പാക്കിസ്ഥാനില്‍ യൂട്യൂബിനുള്ള വിലക്ക് നീക്കി; വീണ്ടും നിരോധിച്ചു
Saturday, December 29, 2012 9:27 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഇസ്ലാം വിരുദ്ധ സിനിമയുമായി ബന്ധപ്പെട്ട് വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യൂട്യൂബിനുള്ള വിലക്ക് നീക്കിയെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും നിരോധിച്ചു.

മൂന്ന് മാസം മുമ്പ് പുറപ്പെടുവിച്ച നിരോധനമാണ് പാക് സര്‍ക്കാര്‍ പിന്‍വലിച്ച ശേഷം ഒരു മണിക്കൂറിനകം വീണ്ടും പുനസ്ഥാപിച്ചത്. വിവാദ സിനിമയായ ഇന്നസെന്‍സ് ഓഫ് മുസ്ലീംസ് എന്ന വീഡിയോ ഇപ്പോഴും യൂട്യൂബില്‍ കാണാമെന്ന് ഒരു ടിവി ചാനലില്‍ റിപ്പോര്‍ട്ട് വന്നതോടെ പാക്കിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അഥോറിറ്റി നിരോധനം വീണ്ടും ഏര്‍പ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്‍ മന്ത്രി റഹ്മാന്‍ മാലിക് യൂട്യൂബ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. രാജ്യത്ത് ഏറെ പേര്‍ കാണാന്‍ താത്പര്യപ്പെടുന്ന സൈറ്റായതിനാല്‍ യൂട്യൂബിനേര്‍പ്പെടുത്തിയ വിലക്ക് മാറ്റണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ യൂട്യൂബിനേര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുമെന്ന് റഹ്മാന്‍ മാലിക് പറഞ്ഞിരുന്നു.