തലസ്ഥാനത്തെ മാലിന്യ സംസ്കരണ പ്ളാന്റ് മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കും
Wednesday, November 14, 2012 5:39 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഗ്യാസിഫിക്കേഷന്‍ ടെക്നോളജി ഉപയോഗിച്ചുള്ള ആധുനിക മാലിന്യ സംസ്കരണ പ്ളാന്റുകള്‍ എത്തുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തൃശൂര്‍ എന്നീ ആറ് ജില്ലകളിലാണ് പ്രാരംഭ ഘട്ടമെന്ന നിലയില്‍ പ്ളാന്റ് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.

യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കാതെ പ്രവര്‍ത്തിക്കുന്ന പ്ളാന്റില്‍ നിന്നും വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കാനാകും എന്ന പ്രത്യേകതയും ഗ്യാസിഫിക്കേഷന്‍ ടെക്നോളജി പ്ളാന്റിന്റെ സവിശേഷതയാണ്. തിരുവനന്തപുരത്ത് ചാലയിലാണ് പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള പ്ളാന്റ് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം ഈമാസം തുടങ്ങുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. ഇപ്പോള്‍ ഡിസംബറില്‍ പ്ളാന്റ് സ്ഥാപിക്കാനുള്ള തറക്കല്ലിടല്‍ ചടങ്ങും അടുത്ത മാര്‍ച്ചോടെ ചാലയില്‍ പ്ളാന്റിന്റെ പ്രവര്‍ത്തനവും ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അന്തര്‍ദേശീയതലത്തില്‍ 23 പ്ളാന്റുകള്‍ സ്ഥാപിച്ച് പരിചയമുള്ള അമേരിക്കന്‍ കമ്പനിയായ ലോറോ ക്ളീന്‍ സിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ചാലയില്‍ പ്ളാന്റ് സ്ഥാപിക്കുന്നത്. ചാലയില്‍ ട്രിഡയുടെ കൈവശമുള്ള രണ്ട് ഏക്കര്‍ സ്ഥലത്താണ് പ്ളാന്റ് സ്ഥാപിക്കുന്നത്. 20 വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയിലാണ് ലോറോ കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചിട്ടുള്ളത്. സര്‍ക്കാരിന് പദ്ധതിയില്‍ യാതൊരു ചെലവും ഉണ്ടാകില്ല. പകരം കമ്പനി 15 ലക്ഷം രൂപ സര്‍ക്കാരിന് ഡെപ്പോസിറ്റായി നല്‍കും. ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ സാധാരണയായി ഉണ്ടാകാനിടയുള്ള മലിനജലം, മലിനവായു എന്നിവ ഫാക്ടറിയില്‍ നിന്നും പുറത്തു വരികയില്ല.

പൂര്‍ണമായും ടോപ്പ് റൂഫിംഗിലായിരിക്കും ഫാക്ടറി പ്രവര്‍ത്തിക്കുക. ദിവസേന 35 ടണ്‍ മാലിന്യം ഫാക്ടറിയില്‍ സംസ്കരിക്കാനാകുമെന്നാണ് പ്രതീക്ഷ. മാലിന്യം തരംതിരിക്കാതെ തന്നെ ഫാക്ടറിയില്‍ സംസ്കരിക്കാനാകും എന്ന പ്രത്യേകതയും ഈ ടെക്നോളജിയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ പ്ളാസ്റ്റിക് മാലിന്യങ്ങളും ഇതു വഴി സംസ്കരിക്കാനാകും. മാലിന്യ സംസ്കരണത്തിനൊപ്പം തന്നെ ഇതിലൂടെ വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കും. ഒരു യൂണിറ്റിന് 7 രൂപ 90 പൈസ നിരക്കില്‍ വൈദ്യുതി കമ്പനി ഇലക്ട്രിസിറ്റി ബോര്‍ഡിന് വില്‍ക്കും. വൈദ്യുതി വിറ്റ് ലഭിക്കുന്ന തുക മാത്രമാണ് ലോറോ കമ്പനിക്ക് ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ ലഭിക്കുന്നത്.

എന്നാല്‍ 7 രൂപ 90 പൈസയും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ ബാക്കി വരുന്ന തുക സര്‍ക്കാര്‍ നല്‍കാമെന്ന ധാരണയും നിലവിലുണ്ട്. ആറ് പ്ളാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ലഭിച്ചാല്‍ സംസ്ഥാനത്തിന് പ്രതിമാസം 90 ലക്ഷം രൂപ ഇതുവഴി ലാഭിക്കാനാകും. എറണാകുളത്ത് സ്ഥാപിക്കുന്ന പ്ളാന്റിന് ദിനംപ്രതി 300 ടണ്‍ മാലിന്യം സംസ്കരിക്കാനാകും. 2013 അവസാനത്തോടെ ആറ് ജില്ലകളിലേയും മാലിന്യ സംസ്കരണ പ്ളാന്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.