​റു​കി​ട പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് മു​ൻ ക്രി​ക്ക​റ്റ​ർ ന​വ​ജോ​ത് സിം​ഗ് സി​ദ്ദു​വും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മു​ഷാ​റ​ഫി​ന്‍റെ സൈ​നി​ക ഏ​കാ​ധി​പ​ത്യം അ​വ​സാ​നി​ച്ച​ശേ​ഷം പാ​ക്കി​സ്ഥാ​നി​ൽ ഭ​ര​ണ​ത്തി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രാ​ണ് ഇ​മ്രാ​ൻ ഖാ​ന്‍റേ​ത്. 2008ൽ ​പി​പി​പി​യും തു​ട​ർ​ന്ന് 2013ൽ ​പി​എം​എ​ൽ-​എ​ന്നും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു.
യുഎൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നാൻ അന്തരിച്ചു
Share on Facebook
ബേണ്‍: യുഎൻ മുൻ സെക്രട്ടറി ജനറലും നോബൽ ജേതാവുമായ കോഫി അന്നാൻ (80) അന്തരിച്ചു. സ്വിറ്റ്സർലൻഡിലായിരുന്നു അന്ത്യം. യുഎന്നിന്‍റെ ഏഴാം സെക്രട്ടറി ജനറലായിരുന്നു കോഫി അന്നാൻ. 1997 ജനുവരി മുതൽ 2006 ഡിസംബർ വരെയാണ് കോഫി അന്നാൻ സേവനമനുഷ്ഠിച്ചത്.

ഘാനയിൽനിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു കോഫി അന്നാൻ. 2001ലാണ് അദ്ദേഹം നോബൽ സമ്മാനത്തിന് അർഹനായത്.
പറവൂർ മേഖലയിൽ ഏഴായിരത്തോളം പേർ ഒറ്റപ്പെട്ടു
Share on Facebook
കൊച്ചി: പ്രളയത്തെ തുടർന്ന് എറണാകുളം ജില്ലയിലെ പറവൂർ മേഖലയിൽ ഏഴായിരത്തോളം പേർ ഒറ്റപ്പെട്ടതായി വി.ഡി. സതീശൻ എംഎൽഎ. ഇവരെ രക്ഷിക്കാൻ സഹായം അഭ്യർഥിച്ചിട്ട് ഒരു ഫലവുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ പറവൂരിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പള്ളിയിൽ അഭയം പ്രാപിച്ച ആറു പേർ മരിച്ചു. പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. നിരവധിപ്പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യാ​ൽ ക​യ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Share on Facebook
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്നു കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രു​ടെ അ​ടു​ത്ത് ഹെ​ലി​കോ​പ്റ്റ​റു​മാ​യി സൈ​ന്യം എ​ത്തി​യാ​ൽ അ​തി​ൽ ക​യ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഹെ​ലി​കോ​പ്റ്റ​റി​ൽ ക‍​യ​റി ര​ക്ഷ​പ്പെ​ടാ​ൻ മ​ടി​കാ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ ഹെ​ലി​കോ​പ​റ്റ​റി​ൽ ക​യ​റാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് സൈ​ന്യം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​വ​ർ ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഹെലികോപ്റ്ററും ബോട്ടുകളും ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി
Share on Facebook
കൊച്ചി: പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നടപടികൾ ഉൗർജിതമായി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഹെലികോപ്റ്ററും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

കേരളത്തിൽ പലയിടത്തും ഗോഡൗണുകളിലുള്ള അരിയും മറ്റും നശിച്ചു പോയതായി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ പ്രത്യേക സഹായം ലഭ്യമാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്രത്തിന്‍റെയും ഫലപ്രദമായ ഇടപെടൽ കൊണ്ടുമാത്രമാണ് ദുരന്തത്തിന്‍റെ വ്യാപ്തി കുറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഗുരുതരമായ അവസ്ഥയാണ് ചെങ്ങന്നൂരിലേത്. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ വേവലാതി കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പറവൂരിൽ പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് ആറ് പേർ മരിച്ചു
Share on Facebook
കൊച്ചി: വെള്ളപ്പൊക്കത്തെ തുടർന്നു പറവൂരിൽ പള്ളിയിൽ അഭയം പ്രാപിച്ച ആറ് പേർ മരിച്ചു. പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് ഇവർ മരിച്ചത്. നിരവധി പേർ പള്ളിയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.
പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടാ​ൻ കേ​ര​ള​ത്തി​ന് ഒ​ഡീ​ഷ​യു​ടെ കൈ​ത്താ​ങ്ങ്
Share on Facebook
ഭു​വ​നേ​ശ്വ​ർ: പ്ര​ള​യം ദു​ര​ന്തം വി​ത​ച്ച കേ​ര​ള​ത്തി​ന് ഒ​ഡീ​ഷ​യു​ടെ കൈ​ത്താ​ങ്ങ്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​ഡീ​ഷ സ​ർ​ക്കാ​ർ അ​ഞ്ച് കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​കാ​ണ് സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നാ​ണ് പ​ണം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 245 അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ബോ​ട്ടു​ക​ളും ഒ​ഡീ​ഷ സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചു.
കേരളത്തിന് നാലു കോടി രൂപ ധനസഹായവുമായി ഷാർജ ഭരണാധികാരി
Share on Facebook
ദുബായ്: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് സഹായവുമായി ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലു കോടി രൂപ ഉടൻ കൈമാറുമെന്ന് അദ്ദേഹത്തിന്‍റെ സാന്പത്തികകാര്യ ഉപദേഷ്ടാവ് അറിയിച്ചു.

നേരത്തേ, കേരളത്തിന് സഹായവുമായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്തെത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം മലയാളത്തില്‍ ട്വീറ്റ് ചെയ്തു.
കണ്ണൂരിൽ മഴയ്ക്ക് ശമനം
Share on Facebook
ക​ണ്ണൂ​ർ: മഹാപ്രളയത്തിൽ വിറങ്ങലിച്ചു നിന്ന കണ്ണൂർ ജില്ലയിൽ മഴയ്ക്ക് ശമനം. മ​ഴ ​കു​റ​ഞ്ഞെ​ങ്കി​ലും വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ച​ലു​ണ്ട്. ആ​ല​ക്കോ​ട്-​ഒ​റ്റ​ത്തൈ റോ​ഡി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്ക​യാ​ണ്. ആ​ല​ക്കോ​ട്, ഉ​ദ​യ​ഗി​രി, ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പുലർച്ചെ മഴ പെയ്തു. ഇ​രി​ട്ടി, പേ​രാ​വൂ​ർ, കൊ​ട്ടി​യൂ​ർ മേ​ഖ​ല​യി​ൽ മ​ഴ കു​റ​ഞ്ഞി​ട്ടു​ണ്ട്.

പ​യ്യ​ന്നൂ​ർ പെ​രു​ന്പ​യി​ൽ ഇ​ന്നു പു​ല​ർ​ച്ചെ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. ആളപായമുണ്ടായിട്ടില്ല. ജി​ല്ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലും പേ​മാ​രി​യും തീ​ർ​ത്ത പ്ര​ള​യ​ക്കെ​ടു​തിയിൽ ഏ​റ്റ​വു​മ​ധി​കം നാ​ശം വി​ത​ച്ച അ​യ്യ​ൻ​കു​ന്ന് ​പ​ഞ്ചാ​യ​ത്തി​ൽ നൂ​റി​ല​ധി​കം വീ​ടു​ക​ൾ തകർന്നു. ജില്ലയിൽ വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
വെ​ള്ള​പ്പൊ​ക്കം: ഗ​ൾ​ഫി​ലേ​ക്ക് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന വി​മാ​ന ക​ന്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
Share on Facebook
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്നു നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തോ​ടെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി ഗ​ൾ​ഫി​ലേ​ക്ക് പോ​കു​ന്ന​വ​രി​ൽ​നി​ന്ന് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന വി​മാ​ന ക​ന്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തി​നെ തു​ട​ർ​ന്നു ബം​ഗ​ളൂ​രു​വി​ൽ നി​ന്നും മ​റ്റും ഗ​ള്‍​ഫി​ലേ​ക്ക് പോ​കു​ന്ന​വ​രി​ൽ​നി​ന്നും അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന കാ​ര്യം സം​സ്ഥാ​നം കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ച്ചി വി​മാ​ന​ത്താ​വ​ളം അ​ട​യ്ക്കു​ന്ന​തി​ന് മു​ൻ​പു​ള്ള നി​ര​ക്കേ ഈ​ടാ​ക്കാ​വൂ എ​ന്ന് വി​മാ​ന ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ അതീവജാഗ്രത
Share on Facebook
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

24 മണിക്കൂറിനുള്ളിൽ ഒറീസ പശ്ചിമബംഗാൾ തീരത്ത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതിനാൽ തിങ്കളാഴ്ചവരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പ്രളയക്കെടുതി തുടരുകയാണ്. ചെങ്ങന്നൂർ, കുട്ടനാട്, ആലുവ, ചാലക്കുടി മേഖലകളിലുള്ളവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. എല്ലായിടങ്ങളിലും യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.

ദുരന്തനിവാര അഥോറിറ്റിയുടെ മുന്നറിയിപ്പ്

1. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം

2. ബീച്ചുകളിൽ കടലിൽ ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം

4. മലയോര മേഘലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനനങ്ങൾ നിർത്താതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം

5. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം

6. ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

7. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കുവാൻ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക

9. കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.
പാലക്കാട് ആഴ്ചകൾക്ക് ശേഷം വെയിൽ തെളിഞ്ഞു
Share on Facebook
പാലക്കാട്: ആഴ്ചകൾക്ക് ശേഷം പാലക്കാടിന്‍റെ വിവിധ പ്രദേശങ്ങളിൽ വെയിൽ തെളിഞ്ഞത് ആശ്വാസമായി. മഴയ്ക്ക് വലിയതോതിൽ ശമനമുണ്ടായിട്ടുണ്ട്. ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് ഒഴിഞ്ഞിട്ടുണ്ട്. പട്ടാന്പി പാലത്തിന് മുകളിൽ കയറിയ വെള്ളം താഴ്ന്നു. ഇതുവഴി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.

ദേശീയപാതയിൽ കുതിരാനിൽ മണ്ണിടിഞ്ഞു വീണ് രണ്ടു ദിവസമായി തടസപ്പെട്ടിരുന്ന ഗതാഗതം കഴിഞ്ഞ രാത്രി പുനസ്ഥാപിച്ചിരുന്നു. ചെറിയ വാഹനങ്ങൾ ദേശീയപാത വഴി കടത്തിവിടുന്നത് ആശ്വാസമായി. ആയിരക്കണക്കിന് വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു.

വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കഐസ്ആർടിസി മണ്ണാർക്കാട് വഴി കോഴിക്കോട്ടേക്ക് സർവീസ് തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പാലം വഴി തൃശൂരിലേക്ക് സർവീസുകൾ ആരംഭിച്ചു. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. വെള്ളം കയറിയ പാലക്കാട് നഗരത്തിലെ സ്ഥലങ്ങളിൽ ശുചീകരണ ജോലികളും പുരോഗമിച്ചുവരികയാണ്.

അതേസമയം നെല്ലിയാന്പതി മേഖല ഒറ്റപ്പെട്ട അവസ്ഥയിൽ തന്നെയാണ്. നെല്ലിയാന്പതി-നെ·ാറ റോഡ് തകർന്നതിനാൽ മേഖലയിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. മേഖലയിൽ നാലായിരത്തോളം കുടുംബങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവർക്ക് ഭക്ഷണം എത്തിക്കാൻ പോലും സാധിക്കാത്ത ഗുരുതരമായ സ്ഥിതിയുണ്ട്.

മഴ കുറഞ്ഞെങ്കിലും പാലക്കാട്ടെ ഡാമുകളൊന്നും അടച്ചിട്ടില്ല. മലന്പുഴ ഡാമിൽ നിന്നും വെള്ളം നിയന്ത്രിത അളവിൽ തുറന്നുവിടുന്നത് തുടരുമെന്ന് കഐസ്ഇബി അറിയിച്ചിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാകുന്നത് വരെയാകും വെള്ളം തുറന്നുവിടുക. തമിഴ്നാട്ടിലെ ആളിയാർ ഡാം തുറന്നുവിട്ടതിനാൽ ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു തന്നെയാണ്. ഭാരപ്പുഴയിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാൽ മഴയൊഴിഞ്ഞെങ്കിലും ജില്ലയിലെ ഗ്രാമീണ മേഖലകളിലെ പാടങ്ങളിലെല്ലാം വലിയ വെള്ളക്കെട്ടുണ്ട്.

വരും ദിവസങ്ങളിലും മഴ മാറി നിന്നാൽ പാലക്കാട് സാധാരണ നിലയിലേക്ക് മടങ്ങിവരും. അട്ടപ്പാടി ചുരത്തിലും മണ്ണാർക്കാട്ടെ മലയോര മേഖലയിലും വലിയ തോതിൽ റോഡ് തകർന്നിട്ടുണ്ട്. ഇവടങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും അറിയിച്ചിട്ടുണ്ട്.
ആലുവയിൽ പെട്രോൾ പന്പിന് തീപിടിച്ചു
Share on Facebook
കൊച്ചി: ആലുവയിൽ പെട്രോൾ പന്പിന് തീപിടിച്ചു. ഫയർഫോഴ്സ് തീയണയ്ക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.
ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Share on Facebook
തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത മേ​ഖ​ല​ക​ളി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര​മൊ​രു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചെ​ങ്ങ​ന്നൂ​ർ, ചാ​ല​ക്കു​ടി, പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​ന് എ​ല്ലാ​വ​രും സ​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ഭ​ക്ഷ​ണ​വും വെ​ള്ള​വും മ​രു​ന്നു​മാ​യാ​ണ് ഈ ​വാ​ഹ​ന​ങ്ങ​ൾ കോ​ഴി​ക്കോ​ട്ടു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​ത്തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
വേന്പനാട്ടു കായലിലെ എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ നിർദേശം
Share on Facebook
ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതം രൂക്ഷമായതിനെ തുടർന്ന്‌ വേന്പനാട് കായലിൽ വെറുതേ കിടക്കുന്ന എല്ലാ ബോട്ടുകളും രക്ഷാപ്രവർത്തനത്തിനായി പിടിച്ചെടുക്കാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർദേശിച്ചു.

ബോട്ട് ഓടിക്കാൻ തയാറാകാത്ത ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മന്ത്രിയുടെ നിർദേശത്തിനു പിന്നാലെ വേമ്പനാട്ട് കായലില്‍ വെറുതെ കിടക്കുന്ന ബോട്ടുകള്‍ ഉദ്യോഗസ്ഥർ പിടിച്ചെടുക്കാന്‍ തുടങ്ങി.
വെള്ളപ്പൊക്കം: വ്യാജപ്രചരണം നടത്തിയവർക്കെതിരെ കേസ്
Share on Facebook
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​ര​ന്ത​ത്തി​നി​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള​ൾ വ​ഴി വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വ്യാ​ജ പ്ര​ച​ര​ണ പോ​സ്റ്റു​ക​ളെ കു​റി​ച്ച് സൈ​ബ​ർ ഡോം ​ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഐ.ജി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പൊ​ട്ടി എ​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഐ​ജി അ​റി​യി​ച്ചു.

കൂ​ടാ​തെ ഭീ​തി ജ​നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ യൂ​ട്യൂ​ബ് വ​ഴി പ്ര​ച​രി​പ്പി​ച്ച വി​ഡി​യോ​ക​ളും ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളും സൈ​ബ​ർ ഡോം ​നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.
അ​ഗ​സ്ത്യ​വ​ന​ത്തി​ൽ ആ​ദി​വാ​സി​ക​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ
Share on Facebook
തിരുവനന്തപുരം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അ​ഗ​സ്ത്യ​വ​ന​ത്തി​ലെ ആ​ദി​വാ​സി​ക​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി. താ​ഴെ​യു​ള്ള പാ​റ്റാം​പാ​റ സെ​റ്റി​ൽ​മെ​ന്‍റ് മു​ത​ൽ പു​ര​വി​മ​ല, ചോ​നംപാ​റ വ​രെ​യു​ള്ള​വ​രാണ് ദുരിതത്തിലായത്. പാ​റ്റാം​പാ​റ, പ്ലാ​ത്ത്, ഇ​ളം പ്ലാ​ത്ത്, അ​ണ​കാ​ൽ തു​ട​ങ്ങി 10 സെ​റ്റി​ൽ​മെ​ന്‍റുക​ൾ പൂ​ർണമായും ഒറ്റപ്പെട്ട നിലയിലാണ്.

ഇവിടേയ്ക്കുള്ള പാ​ത​ക​ൾ ത​ക​ർ​ന്നു. ന​ദി​ക​ൾ വ​ഴി മാ​റി ഒ​ഴു​കു​ന്ന​തി​നാ​ൽ ആ​ർ​ക്കും പോ​കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ്. പു​ര​വി​മ​ല​യി​ൽ ക്യാ​മ്പ് തു​റ​ന്നെ​ങ്കി​ലും നെ​യ്യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തു​കാ​ര​ണം നെ​യ്യാ​ർ ക​ട​ന്ന് ആ​ദി​വാ​സി​ക​ൾ​ക്ക് ഇ​വി​ടെ എ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. നെ​യ്യാ​ർ ന​ദി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യ ക​ട​ത്തുവ​ള്ളം ഒ​ന്നും​ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഇതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

അതിനിടെ വെള്ളിയാഴ്ച അല്പം ശമിച്ച മഴ ഇന്ന് പുലർച്ചെ ശക്തമായതും തിരിച്ചടിയായി. മഴ കുറഞ്ഞതോടെ അടച്ച നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്നുണ്ട്.
ചെ​ങ്ങ​ന്നൂ​രി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ
Share on Facebook
ചെ​ങ്ങ​ന്നൂ​ർ: മ​ഴ​ക്കെ​ടു​തി ഏ​റ്റ​വും കു​ടു​ത​ൽ ദു​ര​തം വി​ത​ച്ച ചെ​ങ്ങ​ന്നൂ​രി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ മാ​ത്രം കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്.

ഒ​റ്റ​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്ത​നാ​യി നാ​ല് ഹെ​ലി​കോ​പ്റ്റ​റു​ക​ളെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. 15 സൈ​നി​ക ബോ​ട്ടു​ക​ളും 65 മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും ചെ​ങ്ങ​ന്നൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്.

ക​ര​സേ​ന​യു​ടെ നൂ​റ് അം​ഗ​ങ്ങ​ള​ട​ങ്ങി​യ നാ​ല് ടീ​മു​ക​ളും ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​ർ​ക്ക് ഹെ​ലി​കോ​പ്റ്റ​റി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കാ​നും സൈ​ന്യം ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്.
കു​ട​കി​ലും പ്ര​ള​യം: ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി
Share on Facebook
കു​ട​ക്: ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ലും മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​കു​ന്നു. ഇ​ന്ന് രാ​വി​ലെ കു​ട​കി​ലെ മ​ടി​ക്കേ​രി സം​പാ​ജ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. സൈ​ന്യ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്. 180 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

വെ​ള്ളി​യാ​ഴ്ച​യും കു​ട​കി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യി​രു​ന്നു. പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ട​നി​ല​യി​ലാ​ണ്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും മം​ഗ​ളൂ​രു​വി​ൽ​നി​ന്നും കു​ട​കി​ലെ​ത്താ​ൻ സാ​ധി​ക്കി​ല്ല. നി​ല​വി​ൽ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ കു​ട​കി​ൽ തു​റ​ന്നു. നി​ര​വ​ധി പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.
ഭക്ഷണവും കുടിവെള്ളവുമില്ലാതെ കുട്ടനാട്ടിൽ പതിനായിരങ്ങൾ കുരുങ്ങിക്കിടക്കുന്നു
Share on Facebook
കോട്ടയം: കുട്ടനാട്ടിൽ ഭക്ഷണക്ഷാമം അതിരൂക്ഷം. വീടുകൾ വെള്ളത്തിലായതിനെത്തുടർന്ന് ടെറസിലും പാലങ്ങളും അഭയം തേടിയിരിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണ് ഭക്ഷണത്തിനായി സഹായം തേടുന്നത്. സർക്കാർ സംവിധാനവും സന്നദ്ധ സംഘടനകളുടെ സഹായങ്ങളും ഒന്നുമാകുന്നില്ല.

റോഡും തോടും പാടവും ഒന്നായി ഇവിടെ കുത്തൊഴുക്കാണ്. വയോധികരും കുഞ്ഞുങ്ങളും സ്ത്രീകളും തുള്ളി വെള്ളം കിട്ടാതെ വിലപിക്കുന്നു. തെങ്ങുകളെ മൂടുംവിധം ഉയരത്തിൽ വെള്ളം കുത്തി ഒഴുകുന്നതിനാൽ ഇവർക്ക് ചങ്ങനാശേരിയിലോ മറ്റിടങ്ങളിലോ എത്തിപ്പെടാനാകുന്നില്ല. മരുന്നും ഭക്ഷണവും അടിയന്തിരമായി ഇവർക്ക് ലഭ്യമാക്കേണ്ടതുണ്ട്.

ഇന്ധനക്ഷാമത്തെത്തുടർന്ന് ബോട്ടുകളും വളളങ്ങളും മുൻദിവസങ്ങളിലേതുപോലെ ചങ്ങനാശേരിയിൽ എത്തുന്നില്ല. അടിയന്തിരമായ സഹായമാണ് കുട്ടനാട്ടിലെ ഓരോ ഗ്രാമങ്ങളിൽ നിന്നും ഉയരുന്നത്. ഹെലികോപ്ടർ നിരീക്ഷണവും അടിയന്തിര രക്ഷാപ്രവർത്തനങ്ങളും കുട്ടനാട്ടിൽ അടിയന്തിരമായി നടത്തണം.
കേരളത്തിലെ അവസ്ഥ നിരീക്ഷിച്ചു വരുന്നതായി യുഎൻ
Share on Facebook
യുണൈറ്റഡ് നേഷൻസ്: കേരളത്തിലെ പ്രളയക്കെടുതി നിരീക്ഷിച്ചു വരികയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവ് സ്റ്റീഫൻ ഡുജാറികാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിൽ 100 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോഴത്തേതെന്നും പ്രളയത്തിൽ നിരവധി ജീവൻ നഷ്ടപ്പെട്ടതിൽ ദുഖം രേഖപ്പെടുത്തുന്നതായും സ്റ്റീഫൻ ഡുജാറിക് കൂട്ടിച്ചേർത്തു.

അതേസമയം, സഹായത്തിനായി ഇന്ത്യ ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും സ്റ്റീഫൻ ഡുജാറിക് വ്യക്തമാക്കി.
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി
Share on Facebook
ന്യൂഡൽഹി: കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു ജനങ്ങളുടെ ഉപജീവനമാർഗവും ഭാവിയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കേരള മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസനിധിയിലേക്കു സംഭാവന നൽകാൻ എല്ലാവരും തയാറാകണമെന്നു കഴിഞ്ഞ ദിവസം രാഹുൽ ട്വിറ്ററിൽ കുറിച്ചിരുന്നു.


ചെങ്ങന്നൂരിൽ അടിയന്തര സഹായത്തിന് വിളിക്കാം ഈ നന്പരുകളിലേക്ക്..
Share on Facebook
ചെങ്ങന്നൂർ ഹെൽപ്പ് ലൈൻ നന്പരുകൾ:

9495003640
9495003630
8547611801
9605535658
8301093227
9400536261
9446727290
8848225104
9447453244
പ്ര​ള​യ​ത്തി​നി​ടെ ഇ​ടു​ക്കി​യി​ൽ പൂ​ഴ്ത്തി​വ​യ്പ് വ്യാ​പ​കം
Share on Facebook
ഇ​ടു​ക്കി: പ്ര​ള​യം ദു​ര​ന്തം വി​ത​ച്ച ഇ​ടു​ക്കി​യി​ൽ ഭ​ക്ഷ​ണ​ങ്ങ​ളും മ​രു​ന്നു​മി​ല്ലാ​തെ ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു. റോ​ഡു​ക​ൾ പ​ല​തും ത​ക​ർ​ന്ന​തി​നാ​ൽ ഇ​വി​ടേ​ക്ക് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തു​ന്നി​ല്ല. എ​റ​ണാ​കു​ള​ത്തു​നി​ന്നും നേ​ര്യ​മം​ഗ​ലം വ​ഴി​യാ​ണ് നേ​രി​യ തോ​തി​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ ക​ച്ച​വ​ട​ക്കാ​ർ സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി​വ​യ്ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യു​ണ്ട്. സാ​ധ​ന​ങ്ങ​ൾ​ക്ക് കൂ​ടി​യ വി​ല ഈ​ടാ​ക്കു​ന്ന​തും വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഇ​ടു​ക്കി​യി​ൽ വെ​ള്ള​ത്തു​വ​ൽ, പ​ണി​ക്ക​ൻ​കു​ടി, മു​രി​ക്കാ​ശേ​രി, മ​ണി​യാ​റാ​ൻ​കു​ടി, കീ​രി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ൾ ഇ​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും മ​റ്റും നി​ര​വ​ധി​പേ​ർ ഭ​ക്ഷ​ണ​മി​ല്ലാ​തെ ക​ഴി​യു​ന്നു​ണ്ട്. കീ​രി​ത്തോ​ട് പ്ര​ദേ​ശ​ത്ത് ഭൂ​മി വീ​ണ്ടു കീ​റി​യ​തി​നാ​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പ് മാ​റ്റി​യി​ട്ടു​ണ്ട്.
സൈന്യത്തിന്‍റെ സഹായം ലഭിക്കാൻ വൈകിയെന്ന് കോടിയേരി
Share on Facebook
കൊച്ചി: കേരളത്തിലെ പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്‍റെ സഹായം ലഭിക്കാൻ വൈകിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിലവിൽ രക്ഷാപ്രവർത്തനം നല്ല രീതിയിൽ മുന്നേറുകയാണ്. സംസ്ഥാനത്തിൻരെ ഭരണം പട്ടാളത്തിനെ ഏൽപ്പിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.
ഇ​ടു​ക്കി-​ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്നു പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചു
Share on Facebook
ചെ​റു​തോ​ണി: ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചു. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി​യി​ൽ​നി​ന്നും തു​റ​ന്നു വി​ടു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് സെ​ക്ക​ൻ​ഡി​ൽ എ​ട്ട് ല​ക്ഷം ലി​റ്റ​റാ​യി കു​റ​ച്ചു. 15 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് ഇ​ന്ന് രാ​വി​ലെ വ​രെ തു​റ​ന്നു വി​ട്ടി​രു​ന്ന​ത്.

ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും നി​ല​വി​ൽ സെ​ക്ക​ൻ​ഡി​ൽ നാ​ല് ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് തു​റ​ന്നു വി​ടു​ന്ന​ത്. നേ​ര​ത്തെ 14 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​യി​രു​ന്നു സെ​ക്ക​ൻ​ഡി​ൽ ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും തു​റ​ന്നു​വി​ട്ടി​രു​ന്ന​ത്.

ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ച​തോ​ടെ പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് താ​ഴു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും സെ​ക്ക​ൻ​ഡി​ൽ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യി​രു​ന്ന ര​ണ്ട​ര ല​ക്ഷം ലി​റ്റ​ർ വെ​ള്ളം 55,000 ലി​റ്റ​റാ​യി കു​റ​ച്ചു. ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും 6.8 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് സെ​ക്ക​ൻ​ഡി​ൽ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യി​രു​ന്ന​ത്. ഇ​ത് 2.81 ല​ക്ഷം ലി​റ്റ​റാ​യി കു​റ​ച്ചു.
ഉപ്പുതോടിൽ ഉരുൾപൊട്ടലിൽ നാലു പേർ മരിച്ചു
Share on Facebook
ചെറുതോണി: ഇടുക്കി ചെറുതോണിയിൽ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ നാലു പേർ മരിച്ചു. ചെറുതോണിക്ക് സമീപം ഉപ്പുതോടിലാണ് സംഭവമുണ്ടായത്. അയ്യർകുന്നേൽ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്.

കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും ഉരുൾപൊട്ടി. 15 ജീവനക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസുകൾ മണ്ണിനടയിൽപ്പെട്ടു. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​നി​യെ​ങ്കി​ലും സൈ​ന്യ​ത്തെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Share on Facebook
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​നി​യെ​ങ്കി​ലും സൈ​ന്യ​ത്തെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സൈ​ന്യ​ത്തി​നു മാ​ത്ര​മേ പൂ​ർ​ണ​മാ​യ വി​ധ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു. പോ​ലീ​സി​നും അ​ഗ്നി​ശ​മ​ന​സേ​ന​യ്ക്കും പ​രി​മി​തി​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സൈ​ന്യ​ത്തെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തു​ക​യ​ല്ല. മ​റി​ച്ച് ഇ​നി​യെ​ങ്കി​ലും സൈ​ന്യ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​ൽ​പ്പി​ക്ക​ണം. രാ​ഷ്ട്രീ​യം മ​റ​ന്നാ​ണ് എ​ല്ലാ​വ​രും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഭ​ര​ണ​പ​ക്ഷ​ത്തേ​യും പ്ര​തി​പ​ക്ഷ​ത്തേ​യും എം​എ​ൽ​എ​മാ​ർ സ​ഹാ​യ​ത്തി​നാ​യി നി​ര​ന്ത​രം അ​ഭ്യ​ർ​ഥി​ക്കു​യാ​ണ്. ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ, വീ​ണാ ജോ​ർ​ജ്, വി.​ഡി. സ​തീ​ശ​ൻ, റോ​ഷി തു​ട​ങ്ങി​യ​വ​രെ​ല്ലാം സ​ഹാ​യം തേ​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആലപ്പുഴ നഗരത്തിലെ കനാലുകളിൽ വെള്ളം നിറയുന്നു
Share on Facebook
ആലപ്പുഴ: വേന്പനാട് കായലിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലപ്പുഴ നഗരത്തിലെ കനാലുകളിൽ വെള്ളം നിറയുന്നു. പല റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നതായാണ് റിപ്പോർട്ട്. കനാലുകളിലെ വെള്ളം ഒഴുക്കിവിടാൻ ബീച്ചിനടുത്തുള്ള പൊഴി മുറുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി നൽകുമെന്ന് പ്രധാനമന്ത്രി
Share on Facebook
കൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 500 കോടി രൂപ ഇടക്കാല ആശ്വാസമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കൊച്ചി വ്യോമസേന വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം.

നേരത്തേ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാനത്തിന് നൂറു കോടി രൂപ പ്രഖ്യാപിച്ചതിനു പുറമെയാണ് 500 കോടി അനുവദിച്ചിരിക്കുന്നത്. പ്രളയക്കെടുതി വിലയിരുത്താൻ വീണ്ടും കേന്ദ്ര സംഘത്തെ അയക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഹൈവേകൾ പുനർനിർമിക്കാൻ ദേശീയപാത അഥോറിറ്റിയോടും വൈദ്യുതി ടെലിഫോൺ പുനസ്ഥാപിക്കാനും പ്രധാനമന്ത്രി എൻഡിപിറ്റിസിയോട് നിർദേശിച്ചു.

കേരളത്തിൽ 19,519 കോടിയുടെ നഷ്ടമുണ്ടായതായാണ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ. 2,000 കോടി രൂപ ഇടക്കാല ആശ്വാസമായി നൽകണമെന്നും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെ ആവശ്യം.

നേരത്തേ, നാവികസേനാ ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ട് പറന്നുയർന്ന ഹെലികോപ്റ്റർ മോശം കാലാവസ്ഥയേത്തുടർന്ന് തിരിച്ചിറക്കിയിരുന്നു. പിന്നീട് കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
പ്രധാനമന്ത്രി പ്രളയ മേഖലകളിൽ വ്യോമനിരീക്ഷണം നടത്തുന്നു
Share on Facebook
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പ്ര​ള​യ​മേ​ഖ​ല​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ന്ദ​ർ​ശി​ക്കു​ന്നു. ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് മോ​ദി പ്ര​ള​യ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. നേ​ര​ത്തെ കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ്യോ​മ​നി​രീ​ക്ഷ​ണം റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ വീ​ണ്ടും വ്യോ​മ​നി​രീ​ക്ഷ​ണ​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആലുവ, കാലടി മേഖലയിലാണ് മോദി വ്യോമനിരീക്ഷണം നടത്തുന്നത്.

ഇ​ന്ന് രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​യേ​യും വ​ഹി​ച്ചു​കൊ​ണ്ട് പ​റ​ന്നു​യ​ർ​ന്ന ഹെ​ലി​കോ​പ്റ്റ​ർ മോ​ശം കാ​ലാ​വ​സ്ഥ​യേ​ത്തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യിൽ പ്ര​ത്യേ​ക അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജയ​ൻ, റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
കി​ട​ങ്ങ​റ പാ​ല​ത്തി​ൽ 300 പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്നു
Share on Facebook
ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ആ​ല​പ്പു​ഴ​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യ​തോ​ടെ കി​ട​ങ്ങ​റ​യി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. കി​ട​ങ്ങ​റ പാ​ല​ത്തി​ൽ മാ​ത്രം 300 പേ​രാ​ണ് അ​ഭ​യം പ്രാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പാലത്തിൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ആ​വ​ശ്യ​ത്തി​ന് ബോ​ട്ട് ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ത്തു​ന്ന ബോ​ട്ടി​ലേ​ക്ക് നി​ര​വ​ധി പേ​രാ​ണ് ഇ​ര​ച്ചു​ക​യ​റു​ന്ന​ത്. ഇ​തും അ​പ​ക​ടസാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായവുമായി ദുബായ് ഭരണാധികാരി
Share on Facebook
ദുബായ്: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായവുമായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്ത്. ദുരിതബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം മലയാളത്തില്‍ ട്വീറ്റ് ചെയ്തു.

കേരളത്തിനു വേണ്ടി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അറിയിച്ചു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു
Share on Facebook
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. 2401.50 അടിയാണ് നിലവിലെ ജലനിരപ്പ്.

ചെറുതോണിയിൽനിന്നും പുറത്തുവിടുന്ന വെള്ളത്തിന്‍റെ അളവും കുറച്ചു. സെക്കൻഡിൽ 1000 ഘനമീറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്.

ഇടമലയാർ അണക്കെട്ടിലും ജലനിരപ്പ് കുറയുകയാണ്. 168.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
കോട്ടയത്ത് കനത്ത മഴ; മീനച്ചിലാർ കരകവിഞ്ഞ് ഒഴുകുന്നു
Share on Facebook
കോട്ടയം: വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കോട്ടയം ജില്ലയിൽ വീണ്ടും കനത്ത മഴ. മീനച്ചിലാർ കരകവിഞ്ഞ് ഒഴുകുകയാണ്. കോട്ടയം നഗരത്തിൽ നാഗന്പടം അടക്കം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. എംസി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം പാലാ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം കയറിയിരുന്നു.
വീയപുരത്തു നിന്ന് രക്ഷാപ്രവർത്തനത്തിന് പോയ 10 പേരും സുരക്ഷിതർ
Share on Facebook
ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി വീയപുരത്തു നിന്ന് നിരണത്തേക്ക് പോയശേഷം കാണാതായ ബോട്ടിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരെന്ന് വിവരം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് വീയപുരത്തു നിന്ന് എട്ട് മത്സ്യത്തൊഴിലാളികളും രണ്ട് സൈനികരും ഉൾപ്പെടെയുള്ള 10 അംഗ സംഘം നിരണത്തേക്ക് തിരിച്ചത്.

എന്നാൽ വൈകിട്ട് ഏഴോടെ ഇവരെ കാണാതായെന്ന വിവരം പുറത്തുവന്നു. രാത്രി വൈകിയും ഇവർക്കായുള്ള തെരച്ചിൽ തുടർന്നിരുന്നു. എന്നാൽ പിന്നീട് കാലാവസ്ഥ മോടമായതിനേത്തുടർന്ന് തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറിനാണ് ഇവർക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചത്. തെരച്ചിൽ ആരംഭിച്ച് ഒരു മണിക്കൂറിനകം എടത്വ ഭാഗത്തു നിന്ന് ഇവർ സഞ്ചരിച്ച ബോട്ട് കണ്ടെത്തിയിരുന്നു. ഇത് കൂടുതൽ ആശങ്കകൾരക്ക് വഴിവച്ചിരുന്നു.

എന്നാൽ തെരച്ചിൽ തുടർന്ന് അൽപ സമയങ്ങൾക്കകം 10 പേരെയും കണ്ടെത്തുകയായിരുന്നു. അതേസമയം, ഭക്ഷണവും വെള്ളവും ലഭിക്കാതെ ഇവർ അവശരാണെന്നാണ് വിവരം. ഇവരം തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി
Share on Facebook
കൊച്ചി: പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി. മോശം കാലാവസ്ഥയേത്തുടർന്നാണ് നിരീക്ഷണം റദ്ദാക്കിയത്. തിരുവനന്തപുരത്തു നിന്ന് രാവിലെ ഏഴിന് കൊച്ചിയിലേക്ക് പുറപ്പെട്ട പ്രധാനമന്ത്രി ഇവിടെ നിന്ന് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനാണ് ഇരുന്നത്.

എന്നാൽ നാവികസേനാ ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ട് പറന്നുയർന്ന ഹെലികോപ്റ്റർ മോശം കാലാവസ്ഥയേത്തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. നിരവധിപ്പേരുടെ ജീവനെടുത്ത് ദിവസങ്ങളായി തുടരുന്ന പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സർക്കാരിന്‍റെയും പ്രതിപക്ഷത്തിന്‍റെയും അടക്കമുള്ള ആവശ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നിർണായകമായ വ്യോമനിരീക്ഷണം റദ്ദാക്കിയിരിക്കുന്നത്.

കൊച്ചി നാവിക ആസ്ഥാനത്ത് തുടരുന്ന പ്രധാനമന്ത്രി കാലാവസ്ഥ അനുകൂലമായ ശേഷം വ്യോമനിരീക്ഷണം നടത്തുമോ എന്ന വിവരം ലഭ്യമല്ല. മുഖ്യമന്ത്രി പിണറായി വിജയൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ഇപ്പോൾ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവർണർ പി.സദാശിവവും തമ്മിൽ നാവികസേനാ ആസ്ഥാനത്തെ ഓഫീസിൽ ചർച്ച നടത്തുകയാണ്. ഇതിനു ശേഷമേ മറ്റ് നടപടികൾ അറിയാനാകൂ.
വീയപുരത്തു നിന്ന് കാണാതായ ബോട്ട് കണ്ടെത്തി: ആളുകൾക്കായുള്ള തെരച്ചിൽ തുടരുന്നു
Share on Facebook
ആലപ്പുഴ: പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായി വീയപുരത്തു നിന്നും നിരണത്തേക്ക് പുറപ്പെട്ടതിനു ശേഷം കാണാതായ ബോട്ട് കണ്ടെത്തി. എടത്വ ഭാഗത്തു നിന്നാണ് ബോട്ട് കണ്ടെത്തിയത്. 10 പേരാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി ബോട്ടിൽ പുറപ്പെട്ടിരുന്നത്. ഇതിൽ എട്ടു പേർ മത്സ്യത്തൊഴിലാളികളും രണ്ടു പേർ സൈനികരുമാണെന്നാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ‌ തുടരുകയാണ്.
സംസ്ഥാനത്ത് വീണ്ടും കനത്ത മഴ: രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാകുന്നു
Share on Facebook
തിരുവനന്തപുരം/പത്തനംതിട്ട: പ്രളയക്കെടുതിയിൽപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ച് വീണ്ടും കനത്ത മഴ. തിരുവനന്തപുരം, ചെങ്ങന്നൂർ, തിരുവല്ല, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ ചില പ്രദേശങ്ങൾ, കോട്ടയം തുടങ്ങിയ ഇടങ്ങളിലാണ് പുലർച്ചെ മുതൽ വീണ്ടും മഴ കനത്തത്. രാവിലെ വിവിധയിടങ്ങളിൽ‌ രക്ഷാപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചങ്കിലും കാലാവസ്ഥ വീണ്ടും പ്രതികൂലമായതോടെ പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാവുയാണ്.

എറണാകുളം ജില്ലയിൽ ആലുവ യുസി കോളജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളം കയറിയതിനേത്തുടർന്ന് ഇവിടെ നിന്നും മാറ്റി. ആലുവയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. ആലുവ, മുപ്പത്തടം തുടങ്ങിയ വിവിധയിടങ്ങളിൽ‌ നിന്ന് രക്ഷപ്പെടുത്തുന്നവരെ കളമശേരിയിലേക്ക് എത്തിക്കുന്നതിന് മഴ തടസമാകുന്നുണ്ട്.

അതിനിടെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലും പങ്കെടുക്കും.

രാവിലെ രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ 25 ബോട്ടുകൾ എത്തുമെന്നാണ് വിവരം. ജോധ്പൂരിൽ നിന്നാണ് ബോട്ടുകൾ എത്തിക്കുക. ഇതിൽ 15 എണ്ണം ചെങ്ങന്നൂരിലേക്കും 10 എണ്ണം തിരുവല്ലയിലേക്കുമാണ് എത്തിക്കുക. രാവിലെ ആറിന് ബോട്ടുകളിൽ രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോഴും ബോട്ടുകൾ എത്തിയിട്ടില്ലെന്നാണ് വിവരം.
പ്രളയം: മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ രണ്ടു പേർ മരിച്ച നിലയിൽ
Share on Facebook
തൃശൂർ: വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവിടെ 1,500ലേറെപ്പേർ കുടുങ്ങിക്കിടക്കുകയായിരുന്നു.
കരസേനയുടെ 25 ബോട്ടുകൾ ഉടനെത്തും: ചെങ്ങന്നൂരിൽ തെരച്ചിൽ ഊർജിതമാക്കും
Share on Facebook
തിരുവനന്തപുരം: പതിനായിരങ്ങൾ ഒറ്റപ്പെട്ട ചെങ്ങന്നൂരിലേക്ക് കരസേനയുടെ 25 ബോട്ടുകൾ ഉടനെത്തും. ഇതോടെ ഈ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ജോധ്പൂരിലെ സൈനിക ആസ്ഥാനത്തു നിന്നാണ് ബോട്ടുകൾ എത്തിക്കുക. തിരുവനന്തപുരത്തെ വ്യോമസേനാ ആസ്ഥാനത്ത് എത്തിക്കുന്ന ബോട്ടുകൾ ട്രക്കുകളിൽ ആവശ്യ സ്ഥലങ്ങളിലെത്തിക്കുമെന്നാണ് വിവരം.

ചെങ്ങന്നൂരിലേക്ക് 15 ബോട്ടുകളും തിരുവല്ലയിലേക്ക് 10 ബോട്ടുകളുമാണ് കൊണ്ടുവരുന്നത്. അടിയൊഴുക്ക് കൂടുതലുള്ള ഭാഗങ്ങളിലേക്ക് ഈ ബോട്ടുകൾക്ക് പോകാനാകും എന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ അടിയൊഴുക്ക് കൂടുതലുള്ള ഭാഗങ്ങളിലേക്ക് ബോട്ടുകൾക്ക് എത്താനായിരുന്നില്ല. പ്രത്യേക പരിശീലനം നേടിയവർ രക്ഷാപ്രവർത്തനത്തിന് തിരിക്കുന്ന ബോട്ടുകളിൽ ഉണ്ടാകുമെന്നാണ് സൂചന.

ചാലക്കുടിയിലേക്കും ഇന്ന് ബോട്ടുകൾ എത്തിക്കും. ഇവിടേക്ക് എത്തുന്ന ബോട്ടുകൾ കരിപ്പൂർ വിമാനത്താവളത്തിലാണ് എത്തിക്കുക. അഞ്ച് ഹെലികോപ്റ്ററുകളും ഇന്ന് സംസ്ഥാനത്ത് എത്തുമെന്നാണ് വിവരം എത്തുമെന്നാണ് വിവരം. 13 ഹെലികോപ്റ്ററുകളാണ് നിലവിൽ സംസ്ഥാനത്ത് രക്ഷാപ്രവർത്തന രംഗത്ത് ഉള്ളത്.
ചെങ്ങന്നൂരിലെ അവസ്ഥ ഗുരുതരം: സൈന്യത്തെ ആവശ്യപ്പെട്ട് മന്ത്രിയും
Share on Facebook
ആലപ്പുഴ: പ്രളയക്കെടുതി നാശം വിതച്ച ചെങ്ങന്നൂരിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് മന്ത്രി ജി.സുധാകരൻ. രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കണമെന്ന് സുധാകരനും ആവശ്യപ്പെട്ടു. സജി ചെറിയാൻ പ്രകടിപ്പിച്ചത് ജനവികാരമാണെന്നും സുധാകരൻ പറഞ്ഞു.
പ്രളയക്കെടുതികൾ അറിയാൻ ദീപിക ഇ-പേപ്പർ സൗജന്യമാക്കി
Share on Facebook
കേരളം സമാനതകളില്ലാത്ത പ്രളയദുരിതം നേരിടുന്ന സാഹചര്യത്തിൽ വായനക്കാർക്ക് വാർത്തകളും വിവരങ്ങളും അറിയാൻ ദീപിക ഇ-പേപ്പർ വായനക്കാർക്ക് താത്കാലികമായി സൗജന്യമാക്കുകയാണ്.

പത്രം സൗജന്യമായി വായിക്കാം