ചാന്ദ്രദിനം 2019: സ്കൂൾ കുട്ടികൾക്കുള്ള സ്പേസ് ക്യാന്പ് തുടങ്ങി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ഫിസിക്സ് പഠനവകുപ്പും യുഎൽസിസിഎസുമായി ചേർന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന സ്പേസ് ക്യാന്പ് സർവകലാശാലാ ആര്യഭട്ട ഹാളിൽ തുടങ്ങി.
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അന്‍പതാം വാർഷികത്തോടനുബന്ധിച്ചാണ് പഠനക്യാന്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാന്പ് വിഎസ്എസ് മുൻ ശാസ്ത്രജ്ഞൻ വി.പി. ബാലഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഊരാളുങ്കൽ സഹകരണ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി മുഖ്യാതിഥിയായിരുന്നു. ബംഗ്ളൂരു ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി, ഡോ. ബക്ഷി, വകുപ്പ് മേധാവി ഡോ. എ.എം. വിനോദ്കുമാർ, ഡോ. എം.എം. മുഹമ്മദ് മുസ്തഫ, ഡോ. ടി. മുഹമ്മദ് ഷാഹിൻ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾക്ക് സ്പേസ് സയൻസിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന ക്യാന്പിൽ കോഴിക്കോട് എൻഐടിയിലെ ഡോ. സുജിത്ത്, ഇ.കെ. റഫീഖ്, ഡോ. പി.ജെ. ഭട്ട് തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞർ ക്ലാസുകൾ നയിക്കും.
കാലിക്കട്ട് സർവകലാശാലാ സ്പോർട്സ് കലണ്ടറായി
തേഞ്ഞിപ്പാലം: 201920 വർഷത്തേക്കുള്ള കാലിക്കട്ട് സർവകലാശാലയുടെ സ്പോർട്സ് കലണ്ടർ തയ്യാറായി. വിവിധ കോളജുകളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകരും സർവകലാശാലാ കായിക വകുപ്പ് അധ്യാപകരും പങ്കെടുക്കുന്ന യോഗത്തിലാണ് തീരുമാനമായത്. യോഗം പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ ഉദ്ഘാടനം ചെയ്തു. കായിക വകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്രധാന മത്സരങ്ങളും വേദികളും. ഫുട്ബോൾ (പുരുഷ, വനിത) സർവകലാശാലാ സ്റ്റേഡിയം, ക്രിക്കറ്റ്ശ്രീ കേരള വർമ്മ കോളേജ്, ഹാന്റ്ബോൾ (പുരുഷ) കോടഞ്ചേരി ഗവണ്മെന്റ് കോളജ്, ഹാന്റ്ബോൾ വനിത (വിമല കോളജ്), ഖൊഖൊ (പുരുഷ) ക്രൈസറ്റ് കോളജ്, ഖൊഖൊ (വനിത) പാലക്കാട് മേഴ്സി കോളജ്, വോളിബോൾ (പുരുഷ) എസ്എൻജിഎസ്, വോളിബോൾ (വനിത) സുൽത്താൻ ബത്തേരി സെന്റ് മേരീസ്, ആർച്ചറി (പുരുഷ, വനിത) പഴശിരാജ കോളജ്, അത് ലറ്റിക്സ് (കാലിക്കട്ട് സർവകലാശാല), അക്വാറ്റിക്സ് (ശ്രീ കേരളവർമ്മ കോളജ്), ബാഡ്മിന്റണ്‍ (പുരുഷ, വനിത) സെന്റ് ജോസഫ്സ് കോളജ്.
ബിസിനസ് ക്വിസ് നടത്തി
തേഞ്ഞിപ്പാലം: കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് റിട്ടയർ ചെയ്ത പ്രോവൈസ് ചാൻസലർ പ്രൊഫ. പി. മോഹന്റെ ബഹുമാനാർത്ഥം കൊമേഴ്സ് പഠനവകുപ്പും ഗവേഷക വിദ്യാർഥികളുടെ സംഘടനയായ ഗുരുവന്ദനയും ചേർന്ന് ബിസിനസ് ക്വിസ് സംഘടിപ്പിച്ചു. മത്സരത്തിൽ കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ കെ. ഋത്വിക് ഒന്നാം സ്ഥാനം നേടി. എം.എസ്. അഖിൽ ഘോഷ്, (തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്) രണ്ടും, വി.ആർ. ശരത് (കൊല്ലം ടികെഎംസിഇ കോളജ്) മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. കേരളത്തിലെ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ വിതരണം ചെയ്തു. രജിസ്ട്രാർ ഡോ. എം. മനോഹരൻ, വകുപ്പ് മേധാവി ഡോ. എം.എ. ജോസഫ്, ഡോ. ഇ.കെ. സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. എഫ്എസിടി ജനറൽ മാനേജർ അനിൽ രാഘവൻ ക്വിസ് മാസ്റ്ററായി.