പാക്കിസ്ഥാനില്‍ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു; 40 പേര്‍ക്ക് പരിക്ക്
Friday, February 1, 2013 9:36 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പക്തൂംഖ്വ പ്രവിശ്യയിലെ ഹന്‍ജു ജില്ലയില്‍ തിരക്കേറിയ പാറ്റ് ബസാറിലെ ഒരു ആരാധനാലയത്തില്‍ വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞു പുറത്തിറങ്ങിയവരാണ് സ്ഫോടനത്തിനിരയായത്. 12 പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. 10 പേര്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്.

പരിക്കേറ്റ നാല്‍പതു പേരില്‍ ആറോളം പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ സ്ഫോടനമാണുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എട്ടു കിലോയോളം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന് ശേഷം ഇവിടെ നിന്നും പുറത്തുകടക്കാനുള്ള മാര്‍ഗങ്ങളും തടസപ്പെട്ടിരുന്നു. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും ഏതാനും പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.