മഹാരാഷ്ട്രയില്‍ രാജ് താക്കറേ അനുയായികളും എന്‍സിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം തുടരുന്നു
Wednesday, February 27, 2013 6:10 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ രാജ് താക്കറേയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ പ്രവര്‍ത്തകരും എന്‍സിപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. എംഎന്‍എസ് പ്രവര്‍ത്തകര്‍ ഇന്ന് വാഷിയില്‍ മുംബൈ -പൂനെ എക്സ്പ്രസ് പാത ഉപരോധിക്കുകയും കുര്‍ലയില്‍ ഒരു കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. രാവിലെ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തെ എന്‍സിപി ഓഫീസിലേക്ക് ബലംപ്രയോഗിച്ച് കടന്ന എംഎന്‍എസ് പ്രവര്‍ത്തകര്‍ ഓഫീസില്‍ അക്രമം നടത്തുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ട് രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് എന്‍സിപി പ്രവര്‍ത്തകര്‍ അക്രമം നടത്തിയതോടെയാണ് പരസ്യമായ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. താക്കറെയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് കല്ലേറ് നടത്തിയ എന്‍സിപി പ്രവര്‍ത്തകര്‍ താക്കറെയെ കരിങ്കൊടി കാട്ടുകയും ചെയ്തിരുന്നു. എന്‍സിപിയുടെ മുതിര്‍ന്ന നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു എന്‍സിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി പലയിടങ്ങളിലും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. പോലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടലിന്റെ ഫലമായി പുലര്‍ച്ചെയോടെ സംഘര്‍ഷം നിയന്ത്രിക്കാനും കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും ഒറ്റപ്പെട്ട പ്രതിഷേധവും അക്രവും അരങ്ങേറിയത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ പോലീസ് പ്രശ്നബാധിത പ്രദേശങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും വ്യക്തമാക്കി.