എബിവിപി സംസ്ഥാന നേതൃത്വത്തില്‍ അഭിപ്രായ ഭിന്നത
Thursday, January 31, 2013 5:10 PM IST
തൃശൂര്‍: എബിവിപിയുടെ സംസ്ഥാന നേതൃത്വത്തില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായി. തൃശൂരില്‍ നടന്ന സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ ഭാരവാഹികള്‍ രാജിവച്ചു. സംസ്ഥാന സെക്രട്ടറി എം. അനീഷ്കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ എം.ആര്‍. പ്രദീപ്, എ. രഞ്ജിത്ത്, ദേശീയ നിര്‍വാഹസമിതിയംഗം കെ. ഗണേഷ് എന്നിവരാണ് സംഘടനയില്‍നിന്നു രാജിവച്ചത്.

കുറച്ചുദിവസങ്ങളായി സംസ്ഥാനനേതൃത്വം ഏകാധിപത്യപരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിവച്ചതെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട സച്ചിന്‍ ഗോപാല്‍, വിശാല്‍കുമാര്‍ എന്നിവരുടെ കേസുമായി ബന്ധപ്പെട്ടാണ് അഭിപ്രായവ്യത്യാസം ഉണ്ടായത്. ഡിഗ്രി വിദ്യാര്‍ഥിയായ വിശാല്‍ കുമാറും ഡിപ്ളോമ വിദ്യാര്‍ഥിയായിരുന്ന സച്ചിനും പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധങ്ങള്‍ക്ക് ഇരയാകുകയായിരുന്നെന്നു നേതാക്കള്‍ പറഞ്ഞു. സച്ചിന്‍ എബിവിപിയുടെ കണ്ണൂര്‍ നഗര്‍ സമിതിയംഗവും വിശാല്‍ ചെങ്ങന്നൂര്‍ നഗര്‍ സമിതിയംഗവുമായിരുന്നു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ പ്രക്ഷോഭമായിരുന്നു എബിവിപി നടത്തിയിരുന്നത്.

എന്നാല്‍ പെട്ടെന്നു സമരം നിര്‍ജീവമായിരുന്നു. മറ്റാരുടെയോ താത്പര്യങ്ങള്‍ക്കു വഴങ്ങിയാണ് ഇത്തരത്തിലുള്ള നീക്കമുണ്ടായതെന്നു രാജിവച്ചവര്‍ പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട തങ്ങളെ ഒതുക്കുകയാണുണ്ടായതെന്നും വിദ്യാര്‍ത്ഥിസംഘടനയാണെങ്കിലും വാര്‍ധക്യം ബാധിച്ചവരുടെ ഭരണമാണ് സംഘടനയില്‍ നടക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. അതേസമയം ഭാരവാഹികളുടെ രാജി സംസ്ഥാനനേതൃത്വം നിഷേധിച്ചു. എല്ലാ വര്‍ഷവും നടക്കുന്നതുപോലെ നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി തെരഞ്ഞെടുക്കുക മാത്രമാണ് ഉണ്ടായതെന്നാണു നേതൃത്വത്തിന്റെ വാദം.