പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും‘സ്വപ്ന’ പദ്ധതി
Thursday, July 9, 2020 12:49 AM IST
ഉമ്മൻ ചാണ്ടി സർക്കാറിനെ പിടിച്ചുലച്ച സോളാർ കേസിന് സമാനമായ രീതിയിലേക്കാണ് ഇപ്പോൾ സ്വർണക്കടത്തു കേസ് എത്തി നിൽക്കുന്നത്. കഴിഞ്ഞ നാലു വർഷം പലവിധ ആരോപണങ്ങളുമായി പ്രതിപക്ഷം വന്നെങ്കിലും അതിനെയെല്ലാം സർക്കാർ ഒരു വിധം ചെറുത്തു നിൽക്കുകയോ മറ്റു വിഷയങ്ങളിൽ മുങ്ങിപ്പോകുകയോ ചെയ്തിരുന്നു. പക്ഷേ ഇതൊരു ഇടിത്തീയാകാനാണ് സാധ്യത, കാരണം മാധ്യമങ്ങൾക്ക് കൊണ്ടാടാൻ പറ്റിയ തരത്തിൽ ഒരു സ്ത്രീ കടന്ന് വന്നത് ഈ വിഷയത്തിലാണ്. സോളാർ കേസ് ചാനലുകൾ മാസങ്ങളോളം ചർച്ച ചെയ്ത പോലാകുമോ ഇതും എന്നേ അറിയേണ്ടതുള്ളൂ.
ഏതായാലും പിണറായിക്ക് ഭരണത്തുടർച്ച എന്നത് ഒരു ചർച്ചയായതിൽ നിരാശയിലാണ്ടു പ്രതിപക്ഷത്തിന് ഇതൊരു പുത്തനുണർവു തന്നെയാണ്. മുൻപ് പ്രതിപക്ഷം കൊണ്ടുവന്നിരുന്ന പല ആരോപണങ്ങളും കുറച്ചു ദിവസം ചർച്ച ചെയ്ത് മാധ്യമങ്ങൾ ‘മറ്റിടങ്ങളിലേക്ക്’ പോയിരുന്നു. ഇത് സോളാർ കേസ് പോലെ കുറച്ചധികം വാർത്തകളും തെളിവുകളുമായി നിലനിൽക്കുകയാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് ഏറെക്കുറെ ഇതു തന്നെ മതിയാകും.
ബിഷർ കക്കാട്ടുപാറ, അൽ ഐൻ. (യുഎഇ)