മുകേഷ് അംബാനിക്ക് ഭീഷണി; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Wednesday, February 27, 2013 10:18 AM IST
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കെതിരേ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹുദീന്‍ ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് അംബാനിക്കുനേരെ ഭീഷണിയുയര്‍ത്തിയിരിക്കുന്നത്. ഈ മാസം 24 ന് അംബാനിയുടെ മേക്കര്‍ ചേമ്പേഴ്സിലെ ഓഫീസില്‍ ഒരാള്‍ നേരിട്ടെത്തി ഭീഷണിക്കത്ത് അംബാനിയുടെ പേഴ്സണല്‍ സ്റാഫില്‍പ്പെട്ടയാള്‍ക്ക് കൈമാറുകയായിരുന്നു. കത്ത് പിന്നീട് അംബാനിയുടെ ഓഫീസ് മുംബൈ പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. ഇതേതുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈബ്രാഞ്ച് സംഘം റിലയന്‍സ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പിന്തുണ നല്‍കി റിലയന്‍സ് ഗ്രൂപ്പ് ഗുജറാത്തില്‍ നടത്തുന്ന നിക്ഷേപം ന്യൂനപക്ഷങ്ങളെ ഏറെ വേദനിപ്പിക്കുന്നതാണെന്ന് കൈപ്പടയില്‍ എഴുതിയ ഭീഷണികത്തില്‍ പറയുന്നു. അംബാനിയുടെ 27 നിലയുള്ള ആഡംബര വസതിയായ ആന്റിലക്കു നേര്‍ക്ക് ആക്രമണം നടത്തുമെന്നും കത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്. അറസ്റുചെയ്യപ്പെട്ട തങ്ങളുടെ പ്രവര്‍ത്തകനായ മുഹമ്മദ് ഡാനിഷ് അന്‍സാരിയെ വിട്ടയക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ബിഹാറിലെ ദാര്‍ബംഗ സ്വദേശിയായ ഡാനിഷ് അന്‍സാരിയെ, മൂന്നുവര്‍ഷം മുന്‍പ് ഭട്കല്‍ സഹോദരന്‍മാര്‍ക്ക് പാക്കിസ്ഥാനിലേക്ക് ഒളിച്ചുകടക്കുന്നതിനുമുന്‍പ് താമസസൌകര്യമേര്‍പ്പെടുത്തിയ കുറ്റം ചുമത്തി എന്‍ഐഎ സംഘം കഴിഞ്ഞമാസം കസ്റഡിലെടുക്കുകയായിരുന്നു.